നട്ടെല്ലിനെ സംരക്ഷിക്കാം; നടുവേദനയെ പ്രതിരോധിക്കാം
text_fieldsനടുവേദന, കഴുത്തുവേദന, തോളെല്ല് വേദന തുടങ്ങി നട്ടെല്ലുമായി ബന്ധപ്പെട്ട് ശരീരത്തിലുണ്ടാകുന്ന എല്ലാതരത്തിലുള്ള വേദനകളും ഇന്ന് സാർവത്രികമായ, സാധാരണ ആരോഗ്യപ്രശ്നമായി മാറുകയാണ്. ഇതിൽ കൂടുതലായി കണ്ടുവരുന്ന ഒന്നാണ് നടുവേദന. ജീവിതകാലത്തിനിടയിൽ എൽ.പി.ബി (Low Back Pain) അഥവാ നടുവേദന ഒരിക്കലെങ്കിലും വരാത്തവർ കുറവായിരിക്കും. 2024ൽ പുറത്തുവന്ന കണക്കുകളനുസരിച്ച് ലോകത്താകമാനം 619 ദശലക്ഷം പേർ നടുവേദനകൊണ്ട് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്. വരും ദശകങ്ങളിൽ ഇത് വലിയതോതിൽ വർധിക്കുമെന്നും മുന്നറിയിപ്പുണ്ട്.
രോഗം വന്നശേഷം ചികിത്സിക്കുന്നതിനേക്കാൾ എപ്പോഴും നല്ലത് രോഗം വരാതിരിക്കാൻ ശ്രദ്ധിക്കുകയും അതിനാവശ്യമായ മുൻകരുതലുകൾ എടുക്കുകയുമാണ് എന്നകാര്യം നട്ടെല്ലുമായി ബന്ധപ്പെട്ട രോഗങ്ങളുടെ കാര്യത്തിലും ബാധകമാണ്.
പ്രായമാകുമ്പോൾ, ശാരീരികമായ പ്രശ്നങ്ങൾ സ്വാഭാവികമാണ്. അതുകൊണ്ടുതന്നെ മുതിർന്ന പൗരന്മാരിൽ മുട്ടുവേദന, നടുവേദന, കഴുത്തുവേദന തുടങ്ങിയവ സ്വാഭാവികമാണ്. അതേസമയം, ഇന്ന് മധ്യവയസ്കരിലും യുവാക്കളിലും കൗമാരക്കാരിലും വരെ ഇത്തരം വേദനകൾ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. ശരീരഭാരത്തിലുണ്ടാവുന്ന വർധന, വ്യായാമമില്ലാത്ത ജീവിതശൈലി, ദീർഘനേരം ഇരുന്നുള്ള ജോലി, കമ്പ്യൂട്ടർപോലുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ഉപയോഗിക്കുന്നതിലൂടെ കഴുത്തിനുണ്ടാവുന്ന ആയാസക്കുറവ്, അശാസ്ത്രീയ രീതിയിലുള്ള ഇരിപ്പ്, നട്ടെല്ലിന് പ്രശ്നം സൃഷ്ടിക്കുന്ന കിടക്കകളിൽ കിടന്നുള്ള ഉറക്കം, ഹൈ ഹീൽ ചെരിപ്പ്/ഷൂ എന്നിവയുടെ ഉപയോഗം തുടങ്ങി ആധുനിക ജീവിതരീതിയുടെ ഭാഗമായി ലഭിക്കുന്ന ശീലങ്ങളാണ് ചെറുപ്രായത്തിൽതന്നെ വ്യക്തികളെ പലതരത്തിലുള്ള വേദനകളിലേക്ക് തള്ളിവിടുന്നത്. അതുകൊണ്ടുതന്നെ രോഗം വരാതിരിക്കാൻ എന്തെല്ലാം ചെയ്യാൻ കഴിയുമെന്ന കാര്യം പരിശോധിക്കാം.
