പേരിനൊരു ജില്ല ആശുപത്രി; രോഗികൾക്ക് ദുരിതം മാത്രം
text_fieldsആലുവ: വർഷങ്ങൾക്കുമുമ്പ് പേരിനൊരു ജില്ല പദവി മാത്രം ലഭിച്ച ആലുവ സർക്കാർ ആശുപത്രിയുടെ ദുരിതത്തിന് അറുതിയായില്ല. ജില്ല ആശുപത്രിയായി ഉയർത്തപ്പെട്ടെങ്കിലും താലൂക്ക് ആശുപത്രിയുടെ നിലവാരംപോലും ഇല്ലാത്ത സാഹചര്യമാണിവിടെ.
ജില്ലയിൽതന്നെ ഏറ്റവും തിരക്കേറിയ സർക്കാർ ആശുപത്രിയായ ഇവിടെ രോഗികൾ ദുരിതത്തിലാണ്. ആവശ്യത്തിന് ഡോക്ടർമാരും ജീവനക്കാരുമില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. ജനറൽ മെഡിസിൻ, ജനറൽ സർജറി, ശിശുരോഗ വിഭാഗം, നേത്രരോഗം തുടങ്ങിയ വിഭാഗങ്ങളിലാണ് ഡോക്ടർമാരുടെ കുറവുള്ളത്.
ജില്ല ആശുപത്രിയുടെ നിലവാരം വേണമെങ്കിൽ 60 ഡോക്ടർമാരെങ്കിലും വേണം. എന്നാൽ, പകുതിയോളം ഡോക്ടർമാരുടെ കുറവുണ്ട്. രണ്ട് ജൂനിയർ കൺസൾട്ടന്റുമാരടക്കം മൂന്ന് സർജന്മാരുടെ തസ്തികയാണ് വേണ്ടത്. ജനറൽ മെഡിസിനിൽ മൂന്ന് ഡോക്ടർമാരുടെ തസ്തിക വേണ്ടിടത്ത് ഒരാളേയുള്ളൂ. ശിശുരോഗ വിഭാഗത്തിൽ മൂന്ന് ഡോക്ടർമാരാണ് ആവശ്യമുള്ളത്. എന്നാൽ, ഒരു തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. നേത്രരോഗ വിഭാഗത്തിൽ മൂന്ന് തസ്തിക വേണ്ടിടത്ത് ഒരെണ്ണമാണ് അനുവദിച്ചിട്ടുള്ളത്. ഫോറൻസിക് സർജനില്ലാത്തതും ദുരിതമാകുന്നുണ്ട്. നഴ്സുമാരടക്കം 207 പാരാമെഡിക്കൽ ജീവനക്കാർ വേണ്ടിടത്തും കാര്യമായ കുറവ് അനുഭവപ്പെടുകയാണ്. നൂറോളം നഴ്സുമാർ വേണ്ടതുണ്ട്. എന്നാൽ, ഇതിൽ പകുതിയോളം തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്.
ആശുപത്രിയുടെ ഉത്തരവാദിത്തമുള്ള ജില്ല പഞ്ചായത്ത് അധികൃതർ ആശുപത്രിയിൽ ആവശ്യത്തിന് തസ്തികകൾ അനുവദിപ്പിക്കാൻ വർഷങ്ങളായി ശ്രമം തുടരുകയാണ്. 2011 ലാണ് താലൂക്ക് ആശുപത്രിയെ ജില്ല പഞ്ചായത്തിന് കീഴിലാക്കിയതും ജില്ല ആശുപത്രിയായി ഉയര്‍ത്തിയതും. എന്നാല്‍, താലൂക്ക് ആശുപത്രിയുടെ സ്റ്റാഫ് പാറ്റേണാണ് ഇപ്പോഴുമുള്ളത്. ആളെക്കൂട്ടാൻ അൻവർ സാദത്ത് എം.എൽ.എയും ജില്ല പഞ്ചായത്തും പലതവണ അപേക്ഷകൾ സർക്കാറിലേക്ക് അയച്ചിരുന്നു. എന്നാൽ, ഇതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ല. മാറിമാറി വരുന്ന സർക്കാറുകളും ആരോഗ്യമന്ത്രിമാരും ഉടൻ പരിഹാരം കാണാമെന്ന് പറഞ്ഞ് ഒഴിയുകയാണ്. ആയിരത്തോളം രോഗികളാണ് നിത്യേന ഒ.പി വിഭാഗത്തിൽ ചികിത്സ തേടി എത്തുന്നത്.
