ജാഗ്രത വേണം; ഡെങ്കിപ്പനിക്കെതിരെ
text_fieldsതൊടുപുഴ: ജില്ലയിൽ ഡെങ്കിപ്പനി സംശയിക്കുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ജില്ല വെക്ടർ കൺട്രോൾ യൂനിറ്റ് പ്രവർത്തനം ഊർജിതമാക്കി. ഈ മാസം ഇതുവരെ ഡെങ്കിയെന്ന് സംശയിക്കുന്ന 14 കേസുകളാണ് എത്തിയത്.
ഇതിൽ രണ്ട് പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. തൊടുപുഴയിൽ വെങ്ങല്ലൂരും മുതലക്കോടത്തുമായി രണ്ട് പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. സമീപ ജില്ലകളിൽനിന്ന് പനി ബാധിച്ച് മടങ്ങിയെത്തിയവരിലെ പരിശോധനയിലാണ് ഡെങ്കിപ്പനി കണ്ടെത്തിയത്. ഇതേ തുടർന്ന് പ്രദേശത്തെ വീടുകളും പുരയിടങ്ങളും കേന്ദ്രീകരിച്ച് ഉറവിട കൊതുക് നശീകരണ പ്രവർത്തനങ്ങൾ തുടങ്ങി.
ഒരു പ്രദേശത്ത് ഡെങ്കിപ്പനി റിപോർട്ട് ചെയ്താൽ ആദ്യ ചെയ്യുക ഫോഗിങ്ങും ഉറവിട നശീകരണവുമാണ്. വെള്ളം കെട്ടിനിൽക്കുന്ന പ്ലാസ്റ്റിക്ക് പാത്രം, പടുത, ചെടിച്ചട്ടികൾ, ഫ്ലവർവേസ്, ചിരട്ട എന്നിവയാണ് കൂത്താടികളുടെ ഉറവിടം. ഇവയിൽ നിന്നൊക്കെ ഡെങ്കിപ്പനിക്ക് കാരണമാകുന്ന ഈഡിസ് വിഭാഗം കൊതുകിന്റെ കൂത്താടികളെ കണ്ടെത്തിയിട്ടുണ്ട്.
നിലവിൽ ജില്ലയിൽ ചുരുക്കം കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യമാണുള്ളതെന്ന് ജില്ല എന്റമോളജിസ്റ്റ് സന്തോഷ് ജോർജ് 'മാധ്യമ'ത്തോട് പറഞ്ഞു. എങ്കിലും മുൻകരുതലുകളും പ്രതിരോധ നടപടികളും കൃത്യമായി പാലിക്കണം. നിയന്ത്രിച്ചില്ലെങ്കിൽ ഡെങ്കിപ്പനി പടരാനുള്ള സാധ്യത ഉണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേസുകൾ റിപ്പോർട്ട് ചെയ്യുമ്പോൾ തന്നെ തദ്ദേശ സ്ഥാപനങ്ങൾ ആവശ്യപ്പെടുന്ന ഇടങ്ങളിൽ ബോധവത്കരണവും ഉറവിട നശീകരണവും ജില്ല വെക്ടർ കൺട്രോൾ യൂനിറ്റ് നടത്തുന്നുണ്ട്. കൊതുക് വളർച്ചക്ക് സാധ്യതയുള്ള സാഹചര്യങ്ങൾ ഒഴിവാക്കുകയാണ് ആദ്യം ചെയ്യുന്നത്. ജൂൺ -ജൂലൈ മാസങ്ങളിലാണ് സാധാരണ ഡെങ്കിപ്പനി കൂടുതലായി റിപ്പോർട്ട് ചെയ്യുന്നതെങ്കിലും ഇപ്പോൾ സമീപ ജില്ലകളിൽ ഡെങ്കിപ്പനി കേസുകൾ കൂടുന്നതായി കണ്ടുവരുന്നുണ്ട്.
ഡ്രൈഡേ ആചരണം വഴി ആഴ്ചയിൽ ഒരുദിവസം വീടും പരിസരവും പരിശോധിച്ച് ഉറവിടങ്ങൾ ഇല്ലെന്ന് ഉറപ്പാക്കണമെന്നും ജില്ല വെക്ടർ കൺട്രോൾ യൂനിറ്റ് അധികൃതർ അറിയിച്ചു.
ഇതുകൂടാതെ വൈറൽ പനി, എലിപ്പനി കേസുകളും റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ജില്ലയിൽ ഈ മാസം ഒരു എലിപ്പനി കേസ് സ്ഥിരീകരിച്ചപ്പോൾ നാല് കേസുകൾ സംശയിക്കുന്നു. ജില്ലയിൽ ഒരാഴ്ചക്കിടെ 913 പേർ വൈറൽ പനി ബാധിതരായതാണ് കണക്ക്. ഇത് സർക്കാർ ആശുപത്രികളിൽനിന്ന് മാത്രമുള്ള കണക്കാണ്.
സ്വകാര്യ ആശുപത്രികളിലും വിവിധ ക്ലിനിക്കുകളിലും എത്തിയവരുടെ എണ്ണം പരിശോധിച്ചാൽ ഇതിന്റെ ഇരട്ടിയിലധികം വരും. കുട്ടികൾക്കിടയിലും പനി, ഛർദി തുടങ്ങിയ രോഗങ്ങളും കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.