ആന്ത്രാക്സ്; 13 പേർ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍, ആശങ്ക വേണ്ടെന്ന് അധികൃതർ
text_fieldsതൃശൂര്‍: അതിരപ്പിള്ളി വനമേഖലയിലെ കാട്ടുപന്നികളില്‍ ആന്ത്രാക്സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ക്ക് വ്യാഴാഴ്ച തുടക്കമായി. കനത്ത മഴയിലും വിവിധ വകുപ്പുകൾ സംയുക്തമായി അതിരപ്പിള്ളിയിൽ യോഗം ചേർന്നു. അതിരപ്പിള്ളി പഞ്ചായത്തിലെ വളര്‍ത്തുമൃഗങ്ങള്‍ക്ക് വാക്സിന് നൽകുന്ന നടപടിക്ക് തുടക്കം കുറിച്ചു. ഉച്ചക്കുശേഷം കനത്തമഴ കാരണം വാക്സിനേഷൻ നിർത്തി. 13 പേരെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. മേഖലയില്‍ പന്നിയിറച്ചി കഴിച്ചവർക്ക് പ്രതിരോധ മരുന്ന് കൊടുത്തുതുടങ്ങി.
ആരോഗ്യം, തദ്ദേശം, റവന്യൂ, മൃഗസംരക്ഷണം, വനം തുടങ്ങിയ വകുപ്പുകളെ ഉൾപ്പെടുത്തിയാണ് യോഗം ചേർന്നത്. വെള്ളിയാഴ്ച മേഖലയിൽ ബോധവത്കരണ ക്ലാസ് നടത്താനും തീരുമാനമായി. കന്നുകാലികള്‍ക്ക് രോഗം പകരാനുള്ള സാധ്യത മുന്നില്‍ക്കണ്ട് ജാഗ്രത പാലിക്കാൻ നിർദേശം നല്കി. വളര്‍ത്തുമൃഗങ്ങള്‍ക്ക് രോഗലക്ഷണം കണ്ടാൽ ബന്ധപ്പെട്ടവരെ അറിയിക്കണം.
മൃഗങ്ങളുടെ മൃതദേഹം മറവ് ചെയ്യുമ്പോള്‍ മുന്‍കരുതലെടുക്കണം. മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്ക് രോഗം ബാധിക്കാനുള്ള സാധ്യത കുറവായതിനാല്‍ പരിഭ്രാന്തരാവേണ്ട ആവശ്യമില്ല. അതേസമയം, ആന്ത്രാക്സ് ബാധിച്ച മൃഗത്തിന്റെ മാംസം ഭക്ഷിക്കുന്നത് രോഗബാധക്ക് കാരണമാവാം എന്നതിനാല്‍ ഇക്കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തണം. പ്രതിരോധ നടപടികള്‍ ഊര്ജിപ്പെടുത്തിയതായി ജില്ല കലക്ടര്‍ ഹരിത വി. കുമാര്‍ അറിയിച്ചു. ജില്ല വെറ്ററിനറി കേന്ദ്രത്തില്‍ കണ്ട്രോള് റൂം തുറന്നിട്ടുണ്ട്. ഫോൺ: 0487 2424223.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.