എന്നാൽ, ആശുപത്രിയിൽ രജിസ്ട്രേഷനും മറ്റുമായി ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ മണിക്കൂറുകൾ വരിനിന്നാൽ മാത്രമേ ശീട്ടെടുക്കാൻ കഴിയുകയുള്ളൂ. ആവശ്യത്തിന് ഉപകരണങ്ങളും കെട്ടിടങ്ങളും ആശുപത്രിക്കുണ്ട്. എന്നാൽ, ജീവനക്കാരുടെ കുറവ് ഈ ഭൗതിക സൗകര്യങ്ങൾ രോഗികൾക്ക് അന്യമാക്കുകയാണ്.
ഫുള്ളി ഓട്ടോമാറ്റിക് ബയോകെമിസ്ട്രി അനലൈസര്‍, യൂറിന്‍ ആല്ബുമിന് അനലൈസര്‍, ഇ.എസ്.ആര് അനലൈസര്‍ തുടങ്ങിയ ആധുനിക രീതിയിലുള്ള ഉപകരണങ്ങളടങ്ങുന്ന ലാബാണ് ഇവിടെയുള്ളത്. ഡിജിറ്റല്‍ എക്സ്-റേ യൂനിറ്റും മാമോഗ്രാം യൂനിറ്റും അനുബന്ധ ഉപകരണങ്ങളും പ്രവര്‍ത്തിച്ചുവരുന്നു. സി.ടി സ്കാൻ യൂനിറ്റും ഇവിടെയുണ്ട്. എന്നാൽ, ഇത്തരം സൗകര്യങ്ങളുടെ ഗുണം രോഗികൾക്ക് കൃത്യമായി ലഭിക്കുന്നില്ല. ജീവനക്കാരുടെ കുറവും സ്ഥിരം ജീവനക്കാരുടെ അഭാവവും പ്രതിസന്ധി സൃഷ്ടിക്കുകയാണ്. നിലവിൽ എക്സ്-റേ വൈകീട്ട് നാലുവരെയാണ് പ്രവർത്തിക്കുന്നത്. ഇത് 24 മണിക്കൂറാക്കിയാൽ മാത്രമേ കാര്യമായ പ്രയോജനമുണ്ടാകുകയുള്ളൂ. ആശുപത്രിയിൽ റേഡിയോളജിസ്റ്റ് ഇല്ലാത്തതിനാൽ സി.ടി സ്കാൻ ഫലം കിട്ടാൻ രണ്ട് ദിവസമെടുക്കും.
ആശുപത്രിയുടെ സ്വപ്നപദ്ധതിയായ ഐ.സി.യു, ട്രോമാകെയര്‍ യൂനിറ്റ് എന്നിവ ഇപ്പോഴും സ്വപ്നമായിത്തന്നെ തുടരുകയാണ്. ദേശീയപാതയിലും മറ്റും ഉണ്ടാകുന്ന അപകടങ്ങളിൽപെടുന്ന നിരവധി യാത്രക്കാർ ജില്ല ആശുപത്രിയെ ആശ്രയിക്കുന്നുണ്ട്. എന്നാൽ, അടിസ്ഥാന സൗകര്യങ്ങളുടെ കുറവുമൂലം ഇവർക്ക് വേണ്ട പരിചരണം നൽകാൻ കഴിയുന്നില്ല. ഒരു ഐ.സി.യുവും ട്രോമാകെയര്‍ യൂനിറ്റും വളരെ അത്യാവശ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.