ബ്രെയിൻ റോട്ടി’ന് ചികിത്സയുണ്ട്; സോഷ്യൽ മീഡിയയിൽ മറുമരുന്ന് തയാർ
text_fieldsകഴിഞ്ഞദിവസം, ഈ കോളത്തിൽ ബ്രെയിൻ റോട്ട് എന്ന പുതിയ വാക്കിനെ പരിചയപ്പെടുത്തിയിരുന്നുവല്ലോ. സോഷ്യൽ മീഡിയിൽ കുറേ നേരമങ്ങനെ കുത്തിയിരിക്കുന്ന അവസ്ഥയാണ് ബ്രെയിൻ റോട്ട്.
ബ്രെയിൻ റോട്ട് എന്ന ‘രോഗാവസ്ഥ’യുടെ അപകടം മനസ്സിലാക്കിയതുകൊണ്ടാകാം, കഴിഞ്ഞ ആഴ്ച ആസ്ട്രേലിയൻ പാർലമെന്റ് രാജ്യത്തെ 16 വയസ്സിൽ താഴെയുള്ളവർക്ക് സമൂഹ മാധ്യമ ഉപയോഗം നിരോധിച്ച് നിയമം പാസാക്കിയത്. ആസ്ട്രേലിയൻ മാതൃകയിൽ ബ്രിട്ടൻ അടക്കമുള്ള രാജ്യങ്ങളും ചുവടുവെപ്പുകൾ നടത്തുന്നതായാണ് പുതിയ വാർത്ത.
എന്നാൽ, സോഷ്യൽ മീഡിയ ആസക്തിയും മാറ്റിയെടുക്കാൻ വഴികളുണ്ടെന്നും ഈ മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. കടിച്ച പാമ്പിനെക്കൊണ്ട്തന്നെ വിഷമിറക്കുക എന്ന് പറയുംപോലെ, ഇന്റർനെറ്റിൽതന്നെ ലഭ്യമായ സൈറ്റുകളും ആപ്പുകളൂം വഴി സോഷ്യൽ മീഡിയ അഡിക്ഷൻ കുറയ്ക്കാനാകും.
‘ഓപൽ’
സൗജന്യ ആപ്പായ ‘ഓപൽ’, നിങ്ങളെ കുരുക്കിയിടുന്ന ആപ്പുകൾ തടഞ്ഞുവെക്കാൻ സഹായിക്കും. ദീർഘനേരം ചെലവഴിക്കുന്ന ഓരോ ആപ്പിന്റെയും കണക്ക് ഡിസ്പ്ലേ ചെയ്ത് നിങ്ങൾക്ക് തുടർച്ചയായി മുന്നറിയിപ്പ് നൽകിക്കൊണ്ടിരിക്കും. ഇതേ രീതി തുടർന്നാൽ, ജീവിതത്തിൽ എത്ര മണിക്കൂർ ഇങ്ങനെ നഷ്ടമാകാനിരിക്കുന്നുവെന്ന കണക്കുകളും അത് സമർപിക്കും. സുഹൃത്തുക്കളുമായി നിങ്ങളുടെ സ്ക്രീൻ ടൈം പങ്കുവെക്കാനുള്ള സൗകര്യവും ഇതിലുണ്ട്.
ഫോറസ്റ്റ്
ഫോണിൽനിന്ന് വിട്ടുനിൽക്കുന്നതിന് റിവാർഡ് നൽകുന്ന ആപ്പാണിത്. ഒരു ചെടി നട്ട് കളി തുടങ്ങുന്ന ഒരു ഗെയിമാണ് ഇതിന് സഹായിക്കുന്നത്. നിങ്ങൾ എത്രകണ്ട് മൊബൈൽ ഫോണിൽനിന്ന് വിട്ടുനിൽക്കുന്നോ അത്രവലുപ്പം വെക്കുന്നു, ഈ ചെടി.
പകരം മുഴുസമയം ഫോണിലാണെങ്കിലോ ചെടി എളുപ്പം വാടിപ്പോകുകയും ചെയ്യും. ചെടി വളരും തോറും ഡിജിറ്റൽ കോയിനുകളുടെ എണ്ണം കൂടും. ഒപ്പം, ഈ ആപ്പിൽ നിങ്ങൾ നടുന്ന ഓരോ ചെടിക്കും പകരം ആപ് സൃഷ്ടിച്ചവർ ഒരു യഥാർഥ ചെടി ലോകത്ത് നട്ടുപിടിപ്പിക്കുന്നെന്ന വ്യത്യാസവുമുണ്ട്.
ഡംബ് ഫോൺ
ഫോണിന്റെ ഹോം സ്ക്രീൻ ഒട്ടും ആകർഷകമല്ലാതാക്കുന്നതാണ് മറ്റൊരു വഴി. ആദ്യ കാഴ്ചയിൽതന്നെ നമ്മെ ആകർഷിക്കുന്നതിനുപകരം ദൂരെ നിർത്തുന്ന കാഴ്ച ഹോം സ്ക്രീനിന് നൽകണം. ഐഫോണിൽ ഡംബ് ഫോൺ എന്ന ആപ് ഈ രംഗത്ത് മികച്ച ഒന്നാണ്. ഇരുണ്ട, അല്ലെങ്കിൽ മങ്ങിയ മോഡുകളിലാകും ഇത് നൽകുന്ന ഹോംസ്ക്രീനുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.