സൂക്ഷിക്കണം, കോവിഡാനന്തര പ്രമേഹത്തെ
text_fieldsകോഴിക്കോട്: കോവിഡ് രോഗം മാറിയവരിൽ പല രോഗങ്ങളും പ്രത്യക്ഷപ്പെട്ടുതുടങ്ങി. അതിൽ പ്രധാനമാണ് പ്രമേഹം. കോവിഡാനന്തര പ്രമേഹം ബാധിക്കുന്നവരുടെ എണ്ണം വളരെയധികം വർധിച്ചുവരുകയാണ്.
കൊറോണ വൈറസ് ശരീരത്തിലെ മറ്റ് അവയവങ്ങളെ ആക്രമിക്കുന്നതുപോലെത്തന്നെ പാൻക്രിയാസിനെയും ആക്രമിക്കുന്നു. ഇത് പാൻക്രിയാസിലെ എൻഡോക്രൈനിനെ ആക്രമിച്ച് ഇൻസുലിൻ ഉൽപാദനം തടയുകയും അതുവഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കുന്നതിനും ഇടയാക്കുന്നു.
കോവിഡ് ഗുരുതരാവസ്ഥയിൽ എത്തുന്നവരിൽ പ്രമേഹത്തിനുള്ള സാധ്യത കൂടുതലാണ്. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്നവരിൽ ഉണ്ടാക്കുന്ന മാനസിക സമ്മർദവും പ്രമേഹത്തിന് വഴിവെക്കുന്നു.
നേരത്തേ പ്രമേഹം ഇല്ലാത്തവർക്കും കോവിഡാനന്തരം പ്രമേഹം ഉണ്ടാവുന്നുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രോഗികളിൽ ഈ രണ്ട് അവസ്ഥകളും സാധാരണമായിരിക്കുകയാണെന്ന് മെഡിക്കൽ കോളജ് മെഡിസിൻ വിഭാഗം പ്രഫസർ ഡോ. വി.കെ. ഷമീർ പറഞ്ഞു.
ഗർഭകാല പ്രമേഹം പോലെ നിശ്ചിത കാലയളവിനുശേഷം മാറുന്നതല്ല കോവിഡാനന്തര പ്രമേഹം എന്നാണ് ആദ്യ നിഗമനങ്ങൾ എന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
എന്നാൽ, കോവിഡ് വന്നവർക്കെല്ലാം പ്രമേഹം വരുമെന്ന ഭയം വേണ്ട. ആരോഗ്യമുള്ളവരിൽ കോവിഡാനന്തര പ്രമേഹം ഉണ്ടാകാൻ സാധ്യതയില്ല. എന്നാൽ, രോഗം ഗുരുതരമാകുന്നവരിൽ ഈ അവസ്ഥ സാധാരണമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.