ആസ്ട്രാസെനകയുടെ കോവിഡ് വാക്സിൻ സ്വീകരിച്ചവരിൽ രക്തം കട്ടപിടിക്കാൻ സാധ്യതയെന്ന് പഠനം
text_fieldsന്യൂഡൽഹി: ആസ്ട്രാസെനകയുടെ കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് രക്തം കട്ടപിടിക്കാനുള്ള സാധ്യത കൂടുതലാണെന്ന് പഠന റിപ്പോർട്ട്. കോവിഡ് വാക്സിനുകൾ സ്വീകരിച്ചതിനുശേഷം ആളുകളിൽ ത്രോംബോസൈറ്റോപീനിയ സിൻഡ്രോം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. ബ്രിട്ടീഷ് മെഡിക്കൽ ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
ആസ്ട്രസെനക, ഫൈസർ വാക്സിനെടുത്തവരിൽ നേരിയ തോതിൽ രക്തം കട്ടപിടിക്കുന്നുണ്ടെന്നും അതിൽ ആസ്ട്രസെനെകയുടെ വാക്സിൻ സ്വീകരിച്ചവരിൽ രക്തത്തിലെ പ്ലേറ്റ് ലെറ്റുകൾ കുറയാനുള്ള സാധ്യത 30 ശതമാനം കൂടുതലാണെന്നും പഠനത്തിലുണ്ട്.
രക്തത്തിലെ പ്ലേറ്റ് ലെറ്റുകൾ കുറയുന്ന അവസ്ഥയെയാണ് ത്രോംബോസൈറ്റോപീനിയ എന്നു പറയുന്നത്. ഫൈസർ, ജാൻസെൻ, മഡേണ വാക്സിനുകളെക്കാൾ ആസ്ട്രാസെനക് വാക്സിൻ സ്വീകരിച്ചവർക്ക് ത്രോംബോസൈറ്റോപീനിയക്കും ത്രോംബോസിസിനും(രക്തം കട്ടപിടിക്കുന്ന അവസ്ഥ) സാധ്യത കൂടുതലാണെന്ന് പഠനത്തിൽ പറയുന്നു.
ഫ്രാൻസ്, ജർമ്മനി, നെതർലാൻഡ്‌സ്, സ്പെയിൻ, ബ്രിട്ടൻ, അമേരിക്ക എന്നിവിടങ്ങളിൽ കുറഞ്ഞത് ഒരു വാക്‌സിൻ ഡോസെങ്കിലും സ്വീകരിച്ച 10 ദശലക്ഷത്തിലധികം ആളുകളിൽ നിന്നുള്ള ആരോഗ്യ വിവരങ്ങളാണ് ഗവേഷണ സംഘം പഠന വിധേയമാക്കിയത്.
കോവിഡ് പ്രതിരോധത്തിനായി ആസ്ട്രാസെനകയുടെ കോവിഡ് വാക്സിനായ കോവിഷീൽഡാണ് ഇന്ത്യയിൽ വ്യാപകമായി നൽകിയത്. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ വൻ തോതിൽ കോവിഷീൽഡ് ഉൽപാദിപ്പിക്കുകയും വിപണനം നടത്തുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.