25 വര്‍ഷംമുമ്പ് കളിക്കുന്നതിനിടെ വിഴുങ്ങിയ വിസില്‍ നാൽപതാമത്തെ വയസ്സില്‍ പുറത്തെടുത്തു
text_fieldsപയ്യന്നൂർ: 25 വര്‍ഷംമുമ്പ് കളിക്കുന്നതിനിടെ അറിയാതെ വിഴുങ്ങിയ വിസില്‍ നാൽപതാമത്തെ വയസ്സില്‍ യുവതിയുടെ ശ്വാസനാളിയിൽനിന്ന് പുറത്തെടുത്തു. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ബ്രോങ്കോസ്കോപ്പി നടത്തിയാണ് വിസിൽ പുറത്തെടുത്തത്. പതിനഞ്ചാമത്തെ വയസ്സില്‍ കളിക്കുന്നതിനിടെ 'വിഴുങ്ങിയ' വിസിൽ ശ്വാസനാളത്തിൽ ഇത്രയുംകാലം കുടുങ്ങിക്കിടക്കുകയായിരുന്നുവെന്ന് ഞെട്ടലോടെയാണ് മട്ടന്നൂര്‍ സ്വദേശിനിയായ ആ നാൽപതുകാരി തിരിച്ചറിഞ്ഞത്.
വർഷങ്ങളായി വിട്ടുമാറാത്ത ചുമയുമായി, തളിപ്പറമ്പിലെ ശ്വാസകോശരോഗ വിദഗ്ധൻ ഡോ. ജാഫറിെൻറ ക്ലിനിക്കിൽനിന്ന് റഫർ ചെയ്യപ്പെട്ട് കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ ശ്വാസകോശരോഗ വിഭാഗത്തിൽ എത്തിയ രോഗിക്ക് സി.ടി സ്കാൻ പരിശോധനയിലാണ് ശ്വാസനാളിയിൽ അന്യവസ്തു കുടുങ്ങിട്ടുണ്ടെന്ന് സംശയമുദിച്ചത്. ഉടൻ മെഡിക്കൽ കോളജിലെ ശ്വാസകോശരോഗ വിദഗ്ധൻ ഡോ. രാജീവ് റാമിെൻറ നേതൃത്വത്തിലുള്ള ഡോക്ടർമാരും നഴ്സുമാരുമടങ്ങിയ സംഘം ശ്വാസനാളത്തിൽ ട്യൂബ് കടത്തി ബ്രോങ്കോസ്കോപ്പിക്ക് വിധേയയാക്കി.
ഏവരേയും വിസ്മയിപ്പിച്ച് സ്കോപ്പി വഴി പുറത്തെത്തിയത് ചെറിയ വിസിൽ. രോഗിയോട് തിരക്കിയപ്പോഴാണ് പതിനഞ്ചാം വയസ്സിലെ സംഭവം ഓർത്തെടുത്തത്. അറിയാതെ അകത്തുപോയ വിസിൽ കാൽനൂറ്റാണ്ട് ശരീരത്തിെൻറ ഭാഗമായി മാറിയെന്നറിഞ്ഞതും ചൊവ്വാഴ്ച മാത്രം.ആസ്ത്മയെന്നു കരുതി ഇത്രയുംകാലം ചികിത്സിച്ചിട്ടും ഫലമുണ്ടായില്ല. വിസിൽ പുറത്തുവന്നതോടെ വിട്ടുമാറാത്ത ചുമയും അനുബന്ധ വിഷമങ്ങളുമെല്ലാം മാറിയ സന്തോഷത്തിലാണ് യുവതി. കണ്ണൂർ മെഡിക്കല്‍ കോളജിലെ പൾമണോളജി വിഭാഗത്തിലെ ഡോക്ടർമാർക്കും നഴ്സുമാർക്കും നന്ദി പറഞ്ഞ് പുതുജീവിതത്തിെൻറ വിസിലടിക്ക് കാതോർത്ത് മട്ടന്നൂർ സ്വദേശിനി ആശുപത്രിയുടെ പടിയിറങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.