ആസ്ട്രസെനേക വാക്സിൻ ചെറുപ്പക്കാർക്ക് നൽകേണ്ടെന്ന് ജർമനി; നടപടി രക്തം കട്ടപിടിക്കുന്നതായ റിപ്പോർട്ടുകളെ തുടർന്ന്
text_fieldsബർലിൻ: ആസ്ട്രസെനേക കോവിഡ് വാക്സിൻ 60 വയസിന് മുകളിലുള്ളവരിൽ മാത്രം ഉപയോഗിച്ചാൽ മതിയെന്ന് ജർമനി. ചെറുപ്പക്കാരിൽ രക്തം കട്ടപിടിക്കുന്നതായ റിപ്പോർട്ടുകളെ തുടർന്നാണ് വാക്സിൻ ഉപയോഗം മുതിർന്ന പൗരന്മാരിൽ മാത്രമായി പരിമിതപ്പെടുത്തിയത്. നേരത്തെ, കാനഡയും സമാന തീരുമാനം കൈക്കൊണ്ടിരുന്നു.
ജർമനിയുടെ വാക്സിൻ കമീഷന്‍റെ നിർദേശത്തെ തുടർന്നാണ് വാക്സിന് നിയന്ത്രണം ഏർപ്പെടുത്തിയത്. രക്തം കട്ടപിടിക്കുന്നതായ റിപ്പോർട്ടുകൾ വളരെ അപൂർവമാണെന്നും എന്നാൽ ഇത് ഗുരുതരമാണെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടതിനെ തുടർന്നാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് ജർമൻ ചാൻസലർ ആഞ്ജല മെർക്കേൽ പറഞ്ഞു.
നേരത്തെയും ഏതാനും യൂറോപ്യൻ രാജ്യങ്ങൾ ആസ്ട്രസെനേക വാക്സിൻ നിർത്തിവെച്ചിരുന്നു. എന്നാൽ, സുരക്ഷിതമാണെന്നാണ് ലോകാരോഗ്യ സംഘടനയും യൂറോപ്യൻ യൂണിയനും വ്യക്തമാക്കിയതോടെ വാക്സിനേഷൻ പുന:രാരംഭിച്ചിരുന്നു.
ജർമനിയിൽ വാക്സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ചവർക്ക് ഡോക്ടറുടെ വിശദ പരിശോധനക്ക് ശേഷം രണ്ടാമത്തെ ഡോസ് സ്വീകരിക്കാമെന്ന് അധികൃതർ വ്യക്തമാക്കി. 27 ലക്ഷം പേർക്കാണ് ജർമനിയിൽ ആസ്ട്രസെനേക വാക്സിന്‍റെ ആദ്യ ഡോസ് നൽകിയത്. തലച്ചോറിൽ രക്തം കട്ടപിടിക്കുന്നതായ 31 കേസുകളാണ് റിപ്പോർട്ട് ചെയ്തതെന്ന് സി.എൻ.എൻ റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യയിൽ ഇത്തരം പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആസ്ട്രസെനേക വാക്സിൻ സുരക്ഷിതമാണെന്നുമാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയത്. ആസ്ട്രസെനേകയും ഓക്സ്ഫോഡും ചേർന്ന് വികസിപ്പിച്ച വാക്സിനായ കോവിഷീൽഡ് ഉപയോഗിച്ചുള്ള വാക്സിനേഷൻ പദ്ധതി രാജ്യത്ത് പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.