പനിക്കെതിരെ പ്രതിരോധിക്കാം; വാക്സിനേഷന് തുടക്കവുമായി ഖത്തർ
text_fieldsദോഹ: കടുത്ത ചൂടുവിട്ട് കാലാവസ്ഥ മാറിത്തുടങ്ങുകയാണ്. തണുപ്പെത്തും മുമ്പേ അന്തരീക്ഷം അടിമുടി മാറുമ്പോൾ അതിന്റെ സൂചന ജനങ്ങളുടെ ആരോഗ്യത്തിലുമുണ്ടാകും. പനി, ചുമ, ജലദോഷം ഉൾപ്പെടെ അസുഖങ്ങൾ വർധിക്കാനുള്ള സാഹചര്യം കണക്കിലെടുത്ത് ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്.എം.സി), പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ (പി.എച്ച്.സി.സി) എന്നിവരുമായി സഹകരിച്ച് പൊതുജനാരോഗ്യ മന്ത്രാലയം വാർഷിക സീസണൽ പനിക്കെതിരായ കുത്തിവെപ്പ് കാമ്പയിന് തുടക്കം കുറിച്ചു.
തിങ്കളാഴ്ച മുതൽ ഹമദ് മെഡിക്കൽ കോർപറേഷനിലെ ഔട്ട്പേഷ്യന്റ് ക്ലിനിക്കുകൾ, പി.എച്ച്.സി.സിക്ക് കീഴിലുള്ള 31 ഹെൽത്ത് സെന്ററുകൾ, അർധ സർക്കാർ, സ്വകാര്യ ക്ലിനിക്കുകൾ എന്നിവയുൾപ്പെടെ രാജ്യത്തുടനീളമുള്ള 90ഓളം ആരോഗ്യ സേവന കേന്ദ്രങ്ങളിൽ ഫ്ലൂ വാക്സിൻ സൗജന്യമായി ലഭിക്കും.
സ്വദേശികളും താമസക്കാരുമുൾപ്പെടെ എല്ലാവരും പനിക്കെതിരെ വാക്സിൻ സ്വീകരിച്ച് പ്രതിരോധിക്കണമെന്നും എച്ച്.എം.സിയിലെ സാംക്രമികരോഗ വിഭാഗം മേധാവി ഡോ. അബ്ദുല്ലത്തീഫ് അൽഖാൽ പറഞ്ഞു. ഇൻഫ്ലുവൻസ വൈറസുകൾക്ക് എപ്പോഴും മാറ്റം സംഭവിച്ചുകൊണ്ടിരിക്കുമെന്നും അതിനാലാണ് വർഷം തോറും ഫ്ലൂ വാക്സിൻ സ്വീകരിക്കുന്നതിന് പ്രാധാന്യമുള്ളതെന്നും ഡോ. അൽ ഖാൽ വ്യക്തമാക്കി.
ആശുപത്രി അഡ്മിഷനിലേക്കും ചിലപ്പോൾ ഗുരുതരാവസ്ഥയിലേക്ക് മാറിയേക്കാവുന്ന ആരോഗ്യ സാഹചര്യമാണെന്നും ഒരിക്കലും നിസ്സാരമായി കാണരുതെന്നും ഡോ. അബ്ദുല്ലത്തീഫ് അൽ ഖാൽ ചൂണ്ടിക്കാട്ടി.
‘പനിക്കെതിരായ പോരാട്ടം ഓരോ വ്യക്തിയിൽനിന്നുമാണ് ആരംഭിക്കേണ്ടത്. രാജ്യത്തുടനീളമുള്ള സർക്കാർ, സ്വകാര്യ, അർധ സർക്കാർ ആരോഗ്യ സേവന കേന്ദ്രങ്ങളിൽ സൗജന്യമായി വാക്സിൻ ലഭിക്കും. എന്നത്തേക്കാളും എളുപ്പവും സൗകര്യപ്രദവുമാണ് വാക്സിനേഷൻ പ്രക്രിയ. എല്ലാവരും ഫ്ലൂ വാക്സിൻ സ്വീകരിക്കണമെന്ന് അഭ്യർഥിക്കുകയാണ്’ - ഡോ. അബ്ദുല്ലത്തീഫ് അൽ ഖാൽ പറഞ്ഞു.
ഇൻഫ്ലുവൻസ ഗുരുതരമായ രോഗമാണെന്നും ആറു മാസവും അതിൽ കൂടുതൽ പ്രായമുള്ളവരും സ്വയം പ്രതിരോധിക്കാൻ വാക്സിൻ എടുക്കണമെന്നും ചില വിഭാഗങ്ങൾ മറ്റുള്ളവരേക്കാൾ കൂടുതൽ ദുർബലരാണെന്നും ഹെൽത്ത് പ്രൊട്ടക്ഷൻ ആൻഡ് കമ്യൂണിക്കബിൾ ഡിസീസ് കൺട്രോൾ ഡയറക്ടർ ഡോ. ഹമദ് അൽ റുമൈഹി പറഞ്ഞു.
എല്ലാ പ്രായത്തിലുള്ളവർക്കും ആരോഗ്യാവസ്ഥയിലുള്ളവർക്കും ഫ്ലൂ വൈറസ് പിടിപെടാവുന്നതാണ്. എന്നാൽ 50 വയസ്സിനു മുകളിൽ പ്രായമുള്ളവരും വിട്ടുമാറാത്ത രോഗങ്ങളുള്ളവരും അഞ്ചുവയസ്സ് വരെയുള്ള കുട്ടികൾ, ഗർഭിണികൾ, ആരോഗ്യപ്രവർത്തകർ എന്നിവർക്ക് രോഗത്തിന്റെ അപകടസാധ്യത കൂടുതലാണെന്നും ഡോ. അൽറുമൈഹി വിശദീകരിച്ചു.
ശൈത്യകാലം ആരംഭിക്കുന്നതിനു മുമ്പ് പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് എല്ലാവരും വാക്സിൻ എടുക്കണമെന്ന് പി.എച്ച്.സി.സി പ്രിവന്റിവ് ഹെൽത്ത് ഡയറക്ടറേറ്റിലെ ഹെൽത്ത് പ്രൊട്ടക്ഷൻ മാനേജർ ഡോ. ഖാലിദ് ഹമീദ് അൽഅവാദ് പറഞ്ഞു. സമീപസ്ഥലങ്ങളിൽതന്നെ സൗജന്യമായി ഫ്ലൂ വാക്സിൻ എവിടെ ലഭിക്കുമെന്നതുൾപ്പെടെയുള്ള വിവരങ്ങൾക്ക് www.fighttheflu.qa വെബ്സൈറ്റ് സന്ദർശിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.