മസ്തിഷ്കാഘാതം ശ്രദ്ധവേണം
text_fieldsമസ്തിഷ്കാഘാതം അഥവാ സ്ട്രോക് തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുകയും ജീവൻ അപകടപ്പെടുത്തുകയും ചെയ്യുന്നു. ലോകമെമ്പാടും മരണത്തിന്റെ രണ്ടാമത്തെ കാരണമാണ് സ്ട്രോക്. സ്ട്രോക്കിന്റെ ഏറ്റവും പ്രധാനകാരണം രക്തം കട്ടപിടിക്കുന്നതാണ്. ലക്ഷണങ്ങൾ അറിയുക എന്നതാണ് സ്ട്രോക് പ്രതിരോധത്തിന്റെ ആദ്യപടി. ഉയർന്ന രക്തസമ്മർദം, ഉയർന്ന കൊളസ്ട്രോൾ, അമിതവണ്ണം, അനിയന്ത്രിത പ്രമേഹം, മദ്യപാനം, പുകവലി, കൊറോണറി രക്തകുഴൽ രോഗം, ഒബ്സ്ട്രക്ടിവ് സ്ലീപ് അപ്നിയ, അട്രിയൽ ഫിബ്രിലേഷൻ എന്നിവ ഇതിലേക്ക് നയിക്കാം.
ഇന്ത്യയിലെ 79 ശതമാനം പേരിലും ഏതെങ്കിലും ഒരു തരത്തിൽപെട്ട കൊളസ്ട്രോൾ രോഗമുണ്ട്. കുറയുന്ന എച്ച്.ഡി.എൽ, കൂടുന്ന എൽ.ഡി.എൽ മാത്രമല്ല, കൂടുന്ന ട്രൈഗ്ലിസറൈഡ് ഒരു പ്രധാന കാരണമാണ്. അതിനാൽ, ഭക്ഷണത്തിലെ തകരാർ പരിഹരിക്കേണ്ടത് മറ്റൊരു കാര്യമാണ്. പഴങ്ങളും പച്ചക്കറികളും കൂടുതൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ദിനേനയുള്ള വ്യായാമം പ്രധാനമാണ്. ഇന്ത്യയിൽ 12 ശതമാനം പേരിൽ സ്ട്രോക് ഉണ്ടാകുന്നത് 40 വയസ്സിന് മുമ്പാണ്. 65 വയസ്സിനു ശേഷം മൂന്നിൽ രണ്ടുപേർക്കും സ്ട്രോക് ഉണ്ടാകുന്നുണ്ട്. പ്രായം കൂടുന്നതിനനുസരിച്ച് പുരുഷന്മാർക്കിടയിൽ സ്ട്രോക് സാധ്യത കൂടുതലാണ്. കൈയിലോ കാലിലോ ബലം നഷ്ടപ്പെടുക, ഒരു കണ്ണിന്റെ കാഴ്ച മങ്ങുക, സംസാരിക്കാനുള്ള ബുദ്ധിമുട്ട്, മനസ്സിലാക്കാനുള്ള ബുദ്ധിമുട്ട്, മുഖം കോടിപ്പോകൽ എന്നിവക്ക് പുറമെ ബോധം പെട്ടെന്ന് നഷ്ടപ്പെടുന്ന അവസ്ഥയും സ്ട്രോക്കുമൂലം ഉണ്ടാകാം.
പെട്ടെന്ന് ചികിത്സവേണം
മസ്തിഷ്കാഘാതം സംഭവിക്കുമ്പോൾ മസ്തിഷ്ക കോശങ്ങൾക്ക് ഓക്സിജൻ ലഭിക്കാതെ വരും. തുടർന്ന് ഇവ നശിച്ചുപോകാൻ സാധ്യതയുള്ളതിനാൽ നേരത്തേയുള്ള ചികിത്സ അതീവ പ്രധാനമാണ്. ഇസ്കീമിക് സ്ട്രോക്കാണ് 80 ശതമാനം കാരണവും. രോഗലക്ഷണങ്ങൾ തുടങ്ങി നാലര മണിക്കൂറിനകം രക്തക്കട്ട അലിയിക്കുന്നതിനുള്ള മരുന്നുകൾ നൽകുന്നത് വഴി രോഗം ഭേദമാക്കാൻ ഒരു പരിധിവരെ കഴിയും. എങ്കിലും ഫിസിയോ തെറപ്പിയും തുടർ ചികിത്സയും വേണ്ടിവരും. രക്തക്കുഴലിലെ എബോളിസത്തെ തുടർന്നുണ്ടാകുന്ന സ്ട്രോക്കിന്റെ ലക്ഷണങ്ങൾ പെട്ടെന്ന് പ്രത്യക്ഷപ്പെടും.
