കോവിഡ് വർധനയിൽ ഭയപ്പെടേണ്ടെന്ന് വിദഗ്ധർ; വന്നുപോകുന്നത് ജലദോഷപ്പനി പോലെ
text_fieldsതിരുവനന്തപുരം: മൂന്ന് മാസത്തെ ഇടവേളക്ക് ശേഷം കോവിഡ് കേസുകളിൽ നേരിയ വർധന കണ്ടുതുടങ്ങിയെങ്കിലും അമിതമായി ഭയപ്പെടേണ്ട കാര്യമില്ലെന്ന് ആരോഗ്യവിദഗ്ധർ. രോഗസ്ഥിരീകരണ നിരക്ക് 10 പിന്നിട്ടെങ്കിലും അധികപേരിലും ജലദോഷപ്പനി പോലെ വന്നുപോവുകയാണെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. കേസുകൾ വർധിക്കുന്നുണ്ടെങ്കിലും ആശുപത്രിയിലാകുന്നവരുടെ എണ്ണം കൂടിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
എല്ലാ പാൻഡമിക്കുകളും (മഹാമാരി) കെട്ടടങ്ങിയാലും എൻഡമിക്കായി (പ്രാദേശികമായി പതിവായി കണ്ടുവരുന്ന രോഗം) നിലനിൽക്കുമെന്നും ഇത്തരം വൈറസുകളെ വാക്സിനും ജീവിതരീതികളും മാസ്ക്, സാമൂഹികഅകലം പോലുള്ള ശീലങ്ങളും കൊണ്ടേ നിയന്ത്രിച്ച് നിർത്താനാകൂവെന്നും സർക്കാർ നിയോഗിച്ച കോവിഡ് വിദഗ്ധ സമിതി അധ്യക്ഷൻ ഡോ.ബി. ഇക്ബാൽ 'മാധ്യമ'ത്തോട് പറഞ്ഞു. മനുഷ്യരിൽ മാത്രം നിലനിൽക്കുന്ന വൈറസുകളെയേ വാക്സിനിലൂടെ പൂർണമായും നിർമാർജനം ചെയ്യാൻ കഴിയൂ. അങ്ങനെ രണ്ട് വൈറസുകളേയുള്ളൂ. പോളിയോയും വസൂരിയും. മറ്റ് വൈറസുകൾ മനുഷ്യരിലോ മറ്റ് ജീവജാലങ്ങളിലോ ചുറ്റുപാടിലോ നിലനിൽക്കും.
അതേസമയം ക്ലസ്റ്ററിങ് ഉണ്ടായാൽ ജനിതക ശ്രേണീകരണം നടത്തി പുതിയ വകഭേദമുണ്ടാകുന്നുണ്ടോ എന്ന് നോക്കണം. പുതിയ വകഭേദങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആദ്യം മുതലുള്ള കോവിഡ് വകഭേദങ്ങളുടെ ശ്രേണി പരിശോധിച്ചാൽ ഓരോന്ന് പിന്നിടുന്തോറും വ്യാപനശേഷി വർധിക്കുകയും പ്രഹരശേഷി കുറയുകയുമാണ്. പുതിയ വകഭേദമുണ്ടായാലും ഒമിക്രോണിനെക്കാൾ തീവ്രത കുറവായിരിക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാട്. മറ്റ് സംസ്ഥാനങ്ങളുമായി തരാതമ്യം ചെയ്യുമ്പോൾ ഉയർന്ന ജനസാന്ദ്രതയുള്ള സംസ്ഥാനമാണ് കേരളം. ഇത്തരമൊരു സംസ്ഥാനത്ത് എൻഡമിക്കായി നിലനിൽക്കുന്ന രോഗങ്ങളുടെ സാന്നിധ്യം താരതമ്യേന കൂടുതലായിരിക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
കൂടിച്ചേരലുകൾ വർധിച്ചതുകൊണ്ട് ഉണ്ടായ സ്വാഭാവിക വർധന -വീണ
തിരുവനന്തപുരം: കോവിഡ് വ്യാപനകാര്യത്തിൽ ദിനംപ്രതി അവലോകനം നടത്തുന്നുണ്ടെന്നും പലതരത്തിലുള്ള കൂടിച്ചേരലുകൾ കൂടിയത് കൊണ്ടുണ്ടായ സ്വാഭാവിക വർധനയാണ് ഇപ്പോഴുള്ളതെന്നും ആരോഗ്യമന്ത്രി വീണ ജോർജ് 'മാധ്യമ'ത്തോട് പറഞ്ഞു. കൃത്യമായ ജനിതകശ്രേണീകരണം നടത്തുന്നുണ്ട്. ഒമിക്രോണാണ് ഇപ്പോൾ പടരുന്നത്. പുതിയ വകഭേദങ്ങൾ കണ്ടെത്തിയിട്ടില്ല. ആശങ്കപ്പെടേണ്ട കാര്യമില്ലെങ്കിലും മാസ്ക്, സാമൂഹികഅകലം പോലുള്ള അടിസ്ഥാന പ്രതിരോധ നടപടികൾ തുടരണം. ഒപ്പം വാക്സിൻ കാര്യത്തിലും ആളുകൾ കൂടുതൽ ജാഗ്രത പുലർത്തണം.-മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.