ഇന്ത്യൻ മെഡിക്കൽ അസോസിയേഷനോട് 25 ചോദ്യങ്ങളുമായി രാംദേവ്
text_fieldsന്യൂഡൽഹി: അലോപ്പതി മണ്ടൻ ശാസ്ത്രമാണെന്നും ലക്ഷക്കണക്കിന് കോവിഡ് രോഗികൾ മരിച്ചത് അലോപ്പതി മരുന്ന് കഴിച്ചിട്ടാണെന്നുമുള്ള വിവാദ പ്രസ്താവന പിൻവലിച്ച് തടിതപ്പിയ ബാബ രാംദേവ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനോട് ചോദ്യങ്ങളുമായി രംഗത്ത്. രക്തസമ്മർദം, ടൈപ്പ് 1 - 2 പ്രമേഹം തുടങ്ങിയ അസുഖങ്ങൾക്ക് അലോപ്പതി ശാശ്വത ആശ്വാസം വാഗ്ദാനം ചെയ്യുന്നുണ്ടോ തുടങ്ങിയ 25 ചോദ്യങ്ങളാണ് രാംദേവ് ഉന്നയിച്ചിരിക്കുന്നത്.
തൈറോയ്ഡ്, ആർത്രൈറ്റിസ്, വൻകുടൽ പുണ്ണ്, ആസ്ത്മ എന്നിവയ്ക്ക് ഫാർമ വ്യവസായത്തിൽ സ്ഥിരമായ ചികിത്സ ഉണ്ടോ?, ഫാറ്റി ലിവറിനും ലിവർ സിറോസിസിനും അലോപ്പതിയിൽ മരുന്നുണ്ടോ? -രാംദേവ് ചോദിക്കുന്നു.
"നിങ്ങൾ ടിബിക്കും ചിക്കൻ പോക്സിനും മരുന്ന് കണ്ടെത്തിയ പോലെ കരൾ രോഗങ്ങൾക്കുള്ള ചികിത്സയും നോക്കുക. അലോപ്പതിക്ക് ഇപ്പോൾ 200 വയസ്സ് തികഞ്ഞതാണല്ലോ" -ട്വിറ്ററിൽ പോസ്റ്റ് ചെയ്ത തുറന്ന കത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനോട് (ഐ.എം.എ.) ചോദിച്ചു.
ഹൃദയസ്തംഭനത്തിന് ഫാർമ വ്യവസായത്തിൽ ശസ്ത്രക്രിയ അല്ലാതെ എന്താണ് ചികിത്സ?, കൊളസ്ട്രോളിന് എന്ത് ചികിത്സയാണ് ഉള്ളത്‍?, മൈഗ്രെയ്നിനോ?, മലബന്ധം, ഓർമ്മക്കുറവ് എന്നിവക്ക് പാർശ്വഫലങ്ങളില്ലാതെ ചികിത്സ ഉണ്ടോ? വന്ധ്യതക്കെതിരെയും ഹീമോഗ്ലോബിൻ വർദ്ധിപ്പിക്കാനും അലോപ്പതിയിൽ ചികിത്സയുണ്ടോ എന്നും ചോദ്യമായി കത്തിലുണ്ട്.
അലോപ്പതി ശക്തവും സർവഗുണ സമ്പന്നവുമാണെങ്കിൽ അലോപ്പതി ഡോക്ടർമാർ രോഗികളാകരുതെന്നും പതഞ്ജലി സ്ഥാപകൻ പറയുന്നു.
ദിവസങ്ങൾക്ക് മുമ്പ് പതഞ്ജലിയുടെ കോവിഡ് ബോധവത്കരണ ചടങ്ങിലെ രാംദേവിൻെറ പരാമർശമാണ് വിവാദമായിരുന്നത്. രാംദേവിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നു. പൊതുജനങ്ങളെ ചികിത്സയിൽനിന്ന് അകറ്റുന്ന രാംദേവിനെ തുറങ്കിലടക്കണമെന്ന് ഐ.എം.എ ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്ന്, കേന്ദ്ര മന്ത്രി ഹർഷവർധൻ അടക്കം തള്ളിപ്പറഞ്ഞതോടെയാണ് വിവാദ പ്രസ്താവന പിൻവലിക്കാൻ രാംദേവ് നിർബന്ധിതനായത്. ഇതിനുപിന്നാലെയാണ് ഐ.എം.എയോട് ചോദ്യങ്ങളുമായി രാംദേവ് രംഗത്തെത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.