ഓടുന്നവർ ഒറ്റക്കാവില്ല; അതൊരു അൽഭുത പ്രവൃത്തിയാണ്
text_fieldsഓട്ടം ഒരൽഭുത പ്രവൃത്തിയാണ്. അത് നല്ല ഫലമല്ലാതെ ഒന്നും നേടിത്തരുന്നില്ല. ഓട്ടം നിങ്ങളെ കാക്കുകയും ശക്തിപ്പെടുത്തുകയും മനോഭാരം ഇറക്കിവെക്കാൻ സഹായിക്കുകയും ചെയ്യുന്ന ആത്മാർഥ സുഹൃത്താണ്. ഗുളികക്കു പകരം വ്യായാമം ചെയ്യാൻ കഴിയുമെങ്കിൽ ഡോക്ടർ നിങ്ങൾക്ക് നൽകുന്ന മിക്ക മരുന്നുകളേക്കാളും മികച്ചതായിരിക്കുമത്. അറിയാം ഓട്ടത്തിന്റെ അമ്പരപ്പിക്കുന്ന ഗുണങ്ങൾ.
നിങ്ങളുടെ ശരീരത്തെ ശക്തിപ്പെടുത്തുന്നു
അടിഞ്ഞുകൂടിയ കൊഴുപ്പിനെയും പ്രമേഹത്തെയും പടി കടത്തി ഓടിക്കാം. ഹൃദയാരോഗ്യത്തിന്റെ കാര്യത്തിൽ പറയാനില്ല. ഹൃദയം ഒരു എഞ്ചിൻ പോലെയാണ്. നിങ്ങൾ ഓടുമ്പോൾ അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള വ്യായാമം ചെയ്യുമ്പോൾ ആ എഞ്ചിൻ കൂടുതൽ രക്തം പമ്പ് ചെയ്യും. അതുവഴി ശരീരത്തിലെ മറ്റ് പേശികളിലേക്കും അവയവങ്ങളിലേക്കും കൂടുതൽ ഓക്സിജനെത്തും. ഇതിന്റെ ഫലമായി കൂടുതൽ രക്തം ഹൃദയത്തിലേക്ക് മടങ്ങിവരും. അങ്ങനെ ആ സൈക്കിൾ തുടരും. കൂടുതൽ ഓടുമ്പോൾ നിങ്ങളുടെ ഹൃദയം വികസിക്കുകയും ശക്തമാവുകയും ചെയ്യും. അതായത് ഓരോ ഹൃദയമിടിപ്പിലും കൂടുതൽ രക്തം പമ്പ് ചെയ്യാൻ അതിനാവുന്നു. വേഗത്തിൽ നടക്കുമ്പോഴും ഓടുമ്പോഴും ഉള്ള കിതപ്പിനെ ഇതുവഴി പമ്പ കടത്താം.
കാലുകളെ ബലവത്താക്കുന്നു
ഇടുപ്പിനു അനുബന്ധമായും അതിനു താഴെയുമുള്ള വലിയ പേശികൾ കാലുകളുടെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിൽ ഏറ്റവും പ്രധാന പങ്ക് വഹിക്കുന്നവയാണ്. ക്വാട്രൈസെപ്സ്, ഹാംസ്ട്രിംഗ്, കാഫ് മസിൽ, ഗ്ലൂട്ട് മസിൽസ് എന്നിങ്ങനെ നാല് പ്രധാന പേശികളെ കാര്യക്ഷമമായി ഉപയോഗിക്കുന്ന വ്യായാമമാണ് ഓട്ടം. നിങ്ങൾ ഓടുകയും നിരന്തരം അതാവർത്തിക്കുകയും ചെയ്യുമ്പോൾ ക്രമേണ ഈ പേശികളുടെ ശക്തി വർധിക്കുകയും എളുപ്പത്തിൽ നടക്കാനും ഓടാനും പടികൾ കയറാനും സാധിക്കുകയും ചെയ്യും.
സന്ധികളെ പരിരരക്ഷിക്കുന്നു
ഓട്ടം മുട്ടുകളെയും മറ്റ് സന്ധികളെയും ശക്തിപ്പെടുത്തി തേയ്മാനത്തിൽ നിന്ന് സംരക്ഷണം നൽകും. കാലിഫോർണിയയിലെ സ്റ്റാൻഫോർഡ് സർവകലാശാലയിൽ നടത്തിയ ഗവേഷണത്തിലൂടെ വിനോദ ഓട്ടക്കാരുടെ സന്ധികളിൽ ഓട്ടക്കാരല്ലാത്തവരേക്കാൾ കുറഞ്ഞ തേയ്മാനം കാണിക്കുന്നതായി കണ്ടെത്തി.
