പുനീതിന്‍റെ മരണം; ഹൃദയാരോഗ്യം പരിശോധിക്കാൻ ആശുപത്രിയിലേക്ക് യുവാക്കളുടെ ഒഴുക്ക്
text_fieldsബംഗളൂരു: സൂപ്പർ താരം പുനീത് രാജ്കുമാറിന്റെ അപ്രതീക്ഷിത വിയോഗത്തിെന്റ ഞെട്ടലിൽ നിന്ന് കന്നഡ നാട് ഇനിയും മുക്തി നേടിയിട്ടില്ല. ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ ഹൃദയാഘാതം വന്നായിരുന്നു സാൻഡൽവുഡിന്‍റെ സ്വന്തം പവർസ്റ്റാർ വിടപറഞ്ഞത്. ഇതിന് പിന്നാലെ ബംഗളൂരുവിലെ ആശുപത്രികളിൽ ഹൃദയാരോഗ്യം പരിശോധിക്കാൻ ആയിരങ്ങളാണ് ഒഴുകിയെത്തുന്നത്.
'കഴിഞ്ഞ മൂന്ന് ദിവസമായി നിരവധി രോഗികളാണ് ആശുപത്രിയിൽ എത്തുന്നത്. ദിവസം ഞങ്ങൾ 1000 രോഗികളെയായിരുന്ന ചികിത്സിച്ചിരുന്നത്. ഇപ്പോൾ ദിവസവും ഏകദേശം 1,800 രോഗികൾ വരുന്നുണ്ട്. ഇത് ഡോക്ടർമാർക്കും നഴ്സുമാർക്കും ആശുപത്രി സംവിധാനത്തിനും വലിയ സമ്മർദമാണ് സൃഷ്ടിക്കുന്നത്' -ശ്രീ ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോവാസ്കുലർ സയൻസസ് ആൻഡ് റിസർച്ച് ഡയറക്ടർ ഡോ. സി.എൻ. മഞ്ജുനാഥ് പറഞ്ഞു.
സംസ്ഥാനത്തെ മിക്ക കാർഡിയാക് ഡയഗ്‌നോസിസ് ആൻഡ് ട്രീറ്റ്‌മെന്‍റ് കേന്ദ്രങ്ങളിലും ആശുപത്രികളിലും തിരക്ക് വർധിച്ചിട്ടുണ്ട്. യുവാക്കളാണ് തങ്ങളുടെ ഹൃദയാരോഗ്യം വിലയിരുത്താനായി ഒ.പി ഡിപാർട്മെന്റുകളിൽ എത്തുന്നതെന്ന് മണിപ്പാൽ ഹോസ്പിറ്റൽസിലെ ഡോക്ടർ സുദർശൻ ബല്ലാൽ പറഞ്ഞു.
'കുടുംബ പാരമ്പര്യമായി ഹൃദയാഘാതമുള്ളവർ, രക്തസമ്മർദ്ദം, പ്രമേഹം, പുകവലി, ഉയർന്ന സമ്മർദം എന്നിവയുള്ളവരെ പരിശോധിക്കാം. ഹൃദയസംബന്ധമായ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട നെഞ്ചുവേദന വ്യത്യസ്തമാണെന്ന് ആളുകൾ മനസ്സിലാക്കണം' -മഞ്ജുനാഥ് പറഞ്ഞു.
പുനീതിന്‍റെ മരണത്തിന് പിന്നാലെ ജിമ്മുകളുമായി ബന്ധപ്പെട്ട് യുവാക്കൾക്കിടയിൽ നിരവധി വ്യാജവാർത്തകൾ പരക്കുന്നതായും അവ ശരിയല്ലെന്നും വിദഗ്ധർ പറഞ്ഞു.
'ജിമ്മിൽ പോയി കഠിനമായി വ്യായാമം ചെയ്താൽ ഹൃദയാഘാതം വരുമോ എന്ന ഭയമാണ് ഇപ്പോൾ ആളുകൾക്ക്. അത് ശരിയല്ല. ഹൃദയാഘാതവുമായി ജിമ്മിന് യാതൊരു ബന്ധവുമില്ല' -സ്റ്റീവ് ജിം ബെംഗളൂരു സ്ഥാപകൻ ഡി സ്റ്റീവ് പറഞ്ഞു.
ജിമ്മുകൾക്കുള്ള മാർഗനിർദേശങ്ങൾ തയ്യാറാക്കിവരികയാണ് കർണാടക സർക്കാർ. മാർഗനിർദ്ദേശങ്ങൾ തയാറാക്കാൻ ആരോഗ്യമന്ത്രി ഡോ. കെ. സുധാകർ ഡോ. ദേവി ഷെട്ടി, ഡോ. മഞ്ജുനാഥ് എന്നിവരുൾപ്പെടെ ഏതാനും ഹൃദ്രോഗ വിദഗ്ധരുമായി കൂടിയാലോചന നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.