കുഷ്ഠരോഗ നിര്‍മാര്‍ജ്ജനത്തിന് ‘അശ്വമേധം’; ജില്ലയില്‍ ഇന്ന് തുടക്കം
text_fieldsകാസർകോട്: കുഷ്ഠരോഗ നിര്‍ണയത്തിനായുള്ള ഭവന സന്ദര്‍ശന യജ്ഞം ‘അശ്വമേധം’ അഞ്ചാംഘട്ടത്തിന് ജില്ലയില്‍ ബുധനാഴ്ച തുടക്കമാവും.
കുഷ്ഠരോഗം ബാധിച്ചിട്ടുണ്ടെങ്കിലും തിരിച്ചറിയാത്തതിനാല്‍ ചികിത്സ ലഭിക്കാതെ കഴിയുന്നവരെ കണ്ടെത്തി ചികിത്സ നല്‍കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ജനുവരി 18 മുതല്‍ 31 വരെ രണ്ടാഴ്ചക്കാലമാണ് ഭവന സന്ദര്‍ശന യജ്ഞം ‘അശ്വമേധം’ നടപ്പാക്കുന്നത്. അശ്വമേധം ഭവന സന്ദര്‍ശന പരിപാടിയിലൂടെ ജില്ലയിലെ മുഴുവന്‍ വീടുകളും ആരോഗ്യപ്രവര്‍ത്തകര്‍ സന്ദര്‍ശനം നടത്തും. കുഷ്ഠരോഗത്തിന് സമാനമായ ലക്ഷണമുള്ള ആളുകളെ കണ്ടുപിടിക്കുകയും അവരെ രോഗ നിര്‍ണയത്തിനായി ആശുപത്രിയില്‍ പോകുന്നതിനുള്ള ഉപദേശം നല്‍കുകയും തുടര്‍ ചികിത്സ ഉറപ്പ് വരുത്തുകയും ചെയ്യും. ആരംഭത്തിലേ കണ്ടുപിടിച്ചു ചികിത്സിച്ചാല്‍ പൂര്‍ണമായും ഭേദമാക്കാവുന്ന രോഗമാണ് കുഷ്ഠം. ഭവന സന്ദര്‍ശനം സുഗമമായി നടത്തുന്നതിന്റെ ഭാഗമായി 27,221 വളൻറിയര്‍മാര്‍ക്ക് പരിശീലനം നല്കി നിയോഗിച്ചിട്ടുണ്ട്.
നിലവിൽ ജില്ലയിൽ 31 രോഗികൾ
നിലവില്‍ ജില്ലയില്‍ 31 കുഷ്ഠരോഗികളാണ് ചികിത്സയിലുള്ളത്. ഇതില്‍ ഒരു കുട്ടിയും ഇതര സംസ്ഥാനക്കാരനും ഉള്‍പ്പെടുന്നു.
2018-2022 വര്‍ഷങ്ങളില്‍ നാല് ഘട്ടങ്ങളിലായി ജില്ലയില്‍ അശ്വമേധം പരിപാടി സംഘടിപ്പിച്ചു.
2018 ഡിസംബറില്‍ നടത്തിയ ആദ്യഘട്ട കാമ്പയിനില്‍, 24 കേസുകളും 2019- 20ല്‍ 33 കേസുകളും, 2020-21ല്‍ 18 കേസുകളും, 2021-22 ല്‍ 21 കേസുകളും കണ്ടെത്തി ചികിത്സക്ക് വിധേയമാക്കി.
നിലവില്‍ ചികിത്സയിലുള്ളവരില്‍ ആരുംതന്നെ അംഗ വൈകല്യമുള്ളവരില്ല.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ്, പട്ടിക വര്‍ഗ വികസന വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ഫിഷറീസ് വകുപ്പ്, തൊഴില്‍ വകുപ്പ് എന്നീ വകുപ്പുകളുടെ സഹകരണത്തോടെടെയാണ് കാമ്പയിന് സംഘടിപ്പിക്കുന്നത്.
ലക്ഷണങ്ങള്‍
നിറം മങ്ങിയതോ ചുവന്നതോ ആയ സ്പര്‍ശനശേഷി കുറഞ്ഞ പാടുകള്‍, പാടുകളില്‍ വേദനയോ ചൊറിച്ചിലോ ഇല്ലാതിരിക്കുക, കൈകാലുകളില്‍ മരവിപ്പ്, കട്ടിയുള്ള തിളങ്ങുന്ന ചര്‍മം, തടിപ്പുകള്‍, വേദനയില്ലാത്ത വ്രണങ്ങള്‍, വൈകല്യങ്ങള്‍ എന്നിവയാണു കുഷ്ഠരോഗ ലക്ഷണങ്ങള്‍. പ്രതിരോധ ശേഷി കുറഞ്ഞവരിലാണു രോഗം പ്രത്യക്ഷപ്പെടാറുള്ളത്.
പകരുന്ന വിധം
വായു വഴിയാണ് രോഗം പകരുന്നത്. രോഗം ബാധിച്ച വ്യക്തി തുമ്മുകയോ ചുമക്കുകയോ ചെയ്യുമ്പോള്‍ രോഗാണു വായുവില്‍ പടരും. രോഗാണു ശരീരത്തില്‍ പ്രവേശിച്ചാലും ലക്ഷണങ്ങള്‍ കണ്ടുതുടങ്ങാന്‍ മൂന്നു മുതല്‍ അഞ്ചുവര്‍ഷം വരെ എടുക്കാം. രോഗിയുമായുള്ള നിരന്തര സമ്പര്‍ക്കം വഴിയും രോഗം പകരാം. പ്രാഥമിക ചര്‍മ പരിശോധനയിലൂടെ തന്നെ രോഗലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കും. കുട്ടികളിലാണ് പകര്‍ച്ചക്ക് സാധ്യത. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് മാത്രമേ കുഷ്ഠരോഗം പകരുക.
ചികിത്സകള്‍
ലോകാരോഗ്യ സംഘടന ‘വിവിധൗഷധ ചികിത്സ’ ആണ് കുഷ്ഠരോഗത്തിന് മുന്നോട്ട് വെക്കുന്നത്. ലോകം മുഴുവന്‍ സൗജന്യമായി മരുന്നുകള്‍ ലഭ്യമാണ്. രോഗാണുക്കള്‍ക്കെതിരെ പ്രയോഗിക്കുന്ന ആൻറിബയോട്ടിക്ക് മരുന്നുകളുടെ സംയോജിത ചികിത്സയാണിത്. രോഗാണു സാന്ദ്രത കുറഞ്ഞ കേസുകള്‍ ആറുമാസത്തെ ചികിത്സയും കൂടിയ കേസുകള്‍ക്ക് 12 മാസത്തെ ചികിത്സയും എടുക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.