ശരീരത്തിൽ കയറിയാൽ പൊള്ളലേറ്റ പാട്; നൈറോബി ഈച്ച ആക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ്
text_fieldsപട്ന: നൈറോബി ഈച്ചകളുടെ ആക്രമണത്തെ കുറിച്ച് മുന്നറിയിപ്പുമായി ബിഹാറിലെ പുർണിയ ജില്ലയിലെ ആരോഗ്യ വകുപ്പ്. ജനങ്ങളോട് അതീവ ജാഗ്രത പുലർത്താനും അധികാരികൾ നിർദേശിച്ചിട്ടുണ്ട്. ഈച്ചകളുടെ ആക്രമണങ്ങളെ എങ്ങനെ നേരിടണം എന്നതിനെക്കുറിച്ച് ബോധവൽക്കരണം നടത്താൻ മെഡിക്കൽ ഓഫീസർമാർക്കും നിർദേശം നൽകിയിട്ടുണ്ട്.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ (പിഎച്ച്‌സി) കൂടാതെ സബ് ഡിവിഷനൽ, റഫറൽ ആശുപത്രികളിൽ നിയോഗിക്കപ്പെട്ടിട്ടുള്ള എല്ലാ മെഡിക്കൽ ഓഫീസർമാർക്കും ഈച്ചയുടെ സഞ്ചാരം നിരീക്ഷിക്കാനും അവയെ കൈകാര്യം ചെയ്യാനും പൂർണിയ സിവിൽ സർജൻ ഡോ. എസ്.കെ. വർമ കത്തയച്ചിട്ടുണ്ട്. പശ്ചിമ ബംഗാളുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലാണ് നൈറോബി ഈച്ചകളുടെ ആക്രമണ സാധ്യത നിലനിൽക്കുന്നത്.
ജൂലൈ അഞ്ചിന്, സിക്കിമിലെ സിക്കിം മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ നൂറോളം എന്‍ജിനീയറിങ് വിദ്യാർത്ഥികൾക്ക് ഈച്ചകളുടെ ആക്രമണത്തെ തുടർന്ന് ഗുരുതരമായ ചർമ്മ അണുബാധയേറ്റിരുന്നു. ശരീരത്തിന്റെ പലയിടങ്ങളിലായി പൊള്ളലേറ്റത് പോലുള്ള പാടുകൾ ദൃശ്യമാവുകയായിരുന്നു. കിഴക്കൻ ആഫ്രിക്കയിൽ നിന്നുള്ള നൈറോബി ഈച്ചകളാണ് വില്ലൻമാരെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചതോടെ നാട്ടുകാർ പരിഭ്രാന്തരായിരുന്നു.
കോളജ് ക്യാമ്പസിൽ ഈച്ചകൾ പെറ്റുപെരുകിയതായി കണ്ടെത്തിയിട്ടുണ്ട്. കീടങ്ങൾക്കും മറ്റ് പ്രാണികൾക്കും വിളകൾക്കും അപകടമുണ്ടാക്കുന്ന ഈച്ചകളാണ് നൈറോബി ഈച്ചകൾ. അവ മനുഷ്യശരീരത്തിൽ സ്പർശിച്ചാലും പ്രശ്നമാണ്. ഈച്ചകൾ പുറത്തുവിടുന്ന ആസിഡ് കലർന്ന ദ്രാവകമാണ് ചർമ്മത്തിൽ പൊള്ളലേറ്റത് പോലുള്ള പാടുണ്ടാക്കുന്നത്. നൈറോബി ഈച്ചകൾ തൊട്ട ഭാഗങ്ങൾ സോപ്പിട്ട് നന്നായി വൃത്തിയാക്കണമെന്ന് ആരോഗ്യ വിദഗ്ധർ നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.