പക്ഷിപ്പനി: ആരോഗ്യവകുപ്പിന്‍റെ ജാഗ്രതാനിർദേശം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ചില പ്രദേശങ്ങളില്‍ പക്ഷികള്‍ക്ക് പക്ഷിപ്പനി സംശയിക്കുന്ന സാഹചര്യത്തില്‍ ജില്ലകള്‍ക്ക് ആരോഗ്യവകുപ്പിന്‍റെ ജാഗ്രതാനിർദേശം. പക്ഷിപ്പനി മനുഷ്യരെ ബാധിക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ ആവശ്യമാണ്. ആശങ്ക വേണ്ടെങ്കിലും കരുതല്‍ വേണം. രോഗബാധിത പ്രദേശങ്ങളിലുള്ളവരിലെ പനിയും മറ്റ് രോഗലക്ഷണങ്ങളിലും ആരോഗ്യവകുപ്പ് പ്രത്യേകം നിരീക്ഷണം നടത്തും. ഈ പ്രദേശങ്ങളിലുള്ളവര്‍ക്ക് ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളുണ്ടായാല്‍ ഡോക്ടറെ അറിയിക്കണം. കോഴി, താറാവ്, കാട, വാത്ത, ടര്‍ക്കി, അലങ്കാരപ്പക്ഷികള്‍ തുടങ്ങിയ എല്ലാ പക്ഷികളെയും ഈ രോഗം ബാധിക്കാം.
പക്ഷികളില്‍ നിന്ന് മനുഷ്യരിലേക്ക് സാധാരണഗതിയില്‍ ഇത് പകരാറില്ല. എന്നാല്‍ അപൂര്‍വമായി മനുഷ്യരിലേക്ക് പകരാന്‍ കഴിയും വിധം പക്ഷിപ്പനിയുടെ വൈറസിന് രൂപഭേദം സംഭവിക്കാം. ആ വൈറസ്ബാധ ഗുരുതരമായ രോഗകാരണമാകാം. കേരളത്തില്‍ ഈ രോഗം മനുഷ്യരെ ബാധിച്ചതായി ഇതുവരെ റിപ്പോര്‍ട്ടില്ല. എങ്കിലും രോഗബാധയേറ്റ പക്ഷികളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍, പരിപാലിക്കുന്നവര്‍, വളര്‍ത്തുപക്ഷികളുമായി ഇടപെടുന്ന കുട്ടികള്‍, വീട്ടമ്മമാര്‍, കശാപ്പുകാര്‍, വെറ്ററിനറി ഡോക്ടര്‍മാര്‍, മറ്റ് ബന്ധപ്പെട്ട ജീവനക്കാര്‍ എന്നിവര്‍ രോഗബാധ ഏല്‍ക്കാതിരിക്കാനുള്ള പ്രതിരോധ നടപടി സ്വീകരിക്കണം. ശക്തമായ ശരീരവേദന, പനി, ചുമ, ശ്വാസംമുട്ട്, ജലദോഷം, കഫത്തില്‍ രക്തം മുതലായവയാണ് രോഗലക്ഷണങ്ങള്‍. രോഗപ്പകര്‍ച്ചക്ക് സാധ്യതയുള്ള സാഹചര്യത്തിലുള്ളവര്‍ ഈ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ അടുത്തുള്ള ആരോഗ്യകേന്ദ്രത്തെയോ ആരോഗ്യപ്രവര്‍ത്തകരെയോ അറിയിക്കണം.
പ്രതിരോധ മാര്‍ഗങ്ങള്‍
*രോഗബാധയുണ്ടെന്ന് സംശയിക്കുന്ന പക്ഷികളെ കൈകാര്യം ചെയ്യുന്നവര്‍ കൈയുറ, മുഖാവരണം എന്നിവ ധരിക്കുകയും അതതുസമയങ്ങളില്‍ കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുകയും വേണം.
*ഇറച്ചി, മുട്ട എന്നിവ നന്നായി വേവിച്ച് മാത്രം കഴിക്കുക.
* പക്ഷികള്‍ ചാകുകയോ രോഗബാധിതരാകുകയോ ചെയ്താല്‍ മൃഗസംരക്ഷണ വകുപ്പിെനയോ തദ്ദേശസ്വയംഭരണ വകുപ്പിെനയോ അറിയിക്കണം.
*രോഗബാധിതരായ പക്ഷികളുമായി അടുത്തിടപഴകുന്നവര്‍ ആരോഗ്യപ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് പ്രതിരോധ ഗുളിക കഴിക്കേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.