നടുവേദനമൂലം ചികിത്സതേടിയെത്തുന്ന ഭൂരിപക്ഷം പേർക്കും നട്ടെല്ലിനെ ബാധിക്കുന്ന തേയ്മാനമോ ഡിസ്ക് രോഗങ്ങളോ ആവാനാണ് സാധ്യത. ചികിത്സയുടെ ഭാഗമായി ആദ്യഘട്ടത്തിൽ ഫിസിയോതെറപ്പിയും ചെറിയ തോതിലുള്ള വ്യായാമവുമാണ് നിർദേശിക്കുക. കൂടാതെ പൊണ്ണത്തടിയുള്ളവർക്ക് ശരീരഭാരം കുറക്കാനുള്ള നിർദേശങ്ങളും നൽകും. ആവശ്യമായ വിശ്രമവും വേദന സംഹാരികളുടെ ഉപയോഗവുംകൊണ്ട് പ്രാരംഭഘട്ടത്തിലുള്ള നടുവേദനകൾക്ക് ഫലം കാണാറുണ്ട്.
നട്ടെല്ലിന്റെ ആരോഗ്യത്തെ ബാധിക്കുന്ന ജീവിതരീതികൾ മാറ്റിയെടുക്കുകയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഇതിനായി ഒരു വിദഗ്ധ ഡോക്ടറുടെ ഉപദേശം തേടണം.
ചില നടുവേദനകൾ ഗർഭപാത്രവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മുതൽ അർബുദം വരെയുള്ള വിവിധ ശാരീരിക രോഗങ്ങളുടെ ഭാഗമായി കണ്ടുവരാറുണ്ട്. അത്തരം പ്രശ്നങ്ങൾ പരിഹരിക്കണമെങ്കിൽ അടിസ്ഥാന കാരണങ്ങളാകുന്ന രോഗങ്ങൾ ചികിത്സിച്ചുമാറ്റുകതന്നെ വേണം.
അതുപോലെത്തന്നെ വിഷാദരോഗം, പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോർഡർ (Post Traumatic Stress Disorder) തുടങ്ങിയ മാനസിക പ്രശ്നങ്ങൾ നേരിടുന്നവരിൽ കണ്ടുവരുന്ന നടുവേദനക്ക് സാധാരണ നൽകുന്ന വേദനസംഹാരികൾകൊണ്ടോ ഫിസിയോ തെറപ്പികൊണ്ടോ ഉണ്ടാവുന്ന കുറവ് താൽക്കാലികം മാത്രമായിരിക്കും. ഇങ്ങനെയുള്ളവർക്ക് പൂർണമായ പരിഹാരത്തിന് ഒരു മനോരോഗ വിദഗ്ധന്റെ സേവനം ആവശ്യമാണ്.
നട്ടെല്ലിനെ എങ്ങനെ സംരക്ഷിക്കാം... ?
നട്ടെല്ലിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന കാര്യങ്ങളിൽ പൊതുവായ ചില ജീവിതരീതികളും ബോധപൂർവമല്ലാതെ ചെയ്യുന്ന ചില പ്രവൃത്തികളും ഉൾപ്പെടും. അവ ഏതെല്ലാമെന്ന് പരിശോധിക്കാം.
