കോവിഡ് വാക്സിൻ ഗുരുതര പാർശ്വഫലത്തിന് കാരണമാകാമെന്ന് തുറന്നു സമ്മതിച്ച് നിർമാതാക്കൾ
text_fieldsലണ്ടൻ: തങ്ങളുടെ കോവിഡ് വാക്സിൻ ഗുരുതര പാർശ്വഫലത്തിന് കാരണമാകാമെന്ന് ഇന്ത്യയിലടക്കം വ്യാപകമായി ഉപയോഗിച്ച കോവിഷീൽഡ് വാക്സിന്റെ നിർമാതാക്കൾ. അപൂര്‍വ അവസരങ്ങളില്‍ മസ്തിഷ്‌കാഘാതം, ഹൃദയാഘാതം എന്നിവക്ക് വാക്‌സിൻ കാരണമായേക്കാമെന്നാണ് നിർമാതാക്കളായ ബ്രിട്ടീഷ് ഫാർമസി ഭീമൻ ആസ്ട്രസെനെക യു.കെയിലെ കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ വ്യക്തമാക്കിയതെന്ന് ബ്രിട്ടീഷ് പത്രമായ ‘ടെലഗ്രാഫ്’ റിപ്പോർട്ട് ചെയ്യുന്നു.
ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് അസ്ട്രസെനെക വികസിപ്പിച്ച വാക്‌സിൻ, കോവിഷീൽഡ് എന്ന പേരിൽ സെറം ഇൻസ്റ്റിറ്റ്യൂട്ടാണ് ഇന്ത്യയിൽ നിർമിച്ച് വിതരണം ചെയ്തത്. കോവിഷീല്‍ഡ്, വാക്‌സ്‌സെവരിയ എന്നീ വാക്‌സിനുകളാണ് അസ്ട്രസെനെക നിർമിച്ചത്.
വാക്സിൻ എടുത്തത് മൂലം ആരോഗ്യപ്രശ്നങ്ങൾ നേരിട്ട നിരവധി പേർ യു.കെയിൽ കോടതിയെ സമീപിച്ചിരുന്നു. മരണങ്ങൾക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും വാക്സിൻ കാരണമായെന്ന് ചൂണ്ടിക്കാട്ടി യു.കെ ഹൈകോടതിയിൽ ഫയൽ ചെയ്ത 51 കേസുകളിലെ ഇരകൾ 100 ദശലക്ഷം പൗണ്ട് വരെ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്.
2021 ഏപ്രില്‍ 21-ന് യുകെ സ്വദേശിയായ ജെയ്മി സ്‌കോട്ടിന് വാക്‌സിന്‍ എടുത്തതിനു പിന്നാലെ മസ്തിഷ്‌കാഘാതം സംഭവിച്ചിരുന്നു. ഇദ്ദേഹമാണ് നിയമനടപടിക്ക് തുടക്കം കുറിച്ചത്. വാക്‌സിന്‍ എടുത്ത ശേഷം തന്റെ രക്തം കട്ടപിടിക്കുന്നതായും രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം ഗണ്യമായി കുറയുന്നതായും മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സഹിതമാണ് ജാമി സ്‌കോട്ട് നിയമനടപടി ആരംഭിച്ചത്. എന്നാൽ, പരാതിക്കാരന്റെ ആരോപണങ്ങളെ ആദ്യം എതിർത്ത ആസ്ട്രസെനെക, കോടതിയിൽ സമർപ്പിച്ച രേഖകളിലാണ് കോവിഷീൽഡ് അപൂർവം കേസുകളിൽ രക്തം കട്ടപിടിക്കുന്നതിനും രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയുന്നതിനും കാരണമാകുന്ന ടി.ടി.എസിന് (ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിൻഡ്രോം) ഇടയാക്കുമെന്ന് സമ്മതിച്ചത്.
കമ്പനിയുടെ വെളിപ്പെടുത്തില്‍ കൂടുതല്‍ നിയമയുദ്ധത്തിനു കാരണമാകും. ഇവരുടെ വാക്‌സിൻ ഉപയോഗിച്ച് രോഗം ബാധിച്ച കൂടുതല്‍ പേര്‍ കോടതിയെ സമീപിച്ചേക്കും. അതേസമയം, ആരോപണങ്ങൾ നിഷേധിച്ച് ആസ്ട്രസെനെക രംഗത്തെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.