മാനസിക ആരോഗ്യ പ്രശ്‌നങ്ങളെപ്പറ്റി അറിയാൻ മലയാളത്തിൽ ഒരു ആപ്പ്
text_fieldsമാനസിക ആരോഗ്യ പ്രശ്‌നങ്ങൾ ലോകജനതയെ മുഴുവനും വളരെ കാര്യമായ രീതിയിൽ ബാധിച്ചു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് ലോകമിന്ന് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. പ്രത്യേകിച്ച് കോവിഡ് മഹാമാരിയുടെ വരവിനുശേഷം മാനസിക വൈഷമ്യങ്ങൾ അനുഭവിക്കുന്നവരുടെ എണ്ണം എല്ലാ രാജ്യങ്ങളിലും വളരെ കൂടിവരുന്നു. മാനസിക ആരോഗ്യ പ്രശ്‌നങ്ങൾ മൂലം കഷ്ടത അനുഭവിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണെന്നാണ് മനോരോഗ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കൃത്യമായ ചികിത്സ വേണ്ട മാനസിക ആരോഗ്യ പ്രശ്‌നങ്ങൾ അനുഭവിക്കുന്നവരുടെ എണ്ണം പത്തുമുതൽ 15 ശതമാനം വരെയാണ്. എന്നാൽ, അസുഖം ഇല്ലെങ്കിൽ പോലും പല തരത്തിലുള്ള മാനസിക വൈഷമ്യങ്ങൾ അനുഭവിക്കുന്നവരുടെ എണ്ണം ഇതിലും വളരെ കൂടുതലാണ്.
വിഷാദരോഗവും പലതരത്തിലുള്ള ഉത്കണ്ഠാരോഗങ്ങളുമാണ് ഏറ്റവും കൂടുതലായി കണ്ടുവരുന്ന മാനസിക ആരോഗ്യ പ്രശ്‌നങ്ങൾ. മാനസിക രോഗങ്ങളും അതു മൂലമുള്ള പ്രശ്‌നങ്ങളും വളരെ കൂടുതലാണെങ്കിലും കൃത്യമായ രീതിയിലുള്ള ചികിത്സ തേടുന്നവർ വളരെ കുറവാണ്. മാനസിക രോഗങ്ങളെ കുറിച്ചും അതിനുള്ള ചികിത്സാ രീതികളെക്കുറിച്ചും ചികിത്സക്ക് ഉപയോഗിക്കുന്ന മരുന്നുകളെകുറിച്ചുമുള്ള അറിവില്ലായ്മയും പലതരത്തിലുള്ള തെറ്റിദ്ധാരണകളുമാണ് കൃത്യമായ സമയത്ത് ചികിത്സ നേടുന്നതിൽ നിന്നും വ്യക്തികളെ പിന്തിരിപ്പിക്കുന്നത്. ഇതുമൂലം കൃത്യമായ സമയത്ത് ചികിത്സ ലഭിക്കാതെ വരികയും രോഗം മൂർച്ഛിക്കുകയും ജീവിതം തന്നെ ദുസ്സഹമാക്കുന്ന അവസ്‌ഥ വന്നുചേരുകയും ചെയ്യുന്നു.
അസുഖത്തിന് തുടക്കത്തിൽതന്നെ ശരിയായ രീതിയിലുള്ള രോഗനിർണയം നടത്തപ്പെടുകയും കൃത്യമായ രീതിയിലുള്ള ചികിത്സ ലഭിക്കുകയും ഡോക്ടറുടെ നിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്താൽ ഭൂരിഭാഗം മാനസിക അസുഖങ്ങളെയും നിയന്ത്രണ വിധേയമാക്കാൻ സാധിക്കും. മാനസിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് എളുപ്പത്തിൽ സഹായം ലഭ്യമാകുന്ന വിധത്തിൽ ഒരു മൊബൈൽ ആപ് രൂപകൽപന ചെയ്തിരിക്കുകയാണ് തൃശ്ശൂരിലെ മാനസികരോഗ ചികിത്സാ രംഗത്തെ പ്രഗത്ഭരായ ഡോ. പി.ജെ. സാമും (സൈക്യാട്രിസ്‌റ്റ്) ഡോ. അഞ്ചു ട്രീസ ആൻഡ്രൂസും (സൈക്കോളജിസ്‌റ്റ്). മൈ സൈക്യാട്രിസ്‌റ്റ് (MyPsychiatrist) എന്നാണ് ഈ ആൻഡ്രോയ്ഡ് ആപിന്‍റെ പേര്.
ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഫ്രീയായി ഈ ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. നിലവിൽ ആപ്പ് സ്റ്റോറിൽ ഈ ആപ്പ് ലഭ്യമല്ല. മൊബൈൽ ഉപയോഗിക്കുന്നതിനെ പറ്റി കാര്യമായ ധാരണ ഇല്ലാത്തവർക്ക് പോലും സുഗമമായി ഉപയോഗിക്കാവുന്ന രീതിയിലാണ് ഈ ആപ്പ് രൂപകല്പന ചെയ്തിട്ടുള്ളത്. മലയാളത്തിലും ഇംഗ്ലീഷിലും ഉള്ള ലേഖനങ്ങളും വീഡിയോകളും ഈ ആപ്പിൽ ലഭ്യമാണ്. ഇതിനോടകം തന്നെ പതിനായിരത്തിലധികം പേർ ഈ ആപ്പ് ഡൗൺലോഡ് ചെയ്തിട്ടുണ്ട്. www.mypsychiatrist.in എന്ന വെബ്സൈറ്റിൽ നിന്നും ഈ വിവരങ്ങൾ ലഭ്യമാണ്. മാനസിക ആരോഗ്യ പ്രശ്‌നങ്ങളെ പറ്റിയും അവയുടെ ലക്ഷണങ്ങളെ പറ്റിയും ചികിത്സാരീതികളെ പറ്റിയും പൊതുസമൂഹത്തെ ബോധവൽക്കരിക്കുകയും മാനസിക രോഗങ്ങളെ പറ്റിയുള്ള മിഥ്യാധാരണകളും പേടിയും ഇല്ലാതാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ ആപ്പ് രൂപകൽപന ചെയ്തിരിക്കുന്നത്.
മാനസിക ആരോഗ്യ പ്രശ്നങ്ങളെപ്പറ്റി ആധികാരികമായ വിവരങ്ങൾ നൽകുന്ന മലയാളത്തിലെ ആദ്യത്തെ ആപ്പ് ആണിത്. നാമോരോരുത്തരും അറിഞ്ഞിരിക്കേണ്ട ഏറ്റവും സാധാരണയായി കാണപ്പെടുന്ന എല്ലാ തരത്തിലുള്ള മാനസിക രോഗങ്ങളെക്കുറിച്ചും വളരെ വിശദമായ വിവരണങ്ങൾ ഈ ആപ്പിൽ ലഭ്യമാണ്. ഓരോ മാനസീക അസുഖങ്ങളെകുറിച്ചുള്ള ലേഖനങ്ങളിൽ രോഗങ്ങൾ ഉണ്ടാകുന്നതിനുള്ള കാരണങ്ങളെക്കുറിച്ചും രോഗലക്ഷണങ്ങളെ കുറിച്ചും രോഗികൾ പെരുമാറ്റത്തിൽ പ്രകടമാക്കുന്ന വ്യത്യാസങ്ങളെ കുറിച്ചും വിശദമായി പ്രതിപാദിക്കുന്നുണ്ട്.
രോഗത്തിനുള്ള ചികിത്സ എന്താണെന്നും ചികിത്സ ലഭിക്കാതിരുന്നാൽ എന്താണ് സംഭവിക്കുക എന്നും രോഗം വന്നതുമൂലം ഉണ്ടാകാൻ സാധ്യതയുള്ള ഭവിഷ്യത്തുകളെ കുറിച്ചും വിവരങ്ങൾ ലഭ്യമാണ്. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ചുള്ള മലയാളത്തിലും ഇംഗ്ലീഷിലും ഉള്ള വീഡിയോകളും ഈ ആപ്പിൽ ലഭ്യമാണ്. മാനസികരോഗങ്ങൾ എങ്ങനെ ഉണ്ടാകുന്നു എന്നതിനെ പറ്റിയുള്ള വീഡിയോ വളരെ ശ്രദ്ധേയമാണ്. കുട്ടികളിൽ കാണപ്പെടുന്ന എ.ഡി.എച്ച്.ഡി, പെരുമാറ്റ വൈകല്യങ്ങൾ, ഓട്ടിസം, ലേർണിങ് ഡിസബിലിറ്റി അഥവാ പഠനവൈകല്യങ്ങൾ, ബുദ്ധിമാന്ദ്യം എന്നിവയെപ്പറ്റിയുള്ള വിശദമായ വിവരണങ്ങൾ ഈ ആപ്പിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.
പ്രായമായവരിൽ കണ്ടുവരുന്ന പലതരത്തിലുള്ള മറവി രോഗങ്ങളും അതുമൂലം പെരുമാറ്റത്തിൽ ഉണ്ടാവുന്ന വ്യത്യാസങ്ങളെ പറ്റിയും സാധാരണക്കാർക്ക് മനസിലാകുന്ന തരത്തിൽ പ്രതിപാദിച്ചിരിക്കുന്നു. ഏറ്റവും സാധാരണയായി കാണുന്ന മാനസികപ്രശ്നം ആയ ഉൽക്കണ്ഠ രോഗങ്ങളെ പറ്റി വളരെ വിശദമായ വിവരണങ്ങൾ ഈ ആപ്പ് നൽകുന്നു. സ്കീസോഫ്രീനിയ, വിഷാദരോഗം, ബൈപോളാർ ഡിസോർഡർ, പലതരത്തിലുള്ള ഉത്കണ്ഠാരോഗങ്ങൾ, ഒബ്സസീവ് കംപൽസീവ് ഡിസോഡർ, പേഴ്സണാലിറ്റി ഡിസോർഡർ എന്നീ മാനസിക പ്രശ്‌നങ്ങളെ പറ്റിയും വിശദമായി പ്രതിപാദിച്ചിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.