ദുബൈ നഗരത്തിൽ ഇന്ന് സൈക്കിൾ രാജ്
text_fieldsദുബൈ: ഈ പത്രം നിങ്ങളുടെ കൈകളിൽ എത്തുമ്പോൾ ദുബൈ നഗരത്തിൽ സൈക്കിളുകൾ നിറഞ്ഞിട്ടുണ്ടാവും. 30 ദിവസം നീണ്ടുനിൽക്കുന്ന ദുബൈ ഫിറ്റ്നസ് ചലഞ്ചിന്‍റെ ഭാഗമായ ദുബൈ റൈഡ് ഇന്ന് പുലർച്ച ശൈഖ് സായിദ് റോഡിൽ നടക്കും. പുലർച്ച അഞ്ച് മണി മുതൽ 7.30 വരെയാണ് റൈഡ് നടക്കുന്നതെങ്കിലും മണിക്കൂറുകൾക്ക് മുൻപേ സൈക്കിളുടെ പ്രവാഹം ആരംഭിക്കും. ദുബൈ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലെ അഞ്ച് ഗേറ്റുകൾ വഴിയാണ് റൈഡർമാരെ പ്രവേശിപ്പിക്കുന്നത്.
വാഹനങ്ങൾ ചീറിപായുന്ന ശൈഖ് സായിദ് റോഡിൽ അപൂർവമായി മാത്രമാണ് വാഹനങ്ങൾ േബ്ലാക്ക് ചെയ്യുന്നത്. ദുബൈയുടെ സൗന്ദര്യം ആസ്വദിച്ച് സൈക്കിളിൽ ചുറ്റിത്തിരിയാനുള്ള അസുലഭ മുഹൂർത്തം കൂടിയാണ് ദുബൈ റൈഡ്. 10,000ഓളം റൈഡർമാരാണ് സൈക്കിളുമായി നിരത്തിലിറങ്ങുന്നത്. കേരള റൈഡർമാരുടെ കൂട്ടായ്മയായ ഡി.എക്സ്.ബി റൈഡേഴ്സ്, കേരള റൈഡേഴ്സ് എന്നിവയും അണിനിരക്കും.
ദുബൈ മ്യൂസിയം ഓഫ് ഫ്യൂച്ചർ, ബുർജ് ഖലീഫ, ഡൗൺടൗൺ, വാട്ടർ കനാൽ എന്നിവയുടെ മുൻപിലൂടെയാണ് യാത്ര. കുട്ടികൾക്കും കുടുംബങ്ങൾക്കുമായി പ്രത്യേക റൂട്ടുണ്ട്. പങ്കെടുക്കുന്നവർക്ക് രണ്ട് റൂട്ടുകൾ തെരഞ്ഞെടുക്കാം. 12 കിലോമീറ്റർ ശൈഖ് സായിദ് റോഡ് റൂട്ടും നാല് കിലോമീറ്റർ ഡൗൺ ടൗൺ റൂട്ടും. ഡൗൺ ടൗൺ റൂട്ടാണ് കുടുംബങ്ങൾക്കുള്ള പാത. ശൈഖ് മുഹമ്മദ് ബിൻ റാശിദ് ബൂലേവാദിലൂടെയാണ് ഈ യാത്ര. കയറ്റിറക്കങ്ങൾ ഇല്ലാത്തതിനാൽ കുട്ടികൾക്കും അനായാസം സൈക്കിൾ ചവിട്ടാം.
12 കിലോമീറ്റർ റൂട്ടിൽ കയറ്റിറക്കങ്ങളുണ്ട്. എങ്കിലും യു.എ.ഇയിൽ ചൂട് കുറഞ്ഞ സമയമായതിനാൽ വലിയ ക്ഷീണമില്ലാതെ ആർക്കും ഈ ദൂരം പൂർത്തിയാക്കാം. അഞ്ച് ഗേറ്റുകളിലൂടെയാണ് ശൈഖ് സായിദ് റോഡിലേക്ക് പ്രവേശനം അനുവദിക്കുക. കൊക്ക കോള അരീന, മ്യൂസിയം ഓഫ് ഫ്യൂച്ചർ, അൽ സത്വ, ബിസിനസ് ബേ, ലോവർ ഫിനാൻഷ്യൽ സെന്‍റർ എന്നിവിടങ്ങളിലൂടെയാണ് പ്രവേശിക്കേണ്ടത്. രജിസ്റ്റർ ചെയ്തപ്പോൾ ഏത് ഗേറ്റാണോ നൽകിയത് അതിലൂടെ വേണം പ്രവേശിക്കാൻ. രജിസ്റ്റർ ചെയ്തവരുടെ ബിബുകൾ നേരത്തെ തന്നെ വിതരണം ചെയ്തിരുന്നു. റൈഡർമാർ ഇതും കരുതണം.
കഴിഞ്ഞ വർഷം 33,000 പേരാണ് ദുഢൈ റൈഡിൽ പങ്കെടുത്തത്. ആദ്യ എഡിഷനിൽ ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും പങ്കെടുത്തിരുന്നു. ദുബൈ സ്പോർട്സ് കൗൺസിൽ, വിനോദസഞ്ചാര-സാമ്പത്തിക വകുപ്പ് എന്നിവയാണ് റൈഡ് സംഘടിപ്പിക്കുന്നത്.
ഗേറ്റ് 'എ'യിൽ എത്തുന്നവരുടെ വാഹനങ്ങൾ വേൾഡ് ട്രേഡ് സെന്‍ററിൽ പാർക്ക് ചെയ്യണം. അൽ സത്വയിലെ ഗേറ്റ് ബിയിലും കൊക്ക കോള അരീനയിലെ ഗേറ്റ് സിയിലും ബിസിനസ് ബേയിലെ ഗേറ്റ് ഡിയിലും എത്തുന്നവർ ആർ.ടി.എയുടെ പാർക്കിങുകൾ ഉപയോഗിക്കണം. ഞായറാഴ്ചയായതിനാൽ ആർ.ടി.എ പാർക്കിങ് സൗജന്യമായിരിക്കും. ലോവർ ഫിനാൻഷ്യൽ സെന്‍ററിലെ ഗേറ്റ് ഇയിൽ എത്തുന്നവർ ദുബൈ മാളിലെ സബീൽ പാർക്കിങാണ് ഉപയോഗിക്കേണ്ടത്. ദുബൈ മാളിലെ ഗേറ്റ് എഫിൽ എത്തുന്നവർ ദുബൈ മാൾ സിനിമ പാർക്കിങിൽ വാഹനങ്ങൾ പാർക്ക് ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.