ആയുർദൈർഘ്യമേറ്റുന്നു
ഓട്ടം നിങ്ങളുടെ ആയുസ്സിൽ അത്ഭുതങ്ങൾ പ്രവർത്തിക്കുന്നുവെന്ന് വിവിധ പഠനങ്ങൾ തെളിയിക്കുന്നു. ഇന്റർനാഷണൽ ജേണൽ ഓഫ് എൻവയോൺമെന്റൽ റിസർച്ച് ആൻഡ് പബ്ലിക് ഹെൽത്തിൽ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ ആഴ്ചയിൽ 75 മിനിറ്റ് ഓടുന്നത് ഒരാളുടെ ജീവിതത്തിന് 12 അധിക വർഷം ഉറപ്പുനൽകുമെന്ന് പറയുന്നു. ആഴ്‌ചയിൽ 75 മിനിറ്റെങ്കിലും ഓടുന്നവരെ 10 മിനിറ്റിൽ താഴെ ഓടിയവരുമായി താരതമ്യം ചെയ്‌തു ചെയ്തുനോക്കിയതിൽ നിന്നാണ് ഈ കണ്ടെത്തൽ. അതിനിടെ 55,000 ആളുകളിൽ നടത്തിയ മറ്റൊരു പഠനത്തിൽ ശരാശരി 17 മിനിറ്റ് വീതം ആഴ്ചയിൽ മൂന്ന് തവണ ഓടുന്നത് മാരകമായ ഹൃദയാഘാതം അല്ലെങ്കിൽ സ്ട്രോക്ക് സാധ്യത 55% കുറക്കുമെന്നും കണ്ടെത്തി.
അർബുദ സാധ്യത കുറക്കുന്നു
ഓട്ടം കാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കുമെന്ന് ധാരാളം ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. വ്യായാമത്തിൽ ഏർപ്പെടുന്നവർക്ക് വൻകുടലിലെ കാൻസർ വരാനുള്ള സാധ്യത 70% വും സ്തനാർബുദം വരാനുള്ള സാധ്യത 30 മുതൽ 40% വരെയും കുറവാണ്. പ്രോസ്റ്റേറ്റ് കാൻസർ സാധ്യത 5% മുതൽ 65% വരെ കുറക്കുന്നു.
ലോകമെമ്പാടുള്ള, സ്തനാർബുദം സ്ഥിരീകരിച്ചവർ ഉൾപ്പടെ 131,000ത്തോളം സ്ത്രീകളുടെ ജനിതക വിശകലനം നടത്തി പഠനം തയ്യാറാക്കി. ഈ പഠനത്തിൽ കൂടുതൽ ഊർജസ്വലമായി പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്ക് നിഷ്ക്രിയരായവരെ അപേക്ഷിച്ച് സ്തനാർബുദ സാധ്യത 41% കുറവാണെന്ന് കണ്ടെത്തി. ഇതിനർഥം ഓട്ടം പോലുള്ള ശാരീരിക പ്രവർത്തനങ്ങൾ നിങ്ങളുടെ ശരീരത്തെ ഇതുപോലുള്ള രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കും എന്നാണ്.
ഇത് മനസ്സിനെ മൂർച്ചയുള്ളതാക്കി നിർത്തുന്നു
ഓട്ടത്തിന്റെ മനഃശാസ്ത്രപരമായ ഗുണങ്ങളെ ഒരിക്കലും അവഗണിക്കരുത്. സൈക്കോണമിക് ബുള്ളറ്റിൻ ആന്റ് റിവ്യൂവിലെ ഗവേഷണമനുസരിച്ച് സ്ഥിരമായ വ്യായാമം പ്രായവുമായി ബന്ധപ്പെട്ട മാനസിക തകർച്ച തടയാൻ സഹായിക്കുന്നു. 50 വയസ്സിനു മുകളിലുള്ള മുതിർന്നവരിൽ എയറോബിക് വ്യായാമം ചെയ്യുന്നവർ മെച്ചപ്പെട്ട വൈജ്ഞാനിക പ്രവർത്തനത്തിൽനിന്ന് പ്രയോജനം നേടുന്നുവെന്നും കണ്ടെത്തി. അൽഷിമേഴ്സ് ഡിസീസ് ജേണലിൽ നടത്തിയ ഒരു പ്രത്യേക പഠനത്തിൽ ആഴ്ചയിൽ 15.3 മൈൽ ഓടുന്നവർക്ക് അൽഷിമേഴ്സ് രോഗം മൂലം മരിക്കാനുള്ള സാധ്യത 40% കുറവാണെന്ന് കണ്ടെത്തി.
