മെഡിക്കൽ കോളജിൽ വീണ്ടും കരൾമാറ്റ ശസ്ത്രക്രിയക്ക് ഒരുക്കം
text_fieldsഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ വീണ്ടും കരൾമാറ്റ ശസ്ത്രക്രിയക്ക് ഒരുക്കം. ആദ്യ ശസ്ത്രക്രിയ വിജയകരമായി പൂർത്തികരീച്ച് മണിക്കൂറുകൾ പിന്നിടുമ്പോഴാണ് അടുത്ത ദൗത്യം ഏറ്റെടുക്കാനുള്ള ക്രമീകരണങ്ങൾ ആരംഭിച്ചിരിക്കുന്നത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ മസ്തിഷ്ക മരണം സംഭവിച്ച യുവാവിെൻറ കരളാണ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന 50കാരനിൽ തുന്നിച്ചേർക്കാൻ ഒരുങ്ങുന്നത്.
ബുധനാഴ്ച കോട്ടയത്തുനിന്നുള്ള മെഡിക്കൽ സംഘം തൃശൂരിലെത്തി കരൾ ഏറ്റുവാങ്ങുമെന്നാണ് വിവരം. മറ്റ് തടസ്സങ്ങളൊന്നുമില്ലെങ്കിൽ ഇത് എത്തിച്ച് ശസ്ത്രക്രിയ നടത്തും.
ഇതോടൊപ്പം വൃക്ക, ഹൃദയം, കണ്ണ് തുടങ്ങിയ അവയവങ്ങളും ദാനംചെയ്യുവാൻ മസ്തിഷ്ക മരണം സംഭവിച്ചയാളിന്റെ അടുത്ത ബന്ധുക്കൾ സമ്മതിച്ചിട്ടുണ്ടെന്നും അവയും ചികിത്സയിലുള്ള രോഗികൾക്കു നല്കുമെന്നും മെഡിക്കൽ കോളജ് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. ബുധനാഴ്ച രാവിലെ മാത്രമേ ഇക്കാര്യത്തിൽ അന്തിമ സ്ഥിരീകരണമാകൂ.
വിശ്രമരഹിതമായി മെഡിക്കൽ സംഘം; ആദ്യത്തേത് സൗജന്യ ദൗത്യം
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ നടന്ന ആദ്യ കരൾമാറ്റ ശസ്ത്രക്രിയയുടെ ചെലവുകൾ സർക്കാർ വഹിക്കും. ആദ്യ ശസ്ത്രക്രിയയായതിനാലാണ് സൗജന്യമായി നടത്തിയതെന്നും ഇക്കാര്യം സർക്കാർ അറിയിച്ചതായും മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു. രോഗിക്കും ബന്ധുക്കൾക്കും അറിയിപ്പ് നൽകിയിട്ടുണ്ടെന്നും ഇവർ പറഞ്ഞു. ആദ്യദൗത്യം വിജയകരമാണെങ്കിലും നിരീക്ഷണം തുടരുമെന്ന് ഗാസ്ട്രോ സർജറി വിഭാഗം മേധാവി ഡോ. ആർ.എസ്. സിന്ധു പറഞ്ഞു. ഇനിയും കരൾമാറ്റ ശസ്ത്രക്രിയക്കായി രോഗികൾ ലിസ്റ്റിലുണ്ടെന്ന് ഡോ. സിന്ധു പറഞ്ഞു. തൃശൂർ വേലൂർ വട്ടേക്കാട്ട് സുബേഷാണ് (40) കഴിഞ്ഞദിവസം കരൾമാറ്റൽ ശസ്ത്രക്രീയക്ക് വിധേയനായത്. ഭാര്യ പ്രവിജയാണ്(34 ) കരൾ പകുത്തുനൽകിയത്.
ഗാസ്ട്രോ വിഭാഗം ഡോക്ടർമാരായ ഡൊമിനിക് മാത്യു, ജീവൻ ജോസ്, തുളസി കോട്ടായി, ഓങ്കോളജി സർജറി വിഭാഗം മേധാവി ഡോ. ടി വി മുരളി, ജനറൽ സർജൻ ഡോ. ജോസ് സ്റ്റാൻലി, ഡോ. മനൂപ്, അനസ്ത്യേഷ്യ വിഭാഗം മേധാവി ഡോ. ഷീല വർഗീസ്, ഡോ. സോജൻ, ഡോ. അനിൽ, ഡോ. ദിവ്യ, ഡോ. ടിറ്റോ, ഹെഡ് നേഴ്സ് സുമിത തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ പൂർത്തീകരിച്ചത്. സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാറും മുഴുവൻസമയം പങ്കാളിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.