- നട്ടെല്ല് നിവർത്താതെ കുനിഞ്ഞുകൊണ്ടുള്ള ദീർഘനേരത്തെ നിൽപ്, ഭാരം വഹിച്ചുകൊണ്ടുള്ള നിൽപ് എന്നിവ രോഗകാരണമായേക്കാം. അതുപോലെതന്നെ ദീർഘനേരം ഇരുന്ന് ജോലിചെയ്യുകയോ പഠിക്കുകയോ വിനോദങ്ങളിൽ ഏർപ്പെടുകയോ ചെയ്യുമ്പോൾ കസേര, മേശ തുടങ്ങിയവയുടെ ഉയരത്തിലുള്ള വ്യത്യാസങ്ങളും പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്. പല യുവാക്കളും, പ്രത്യേകിച്ച് വിദ്യാർഥികളും ഓഫിസ് ജീവനക്കാരും ശരിയായ ഉയരവും ചാരിയിരിക്കാൻ കഴിയുന്നതുമായ കസേര, കൈകൾക്ക് എളുപ്പത്തിൽ പ്രവർത്തിക്കാൻ കഴിയുന്ന ഉയരത്തിലുള്ള മേശ എന്നിവ ഉപയോഗിക്കുന്നതിൽ ശ്രദ്ധിക്കാറില്ല. ഇരിക്കുമ്പോഴും നിൽക്കുമ്പോഴും കുനിയുന്നത് നട്ടെല്ലിന് അധിക സമ്മർദം ഉണ്ടാക്കുന്നതിനാൽ അത് പൂർണമായി ഒഴിവാക്കണം. ഇത് ഓഫിസിലും ക്ലാസ് മുറികളിലും മാത്രമല്ല, വീടുകളിലെ അടുക്കളയിൽപോലും ബാധകമായ കാര്യമാണ്. പലപ്പോഴും അടുക്കള കൂടുതലായി ഉപയോഗിക്കുന്ന വ്യക്തിയുടെ ഉയരം പരിഗണിക്കാതെയാണ് വീട് പണിയുമ്പോൾ സ്ലാബുകളും സിങ്കുകളും നിർമിക്കുന്നത്. അതുപോലെത്തന്നെ സ്ഥിരമായി ഉപയോഗിക്കുന്ന ഷെൽഫ്, അലമാര എന്നിവയുടെ ഉയരവും പലപ്പോഴും പൊതുവായ അളവുകളുടെ അടിസ്ഥാനത്തിൽ നിർമിച്ചതാവും. ഇതെല്ലാം നടുവേദനക്കും കഴുത്തിന്റെയും കൈകളുടെയും വേദനക്കും കാരണമാവും.
- ഉദാസീനവും വ്യായാമരഹിതവുമായ ജീവിതശൈലിയും നട്ടെല്ലിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ക്രമമായ ചലനങ്ങളും ശാരീരിക പ്രവർത്തനങ്ങളും നട്ടെല്ലിന് ചുറ്റിലുമുള്ള പേശികളെ ബലപ്പെടുന്നതിന് അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ ശരീരത്തെ കഴിയുന്നത്ര പ്രവർത്തനക്ഷമമാക്കാൻ ശ്രദ്ധിക്കുകയോ ദിവസേന മിതമായ രീതിയിലെങ്കിലും വ്യായാമങ്ങളിൽ ഏർപ്പെടുകയോ വേണം. ആഴ്ചയിൽ അഞ്ച് ദിവസമെങ്കിലും ദിനം പ്രതി 30 മിനിറ്റ് നേരം ശാസ്ത്രീയമായ രീതിയിലുള്ള വ്യായാമത്തിൽ ഏർെപ്പടാമെന്ന് പഠനങ്ങൾ നിർദേശിക്കുന്നു. നടത്തം, സൈക്കിൾ ചവിട്ടൽ, നീന്തൽ എന്നിവയും നട്ടെല്ലിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്ന പ്രവർത്തനങ്ങളാണ്.
- അമിത സ്ക്രീൻ സമയമാണ് മറ്റൊരു കാരണം. സ്മാർട്ഫോണുകളിലോ ടാബ്ലെറ്റുകളിലോ കമ്പ്യൂട്ടറുകളിലോ ദീർഘനേരം ചെലവഴിക്കുന്നത് ശരീരത്തിന്റെ പിറകുവശത്തും കഴുത്തിലുമുള്ള പേശികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയും കാലക്രമേണ അവ വേദനയിലേക്ക് നയിക്കുകയും ചെയ്യും. ഒരു വ്യക്തിയുടെ കഴുത്തിന് മുകളിലേക്കുള്ള തലയുടെ ഭാഗത്തിന് ശരാശരി അഞ്ച് കിലോഗ്രാം തൂക്കമാണെങ്കിൽ ആ വ്യക്തി കഴുത്ത് 45 ഡിഗ്രിയെങ്കിലും താഴേക്ക് വളച്ചുകൊണ്ട് ഇരിക്കുമ്പോൾ കഴുത്തിൽ ശരാശരി 27 കിലോഗ്രാം ഭാരം അനുഭവപ്പെടും എന്നാണ് ശാസ്ത്രീയമായ കണക്ക്. ഇത്തരത്തിൽ ഒരു വ്യക്തി ദിവസം 5 മുതൽ 8 മണിക്കൂർ വരെ തുടർച്ചയായി ഇരിക്കുന്ന പക്ഷം അത് നട്ടെല്ലിന്റെ ആരോഗ്യത്തെ ബാധിക്കും. അതുകൊണ്ടുതന്നെ സ്ക്രീൻ ഉപയോഗം കാര്യമായി നിയന്ത്രിക്കണം. കമ്പ്യൂട്ടറുകളും മറ്റ് ഇലക്ട്രോണിക്സ് ഉപകരണങ്ങളും നിവർന്നിരുന്ന് ഉപയോഗിക്കാൻ പാകത്തിൽ സ്ഥാപിക്കുകയും വേണം.
