‘മതിലിൽ ഇരുന്നാൽ’ ആരോഗ്യം, 40കളിലും യൗവനം നിലനിർത്തുന്നതിന്റെ രഹസ്യം വെളിപ്പെടുത്തി നടി ഭാഗ്യശ്രീ
text_fields40കളിലും യൗവനം നിലനിർത്തുന്നതെങ്ങിനെ? ബോളിവുഡ് വെറ്ററൻ താരം ഭാഗ്യശ്രീ സോഷ്യൽ മീഡിയയിൽ ഏത് ചിത്രം പങ്കുവെക്കുമ്പോഴും ആരാധകർ ചോദ്യവുമായി വരും. ഇപ്പോഴിതാ തന്‍റെ ഫിറ്റ്നസ് രഹസ്യം പങ്കുവെച്ചിരിക്കുകയാണ് താരം. സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് ഭാഗ്യശ്രീ ‘രഹസ്യം’ വെളിപ്പെടുത്തിയത്.
'വോൾ സിറ്റ്' എന്ന വ്യായാമമുറയാണ് ഫിറ്റ്നസ് നിലനിർത്താൻ തന്നെ സഹായിക്കുന്നതെന്നാണ് ഭാഗ്യശ്രീ പറയുന്നത്. പല സ്ത്രീകൾക്കും പ്രായമാകുമ്പോൾ പേശികളുടെ ബലം കുറയാൻ സാധ്യത കൂടുന്നു. വാൾ സിറ്റ് പോലുള്ള രീതികൾ ഇത്തരം പ്രശ്നങ്ങളെ മറികടക്കാനും പേശികളുടെ ബലം നിലനിർത്താനും വളരെ ഫലപ്രദമായ മാർഗമാണ്.
'ഇരിക്കുക എന്നതാണ് നിങ്ങൾ ചെയ്യണ്ട ഒരേ ഒരു കാര്യം. പ്രായഭേദമില്ലാതെ, സമയഭേദമില്ലാതെ എല്ലാവരും ചെയ്ത് നോക്കേണ്ട ഒരു വ്യായാമമാണ് വോൾ സിറ്റ്'-ഭാഗ്യശ്രീ പറഞ്ഞു. വോൾ സിറ്റ് എങ്ങനെ ചെയ്യാമെന്നും ഇവർ വിഡിയോ സഹിതം വിശദീകരിക്കുന്നുണ്ട്. നിങ്ങളുടെ ശരീരത്തിന്‍റെ പുറംഭാഗം ചുമരിനോട് ചേർത്ത് വെക്കുകയും കാലുകൾ 90 ഡിഗ്രി ആംഗിളിൽ തറയിൽ ഉറപ്പിച്ചുവെക്കുകയും ചെയ്യുക. ഈ രീതിയിൽ 30 സെക്കൻഡ് തുടരണം. ഇത് രണ്ട് മിനിറ്റ് നേരം ദിവസവും ചെയ്യുക.
40 വയസ്സിനു മുകളിലുള്ള സ്ത്രീകൾ, പേശികളുടെ ആരോഗ്യം, സന്ധികളുടെ ആരോഗ്യം എന്നിവ നിലനിർത്തുന്നത് ദീർഘായുസ്സിനും ജീവിത നിലവാരത്തിനും നിർണായകമാണെന്ന് ഫിറ്റ്നസ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
വോൾ സിറ്റ് ചെയ്യുന്നതിന്റെ പ്രധാന നേട്ടങ്ങൾ:
1. സന്ധികളുടെയും കാലുകളുടെയും ബലം കൂടാൻ സഹായിക്കുന്നു. കാൽമുട്ടുകളിലെ സമ്മർദം കുറയ്ക്കുകയും ശക്തി വർധിപ്പിക്കുകയും ചെയ്യുന്നു.
2. കാൽമുട്ടിന്റെ വേദന കുറയ്ക്കുകയും കാൽമുട്ട് ജോയിന്‍റിന് ചുറ്റുമുള്ള പേശികളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
3. ബാലൻസ് മെച്ചപ്പെടുത്താനും നടുവേദനയെ ലഘൂകരിക്കാനും സഹായിക്കുന്നു.
4. പേശികളുടെ ശേഷി മെച്ചപ്പെടുത്തുകയും ക്ഷീണം കുറയ്ക്കുകയും ചെയ്യുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.