നിപ നെഗറ്റിവ് ആയ നാലുപേരും വീട്ടിലേക്ക്
text_fieldsകോഴിക്കോട്: ജില്ലയിൽ നിപ പോസിറ്റിവ് ആയിരുന്ന ഒമ്പത് വയസ്സുള്ള കുട്ടി ഉൾപ്പെടെ നാലു പേരെയും അഞ്ചു ദിവസത്തെ ഇടവേളയിൽ രണ്ടുപ്രാവശ്യം പരിശോധന നടത്തിയതും നെഗറ്റിവ് ആയതിനെ തുടർന്ന് ആശുപത്രികളിൽനിന്ന് ഡിസ്ചാർജ് ചെയ്തതായി മന്ത്രി വീണ ജോർജ് വാർത്തസമ്മേളനത്തിൽ അറിയിച്ചു.
നിപ പ്രോട്ടോകോൾ പ്രകാരം തൊണ്ടയിലെ സ്രവം, രക്തം, മൂത്രം എന്നീ മൂന്ന് സാമ്പിളുകളാണ് പരിശോധിച്ചത്. ഈ മൂന്ന് സാമ്പിളും നെഗറ്റിവ് ആണെന്ന് കണ്ടെത്തി. ഇതിനെ തുടർന്നാണ് വെള്ളിയാഴ്ച നാലു പേരെയും ഡിസ്ചാർജ് ചെയ്തത്. കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽ ഒരാളും ഇഖ്റ ഹോസ്പിറ്റലിൽ ഒരാളും മിംസ് ആശുപത്രിയിൽ കുട്ടി അടക്കം രണ്ടുപേരുമാണ് ചികിത്സയിൽ ഉണ്ടായിരുന്നത്.
ഇഖ്റയിൽ ഉണ്ടായിരുന്ന ആരോഗ്യ പ്രവർത്തകൻ നേരത്തെ ഹോസ്റ്റലിൽ ആയിരുന്നു താമസിച്ചത്. ഇദ്ദേഹം പ്രത്യേക സംവിധാനത്തിൽ ഐസൊലേഷനിൽ തുടരും. മറ്റുള്ളവർ വീടുകളിലേക്ക് മടങ്ങി.
നാലുപേരും രോഗമുക്തരാണെങ്കിലും നിപ പ്രോട്ടോകോൾ പ്രകാരം അടുത്ത 14 ദിവസം ഇവർ ഐസോലേഷനിൽ കഴിയേണ്ടതുണ്ട്. വീട്ടിലേക്ക് പറഞ്ഞയക്കുന്നതിനു മുമ്പ് മെഡിക്കൽ ഓഫിസർമാരുടെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകർ അവരുടെ വീടുകളിൽ പോയി പൊതുശുചിത്വം ഉൾപ്പെടെയുള്ളവ പരിശോധിച്ചു. രോഗികളുമായി വിഡിയോ കോൾ വഴി സംസാരിച്ചതായി മന്ത്രി പറഞ്ഞു.
നിപ രോഗബാധയുടെ ആദ്യത്തെ കേസ് കണ്ടെത്താൻ കഴിഞ്ഞത് നേട്ടമായി. ഇതുമൂലം ആദ്യ കേസിൽനിന്ന് രോഗം പകർന്നവരിൽനിന്ന് മറ്റുള്ളവർക്ക് പകരാതെ രണ്ടാം തരംഗം ഉണ്ടാവാതെ സൂക്ഷിക്കാൻ കഴിഞ്ഞു. എല്ലാവരുടെയും കൂട്ടായ പരിശ്രമത്തിലൂടെ നിപ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞതായി മന്ത്രി പറഞ്ഞു.
നിലവിൽ സമ്പർക്ക പട്ടികയിലുള്ള 568 പേർ ഐസൊലേഷനിൽ ഉണ്ട്. ഇവരുടെ ഐസൊലേഷൻ ഒക്ടോബർ അഞ്ചിന് അവസാനിക്കും. സമ്പർക്ക പട്ടികയിലുള്ള 81 പേരെ വെള്ളിയാഴ്ച ഐസൊലേഷനിൽനിന്ന് ഒഴിവാക്കി. കൺട്രോൾ റൂമിന്റെ പ്രവർത്തനങ്ങൾ ഒക്ടോബർ 26 വരെ ഉണ്ടാവും.
സാധാരണ നിപയുടെ മരണനിരക്ക് 70 ശതമാനത്തിന് മുകളിൽ ആണെങ്കിലും ഇവിടെ മരണനിരക്ക് 33 ശതമാനം ആണ്. ജില്ലയിൽ വിവിധ വകുപ്പുകളുടെ കമ്യൂണിറ്റി സർവൈലൻസ് തുടരും. മൃഗങ്ങൾ അസാധാരണമായി ചത്തുപോകുന്ന സാഹചര്യം ഉൾപ്പെടെ പഠനവിധേയമാക്കും.
ജില്ലക്ക് പ്രത്യേകമായി ഒരു സ്റ്റാൻഡേർഡ് ഓപറേറ്റിങ് പ്രൊസീജ്യർ ഇതിന്റെ ഭാഗമായി തയാറാക്കിയിട്ടുണ്ട്. എൻ.ഐ.വി പുണെയുടെ മൊബൈൽ ലാബ് ഇവിടെ പ്രവർത്തിക്കുന്നതായും അവർ പരിശീലനം നൽകുന്നതായും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.