മലമ്പനി ദിനാചരണം: എന്താണ് മലമ്പനി?, പ്രതിരോധ പ്രവര്ത്തനങ്ങളറിയാം...
text_fieldsഏകകോശ ജീവിയായ പാരസൈറ്റ് അഥവ പരാദങ്ങള്‍ പരത്തുന്ന രോഗമാണ് മലേറിയ എന്നു വിളിക്കുന്ന മലമ്പനി. അനോഫിലിസ് ഇനത്തിൽപെട്ട പെണ്‍കൊതുകിലൂടെയാണ് പ്ലാസ്മോഡിയം എന്ന ഏകകോശജീവി മനുഷ്യരക്തത്തില്‍ എത്തിച്ചേരുന്നത്. പ്ലാസ്മോഡിയം ശരീരത്തില്‍ പ്രവേശിച്ചാല്‍ 48 മുതല്‍ 72 മണിക്കൂറുകള്‍ക്കുള്ളില്‍ സാധാരണഗതിയില്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. രക്തത്തിലൂടെ പരാദങ്ങള്‍ കരളിന്റെ കോശങ്ങളില്‍ പ്രവേശിച്ച് പെരുകുന്നു. തുടര്‍ന്ന് കരളിന്റെ കോശങ്ങള്‍ നശിക്കുമ്പോള്‍ അത് പരാദങ്ങളെ പുറത്തുവിടുന്നു. അടുത്തഘട്ടത്തില്‍ ഇവ ശരീരത്തിലെ ചുവപ്പു രക്താണുക്കളെ ആക്രമിച്ച് അവിടെയും പെരുകുന്നു. ഇങ്ങനെ പെരുകുന്ന പരാദങ്ങള്‍ ചുവന്ന രക്താണുക്കളെ നശിപ്പിക്കുന്നതോടെ ശരീരത്തില്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങുന്നു.
ലക്ഷണങ്ങൾ
കടുത്ത പനി, വിറയല്‍, തുടര്‍ച്ചയായ വിയര്‍പ്പ്, വിട്ടുമാറാത്ത തലവേദന, ശരീരവേദന, ഓക്കാനം, ഛർദി, തൊലിപ്പുറത്തും മൂത്രത്തിലും കാണുന്ന നിറംമാറ്റം
ചികിത്സ:
മലമ്പനി ചികിത്സിക്കാതിരുന്നാല്‍ ഗുരുതര വിളര്‍ച്ചക്ക് കാരണമാകും. അത് പിന്നീട് ജീവനുതന്നെ ഭീഷണിയായേക്കാം. അതുകൊണ്ട് രോഗലക്ഷണങ്ങള്‍ വഷളാകുന്നതിനു മുമ്പ്, എത്രയും പെട്ടെന്ന് ചികിത്സ സ്വീകരിക്കണം. പനി ബാധിച്ചവരുടെ രക്തപരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്. രോഗത്തെക്കുറിച്ച് സംശയം തോന്നിയാല്‍ ക്ലോറോക്വിന് (Chloroquine) എന്ന ഗുളികയാണ് പ്രാഥമിക ചികിത്സയുടെ ഭാഗമായി നല്‍കുന്നത്.
രക്ത പരിശോധനയിലൂടെ മലേറിയ ആണെന്ന് ഉറപ്പായാല്‍ രോഗിക്ക് തുടര്‍ന്ന് സമ്പൂര്‍ണ ചികിത്സ (Radical treatment) നല്കുന്നു. നിലവില്‍ മലമ്പനിക്കെതിരെ ഫലപ്രദമായ മരുന്നുകള്‍ വിപണിയിലുണ്ട്.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍:
രോഗബാധയുണ്ടാവുന്ന പ്രദേശങ്ങളിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സാധാരണയായി നടത്തുന്നത്. കൊതുക് നശീകരണമാണ് പ്രധാന പ്രവര്‍ത്തനം. കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഓടകളിലും കീടനാശിനി പ്രയോഗം, കുറ്റിക്കാടുകളില്‍ ഫോഗിങ് (പുകപ്രയോഗം), കിണറുകളില്‍ ഗപ്പി എന്ന മത്സ്യത്തെ വളര്‍ത്തുക എന്നിവയാണ് ജനവാസമുള്ള പരിസരങ്ങളില്‍ നടക്കുന്ന പ്രതിരോധപ്രവര്‍ത്തനങ്ങള്‍. വീടിനകം ശുചിയായി സൂക്ഷിക്കുക, ജനവാതിലുകളിലും വാതിലുകളിലും വീടിനകത്തേക്ക് കൊതുകുകള്‍ പ്രവേശിക്കാതിരിക്കാന്‍ നെറ്റ് പിടിപ്പിക്കുക. കൊതുകുവല ഉപയോഗിക്കുക എന്നിവയാണ് വ്യക്തികള്‍ പാലിക്കേണ്ട പ്രതിരോധ മാര്‍ഗങ്ങള്‍.
മലമ്പനി ദിനാചരണം ജില്ലതല ഉദ്ഘാടനം
കൽപറ്റ: ലോക മലമ്പനി ദിനാചരണത്തിന്റെ ജില്ലതല ഉദ്ഘാടനം എടവക ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ല പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി ചെയര്മാന് എം. മുഹമ്മദ് ബഷീര്‍ നിര്‍വഹിച്ചു.
എടവക ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീറ ശിഹാബ് അധ്യക്ഷത വഹിച്ചു. ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പി. ദിനീഷ് വിഷയാവതരണം നടത്തി. 'മലമ്പനി മൂലമുള്ള രോഗാതുരതയും മരണവും കുറക്കുന്നതിനായി നൂതന മാര്‍ഗങ്ങള്‍ പ്രയോജനപ്പെടുത്താം' എന്നതാണ് ഇത്തവണത്തെ മലമ്പനി ദിനാചരണ സന്ദേശം.
ദിനാചരണത്തോട് അനുബന്ധിച്ച് വിപുല പരിപാടികള്‍ ജില്ലയില്‍ സംഘടിപ്പിച്ചു. കൊതുക്ജന്യ രോഗങ്ങള്‍ക്കെതിരായ പ്രതിരോധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ എല്ലാ ആരോഗ്യ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും നടത്തിയതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ബോധവത്കരണത്തിന്റെ ഭാഗമായി ആരോഗ്യ ജാഗ്രത പോസ്റ്ററുകള്‍ ജില്ലയില്‍ തയാറാക്കി വിതരണം ചെയ്തു. ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി ചെയര്മാന് ശിഹാബ് അയാത്ത്, വാര്‍ഡ് മെംബര്‍ അഹമ്മദ് കുട്ടി ബ്രാന്, ഡോ. ടി.പി. അഭിലാഷ്, ജില്ല ടി.ബി. ഓഫിസര്‍ ഡോ. വി. അമ്പു, ഡോ. കെ.വി. ഉമേഷ്, ജില്ല മാസ് മീഡിയ ഓഫിസര്‍ ഹംസ ഇസ്മാലി, ജില്ല മലേറിയ ഓഫിസര്‍ സി.സി. ബാലന്, ഡോ. എം.ടി. സഗീര്‍, ബയോളജിസ്റ്റ് വേണുഗോപാല്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മഞ്ജുനാഥ് തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.