മാനസിക സമ്മർദ്ദത്തെ കുറക്കുന്നു
ഒരു ഓട്ടത്തിന് ശേഷം കൂടുതൽ വിശ്രമവും ഊർജ്ജസ്വലതയും അനുഭവപ്പെട്ടിട്ടുണ്ടോ? അങ്ങനെയെങ്കിൽ, നിങ്ങൾ ഒറ്റക്കല്ല. കാരണം ഓട്ടം മാനസിക ഭാരം ഇറക്കിവെക്കാനും സമ്മർദ്ദവും ഉത്കണ്ഠയും കുറക്കാനും സഹായിക്കുന്ന ഒന്നാന്തരം സുഹൃത്താണ്. 20 മിനിറ്റ് നേത്തെ ഓട്ടത്തിന് മുമ്പും ശേഷവും പങ്കെടുക്കുന്നവരുടെ മസ്തിഷ്ക തരംഗങ്ങൾ അളന്നുനോക്കിയുള്ള പഠനത്തിൽ, താരതമ്യേന ഈ ചെറിയ വ്യായാമം പോലും മാനസിക സമ്മർദ്ദത്തിന്റെ തോത് 58% കുറക്കാൻ കാരണമായെന്ന് കണ്ടെത്തി.
വലിയ ചെലവില്ലാത്ത വിനോദം
കായിക വിനോദങ്ങളെ സംബന്ധിച്ചിടത്തോളം നിങ്ങൾക്ക് താങ്ങാനാവുന്ന ഏറ്റവും ചെലവില്ലാത്ത ഒന്നാണ് ഓട്ടം. ഓട്ടത്തിന് ഭൂമിക്ക് ചെലവ് നൽകേണ്ടതില്ല എന്ന് ഓർക്കുക. കാർബൺ പ്ലേറ്റ് റണ്ണിംഗ് ഷൂസുകൾ, ജി.പി.എസ് റണ്ണിംഗ് വാച്ചുകൾ, കംപ്രഷൻ ബൂട്ടുകൾ തുടങ്ങിയ പ്രീമിയം റണ്ണിംഗ് സാധനങ്ങൾക്കായി പണം ചെലവഴിക്കാൻ കഴിയാത്ത ഏതൊരാൾക്കും ഈ അടിസ്ഥാന സൗകര്യം ആശ്വാസമാണ്. സാധാരണക്കാരന് തുടങ്ങാനും ഓട്ടത്തിന്റെ പ്രയോജനങ്ങൾ നേടാനും വേണ്ടത് നല്ല ഒരു ജോടി റണ്ണിങ് ഷൂകളാണ്.
ഇത് തികച്ചും ‘എന്റെ സമയം’ ആണ്
നിങ്ങൾക്കായി മാത്രം എന്തെങ്കിലും ചെയ്യാൻ സ്വയം അനുമതി നൽകാനുള്ള മികച്ച മാർഗമാണ് ഓട്ടം. രണ്ടു കാര്യങ്ങൾ ഇതിൽ ചെയ്യാം. നിങ്ങളുടെ ഫോൺ വീട്ടിൽവെച്ച് പൂർണമായും അൺപ്ലഗ് ചെയ്‌ത് ശ്വാസത്തെയും നിങ്ങൾക്ക് ചുറ്റുമുള്ള കാഴ്ചകളെയും ശബ്ദങ്ങളെയും കുറിച്ച് ശ്രദ്ധാലുവാകാം.
അതല്ല, നിങ്ങൾ കിലോമീറ്ററുകൾ പിന്തള്ളുമ്പോൾ സംഗീതം കേൾക്കാം. നിങ്ങളുടെ പ്രിയപ്പെട്ട പോഡ്‌കാസ്റ്റിലേക്ക് ട്യൂൺ ചെയ്യാം. എന്തു തന്നെയായാലും ഓടാനുള്ള സമയം കണ്ടെത്തുന്നത് നിങ്ങളുടെ ജീവിതത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കും.
