യോഗങ്ങളിൽ മദ്യം വേണ്ടെന്ന് ഡോക്ടർമാരോട് ആരോഗ്യവകുപ്പ്: ‘ആരോഗ്യ വിദഗ്ധർ ആരോഗ്യകരമായ ജീവിതശൈലി പിന്തുടരണം’
text_fieldsന്യൂഡൽഹി: ഡോക്ടർമാർക്കായി നടത്തുന്ന യോഗങ്ങളിലും സെമിനാറുകളിലും മദ്യോപയോഗം ഒഴിവാക്കണമെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് മേധാവിയുടെ നിർദേശം. നിരന്തര മദ്യപാനം ജീവിതശൈലീരോഗങ്ങളുടെ പ്രധാന കാരണമാണെന്ന് ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവിസ് (ഡി.ജി.എച്ച്.എസ്) ഡോ. അതുൽ ഗോയൽ ഡോക്ടർമാരുടെ സംഘടനകൾക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി.
‘ഡോക്ടർമാർ സമൂഹത്തിന് മാതൃകയാകണം. ഇതിന്റെ ആദ്യപടിയായി തുടർവിദ്യാഭ്യാസപരിപാടിയുടെ ഭാഗമായി ഡോക്ടർമാർക്ക് നടത്തുന്ന ശില്പശാലകളിലും സെമിനാറുകളിലും മദ്യ വർജനം പ്രാവർത്തികമാക്കണം’ -കത്തിൽ ആവശ്യപ്പെട്ടു.
‘ഉത്തരവാദിത്വമുള്ള ആരോഗ്യപ്രവർത്തകരെന്ന നിലയിൽ മദ്യം ഒഴിവാക്കൽ ഡോക്ടർമാരുടെ കർത്തവ്യമാണ്. ബൈർ സിറോസിസ്, സ്ട്രോക്ക്, വിവിധ അവയവങ്ങൾക്ക് ബാധിക്കുന്ന കാൻസർ തുടങ്ങി നിരവധി അപകടകരമായ രോഗങ്ങൾക്ക് മദ്യപാനം കാരണമാകും. രാജ്യത്തെ മരണങ്ങളിൽ 63 ശതമാനവും ജീവിത ശൈലീ രോഗങ്ങൾ കാരണമാണെന്ന് നിങ്ങൾക്ക് അറിയാമല്ലോ. അതിൽ 27 ശതമാനം മരണകാരണം ഹൃദയ സംബന്ധമായ അസുഖങ്ങളാണ്. ശ്വാസകോശ രോഗങ്ങൾ (11%), കാൻസർ (9%), പ്രമേഹം (3%), മറ്റുള്ളവ (13%) എന്നിങ്ങനെയാണ് കണക്ക്. പുകയില ഉപയോഗം, വ്യായാമക്കുറവ്, മദ്യ ഉപയോഗം, അശാസ്ത്രീയമായ ഭക്ഷണരീതി എന്നിവയാണ് ജീവിതശൈലീരോഗങ്ങളുടെ പ്രധാന കാരണങ്ങൾ. രോഗങ്ങളുടെ അഞ്ചു ശതമാനത്തിന്റെയും കാരണം മദ്യപാനമാണ്’ -ആരോഗ്യവകുപ്പ് മേധാവി ചൂണ്ടിക്കാട്ടി.
ആരോഗ്യ വിദഗ്ധർ എന്ന നിലയിൽ, ആരോഗ്യകരമായ ജീവിതശൈലി നാം പിന്തുടരണം. ഇതിന് സമൂഹത്തെ പ്രേരിപ്പിക്കാനും മാതൃകയാകാനും ഡോക്ടർമാർക്ക് കഴിയും. യോഗങ്ങളിൽനിന്നും സമ്മേളനങ്ങളിൽനിന്നും മദ്യം ഒഴിച്ചുനിർത്താനുള്ള തീരുമാനം ആദ്യപടിയായി ഡോക്ടമാർക്ക് നടപ്പാക്കാനായാൽ മറ്റുള്ള വിഭാഗങ്ങൾ മാതൃകയാക്കാൻ സാധ്യതയേറെയാണെന്നും അതുൽ ഗോയൽ പറയുന്നു. ദേശീയ ആരോഗ്യ ദൗത്യം മാനേജിങ് ഡയറക്ടർ, ആരോഗ്യ സെക്രട്ടറി, അഡീഷണൽ സെക്രട്ടറി എന്നിവർക്കും കത്ത് അയച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.