ലക്ഷണങ്ങൾ ശ്രദ്ധിക്കണം
രോഗലക്ഷണങ്ങളായി പക്ഷാഘാതം, ശബ്ദമിടറൽ, ഒരു ഭാഗത്തെ കാഴ്ച നഷ്ടപ്പെടൽ, കാഴ്ച രണ്ടായി കാണൽ, നടക്കാനുള്ള പ്രയാസം, അബോധാവസ്ഥ എന്നിവ കാണാം. കഠിനമായ തലവേദനയെ തുടർന്നാണ് പക്ഷാഘാതമെങ്കിൽ തലച്ചോറിനകത്തെ രക്തസ്രാവമോ സബ് അറക്ക്നോയിഡ് ഹെമറേജ് എന്ന രോഗമോ ആകാനുള്ള സാധ്യതയുണ്ട്. ചിലപ്പോൾ അബോധാവസ്ഥയിലായിരിക്കും രോഗിയെ കൊണ്ടുവരിക. സിക്കിൾെസൽ അനീമിയ, അട്രിയൽ ഫിബ്രിലേഷൻ എന്നിവ കൂടാതെ കോർട്ടിക്കൽ വെയ്ൻ ത്രോംബോസിസ് ഇൻഫെക്ടിവ് എന്റോകാർഡൈറ്റിസ് തുടങ്ങിയവും സ്ട്രോക്കിനെ കാരണമാവാറുണ്ട്. രോഗനിർണയത്തിൽ നോൺക്രോൺട്രാസ്റ്റ് സി.ടി പരിശോധന മാത്രമല്ല, രക്തപരിശോധനയും, എം.ആർ.ഐ പരിശോധനയും പ്രധാനമാണ്. കരോട്ടഡ് രക്തക്കുഴലുകൾക്ക് ചുരുക്കം വന്നിട്ടുണ്ടെങ്കിൽ ചികിത്സ വേണ്ടിവരും.
ചികിത്സാരീതി
തലച്ചോറിലേക്കുള്ള രക്തക്കുറവു മൂലം ചുറ്റുമുള്ള കോശങ്ങൾ നശിക്കാൻ ഇടയാകുന്നതിനാൽ ത്രോംബോലൈസിസ് ചികിത്സ രോഗലക്ഷണം തുടങ്ങി നാലര മണിക്കൂറിനകം തുടങ്ങാൻ കഴിയണം. ഇതിനായി പ്രത്യേക സൗകര്യമുള്ള സ്ഥലങ്ങൾ തിരഞ്ഞെടുക്കണം. ആദ്യത്തെ 24 മണിക്കൂർ പരിചരണവും സങ്കീർണതകൾ ഇല്ലെന്ന് ഉറപ്പുവരുത്തലും രോഗിക്ക് രോഗലക്ഷണങ്ങൾ കുറയുമെന്ന് ഉറപ്പുവരുത്തലും പ്രധാനമാണ്.
സി.ടി സ്കാൻ ഡോക്ടർമാരുടെ നിർദേശാനുസരണം നടത്തേണ്ടതുണ്ട്. രക്തസ്രാവമാണ് മസ്തിഷ്കാഘാതത്തിന് കാരണമെങ്കിൽ ചിലപ്പോൾ മാത്രമേ ശസ്ത്രക്രിയ ഫലപ്രദമാകൂ. സെറിബെല്ലത്തിൽ രക്തസ്രാവമുള്ള രോഗികൾക്ക് തുടർച്ചയായ ഛർദിയും നടക്കാനുള്ള പ്രയാസവും ഉണ്ടാവാമെങ്കിലും ശസ്ത്രക്രിയ ആവശ്യമായിവരുന്ന ഘട്ടത്തിൽ പുരോഗതിക്ക് സാധ്യതയുണ്ട്. രക്തസ്രാവമുണ്ടാകുന്ന തലച്ചോറിന്റെ ഭാഗത്തിനനുസരിച്ച് രോഗലക്ഷണങ്ങൾ വ്യത്യസ്തമായിരിക്കും. രക്തസ്രാവത്തെ തുടർന്നുള്ള മസ്തിഷ്ഘാതം മരണത്തിന് കാരണമാവാനുള്ള സാധ്യത കൂടുതലാണ്. ഇതിനോടൊപ്പം തലച്ചോറിന്റെ ആവരണത്തിൽകൂടി രക്തസ്രാവമുണ്ടെങ്കിൽ അത് ഗുരുതരമാകാൻ ഇടയുണ്ട്.
ഒക്ടോബർ 29ന് ലോക സ്ട്രോക് ദിനമായിരുന്നു. മുഖം, കൈകൾ, സംസാരം, സമയം (Face, Arm, Speech, Time) എന്നിവ സ്ട്രോക്കിൽ പ്രധാനമാണ്. FAST എന്ന കാര്യം മസ്തിഷ്കാഘാത ചികിത്സയിൽ നിർബന്ധമായും ഓർക്കേണ്ടതുണ്ട്. ഹിപ്പോക്രാറ്റിസാണ് ഈ രോഗം കണ്ടെത്തിയത്. സ്ട്രോക് മെഡിസിൻ വളർന്നതോടെ ബ്രെയിൻ അറ്റാക്ക് എന്നറിയപ്പെടുന്ന ഈ രോഗചികിത്സയിൽ പ്രതീക്ഷയുടെ നാമ്പുകൾ വളരുന്നുണ്ട്. സ്ട്രോക്കിനെ കുറിച്ചുള്ള അവബോധം വളർത്തൽ, നേരത്തേയുള്ള ചികിത്സ ഉറപ്പുവരുത്തൽ, സ്ട്രോക് പ്രതിരോധിക്കൽ എന്നിവ സ്ട്രോക് ദിനം നമ്മെ ഓർമപ്പടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.