പ്രകൃതിയെ ആസ്വദിക്കാനവസരം
ഓടാൻ പോകുന്നത് ശരിക്കും പ്രകൃതിയെ ആസ്വദിക്കാനും അതിന്റെ ഗുണങ്ങൾ ആഗിരണം ചെയ്യാനും സഹായിക്കും. എൻവയോൺമെന്റൽ സയൻസ് & ടെക്‌നോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പുറത്ത് വ്യായാമം ചെയ്യുന്ന ആളുകൾക്ക് ഊർജത്തിന്റെ തോത് വർധിക്കുകയും വിഷാദം കുറയുകയും ചെയ്യുന്നതായും അവർ മടുക്കാതെ വർക്ക്ഔട്ടുകൾ ആവർത്തിക്കാനുള്ള പ്രേരണ കൂടുതലാണെന്നും കണ്ടെത്തി.സ്വാഭാവിക പരിതസ്ഥിതിയിൽ ഓടുന്നത് വിറ്റാമിൻ ഡിയുടെ അളവ് വർദ്ധിപ്പിക്കുന്നതിനും നല്ലതാണ്. നിങ്ങളുടെ അടുത്ത ഓട്ടത്തിനായി പാതകളിലേക്കോ പ്രാദേശിക പാർക്കിലേക്കോ എത്താൻ ഇതിലും നല്ല കാരണമില്ല.
സ്വന്തത്തെ നിയന്ത്രണത്തിലാക്കുന്നു
സ്വന്തത്തെ നിയന്ത്രിക്കാനുള്ള ഏറ്റവും നല്ല വഴികളിലൊന്ന്. നമ്മെ പൊരുത്തപ്പെടുത്തുന്നവരും വഴക്കമുള്ളവരുമാക്കും. നിങ്ങൾക്ക് ഒറ്റക്കോ മറ്റുള്ളവരുടെ കൂടെയോ ഓടാം. പൂർണമായും വിനോദത്തിനോ മത്സരത്തിനായി തയ്യാറെടുക്കാനോ ആവാം. രാവിലെയോ അല്ലെങ്കിൽ ദിനാന്ത്യത്തിലോ ആവാം. സ്വന്തം മുൻഗണനയെ അടിസ്ഥാനപ്പെടുത്തി നിങ്ങൾക്കതു തീരുമാനിക്കാം.
സന്തോഷം വർധിപ്പിക്കുന്നു
ഓടാൻ പോകുമ്പോൾ നിങ്ങൾക്ക് നിഷേധാത്മകത വാതിൽക്കൽ ഉപേക്ഷിക്കാം. ഓട്ടം നിങ്ങളുടെ മാനസികാവസ്ഥയും സൗഖ്യവും വർധിപ്പിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഗ്ലാസ്‌ഗോ കാലിഡോണിയൻ യൂണിവേഴ്‌സിറ്റി നടത്തിയ ഒരു പഠനത്തിൽ പതിവായി പാർക്കിൽ ഓടുന്ന 8,000ത്തിലധികം പേരോട് അവരുടെ ആരോഗ്യത്തെയും ക്ഷേമത്തെയും കുറിച്ച് ചോദിച്ചു. ഓക്‌സ്‌ഫോർഡ് ഹാപ്പിനസ് തയ്യാറാക്കിയചോദ്യാവലിയിൽ അവർ ശരാശരി 6ൽ 4.4 സ്‌കോർ ചെയ്തു. ഇത് സാധാരണക്കാരുടെ ശരാശരി സ്‌കോറിനു മുകളിലാണ്. കൂടാതെ, പതിവായി ഓടുന്നത് തങ്ങൾക്ക് സന്തോഷം തോന്നുകയും അവരുടെ മാനസികാരോഗ്യത്തിൽ നല്ല സ്വാധീനം ചെലുത്തുകയും ചെയ്തതായി പതിവ് ഓട്ടക്കാരിൽ 89% പേരും പറഞ്ഞു. ഇതൊരുപക്ഷെ, നിങ്ങളുടെ ഓട്ടത്തിന്റെ ഏറ്റവും മികച്ച നേട്ടങ്ങളിലൊന്നായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.