ബ്രൂസല്ല ഒന്നാം ഘട്ട രോഗപ്രതിരോധ കുത്തിവെപ്പിന് തുടക്കം
text_fieldsകണ്ണൂർ: ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ബ്രൂസല്ല ഒന്നാം ഘട്ട രോഗപ്രതിരോധ കുത്തിവെപ്പിന് ജില്ലയില്‍ തുടക്കമായി. നാലു മാസം മുതല്‍ എട്ടു മാസം പ്രായമായ പശുക്കുട്ടികളിലും എരുമക്കുട്ടികളിലുമാണ് പ്രതിരോധ കുത്തിവെപ്പ് സൗജന്യമായി നല്‍കുന്നത്. ഒരു പ്രാവശ്യം വാക്സിന് നല്‍കുന്നതിലൂടെ ജീവിതകാലം മുഴുവനും രോഗ നിയന്ത്രണം കൈവരിക്കാനാകും.
ജില്ലയില്‍ മേയ് 19 വരെ അഞ്ചു പ്രവൃത്തി ദിവസങ്ങളില്‍ പ്രധാനമായും വാക്സിനേഷന് ക്യാമ്പുകള്‍ വഴിയാണ് കുത്തിവെപ്പ് നടത്തുക. മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യ രോഗമാണ് ബ്രൂസെല്ലോസിസ്. രോഗബാധിതരായ മനുഷ്യരില്‍ വന്ധ്യത, അബോര്ഷന്, പനി, ശരീരവേദന, വിശപ്പില്ലായ്മ, ശരീരഭാരം കുറയല്‍, ബലഹീനത എന്നീ ലക്ഷണങ്ങളാണ് ഉണ്ടാവുക.
മൃഗസംരക്ഷണ മേഖലയിലുള്ളവര്‍, അറവുശാലയിലെ ജീവനക്കാര്‍, മൃഗങ്ങളുടെ തുകല്‍ കൈകാര്യം ചെയ്യുന്നവര്‍ തുടങ്ങിയവര്‍ക്ക് രോഗം പകരാനും സാധ്യതയുണ്ട്.
കന്നുകാലികള്‍ക്കും എരുമകള്‍ക്കും പനി, ഗര്‍ഭാവസ്ഥയുടെ അവസാന ഘട്ടത്തില്‍ ഗര്‍ഭഛിദ്രം, വന്ധ്യത, മാംസത്തിന്റെയും പാലിന്റെയും ഉല്പാദന നഷ്ടം എന്നിവ മൂലം കര്‍ഷകര്‍ക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാകുന്നു. പ്രതിരോധ കുത്തിവെപ്പ് പദ്ധതിയുമായി എല്ലാ കര്‍ഷകരും സഹകരിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.
ജില്ല തല ഉദ്ഘാടനം കണ്ണൂരിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നിര്‍വഹിച്ചു. മൃഗങ്ങളിലെ അസുഖം കണ്ടെത്തി പ്രതിരോധകുത്തിവെപ്പ് നല്കുന്നതില് മൃഗസംരക്ഷണ വകുപ്പ് അതീവ ജാഗ്രതയോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ക്ഷീരമേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായാണ് ജില്ല മുന്നോട്ട് പോകുന്നതെന്നും അവർ പറഞ്ഞു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജില്ല വെറ്ററിനറി കേന്ദ്രം ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ പി.എസ്. ദിവ്യക്ക് വാക്സിനേഷന് കിറ്റ് കൈമാറി. ജില്ല വെറ്ററിനറി കേന്ദ്രം ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ല മൃഗ സംരക്ഷണ ഓഫിസര്‍ ഡോ. എസ്.ജെ. ലേഖ അധ്യക്ഷത വഹിച്ചു. ജന്തുരോഗ നിയന്ത്രണ പദ്ധതി ജില്ല കോഓഡിനേറ്റര്‍ ഡോ. കെ.എസ്. ജയശ്രീ പദ്ധതി വിശദീകരിച്ചു.
കോര്പറേഷന് സ്ഥിരം സമിതി അധ്യക്ഷന്‍ സുരേഷ്ബാബു എളയാവൂര്, ജില്ല വെറ്ററിനറി കേന്ദ്രം ചീഫ് വെറ്ററിനറി ഓഫിസര്‍ ഡോ. ടി.വി. ജയമോഹനന്, സീനിയര്‍ വെറ്ററിനറി സര്ജന് ഡോ. പി.കെ. പത്മരാജ്, ജന്തുരോഗ നിയന്ത്രണ പദ്ധതി ജില്ല എപ്പിഡമിയോളജിസ്റ്റ് ഡോ. ആരമ്യ, തോമസ്, കണ്ണൂര്‍ സഹകരണ പാല് വിതരണ സംഘം പ്രസിഡന്റ് ടി. രമേശന് എന്നിവര്‍ പങ്കെടുത്തു.
എന്താണ് ബ്രൂസല്ല
ബ്രൂസെല്ലോ അബോര്‍ട്ടസ് എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ജന്തുജന്യ രോഗമാണ് ബ്രൂസെല്ലോസിസ്. ചികിത്സ ഇല്ലാത്തതിനാല്‍ വാക്സിനേഷന് വഴി മാത്രമേ രോഗം നിയന്ത്രിക്കാന്‍ കഴിയൂ. മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യ രോഗമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.