- സ്കൂൾ വിദ്യാർഥികൾ മുതൽ തൊഴിലെടുക്കുന്ന ചെറുപ്പക്കാർവരെ ഇന്ന് അമിത ഭാരമുള്ള ബാക്ക്പാക്കുകൾ സ്ഥിരമായി ഉപയോഗിച്ചുവരുന്നുണ്ട്. ശാസ്ത്രീയ സമീപനമനുസരിച്ച് ഒരു വ്യക്തിയുടെ ശരീരഭാരത്തിന് ആനുപാതികമായി മാത്രമേ ഭാരം ചുമക്കാൻ അനുവാദമുള്ളൂ. എന്നാൽ, ഇതൊന്നും പരിഗണിക്കാതെ ഒരാൾ അയാൾക്ക് താങ്ങാൻ കഴിയുന്നതിലും കൂടുതൽ ഭാരം വഹിക്കുന്ന രീതിയാണ് ഇന്ന് കണ്ടുവരുന്നത്. ഒരു തോളിൽമാത്രം ചുമക്കുന്ന രീതിയിലാണെങ്കിൽ ഇതിന്റെ പ്രത്യാഘാതം കൂടാനും ഇടയുണ്ട്. ഇതെല്ലാം നടുവേദനക്ക് കാരണമാകും. ബാഗിന്റെ ഭാരം നട്ടെല്ലിൽ നേരിട്ട് സമ്മർദമുണ്ടാക്കുകയും നട്ടെല്ലിനോടനുബന്ധിച്ചുള്ള പേശികളിൽ അസന്തുലിതാവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നതുകൊണ്ടാണിത്. ഈ പ്രശ്നത്തിനുള്ള പരിഹാരം വ്യക്തികൾതന്നെ കണ്ടെത്തുകയാണ് വേണ്ടത്.
- പൊണ്ണത്തടിയും നടുവേദനക്കും സന്ധിവേദനകൾക്കുമുള്ള ഒരു പ്രധാന കാരണമാണ്. ശരീരത്തിന്റെ അമിതഭാരം കാൽമുട്ടുകൾക്കും നട്ടെല്ലിനും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ചെറിയതോതിലുള്ള അമിതഭാരംപോലും പുറംഭാഗത്തുള്ള പേശികൾക്കും ലിഗ്മെന്റുകൾക്കും ആയാസം കൂട്ടുന്നു. ആമാശയത്തിലെ അധികഭാരം സാധാരണയായി അരക്കെട്ടിന് സമ്മർദമുണ്ടാക്കുകയും ഇത് നടുവേദന രൂക്ഷമാക്കുകയും ചെയ്യുന്നു. ഭക്ഷണനിയന്ത്രണം, വ്യായാമം തുടങ്ങിയവയിലൂടെ ശരീരഭാരത്തെ നിയന്ത്രിക്കാവുന്നതാണ്. ഭക്ഷണത്തോടുള്ള ആസക്തി (Eating disorder) പോലുള്ള പ്രശ്നങ്ങളും ചികിത്സക്ക് വിധേയമാക്കണം.
- അശാസ്ത്രീയമായ രീതിയിൽ നിർമിച്ച ചെരിപ്പ്, ഷൂ പോലുള്ള പാദരക്ഷകളും നടുവേദനക്ക് കാരണമാവാറുണ്ട്. ഉദാഹരണത്തിന് ഹൈ ഹീൽ ചെരിപ്പുകളും ഷൂകളും ധരിക്കുന്നവരിൽ നടുവേദന സാധാരണമാണ്. ഇവ ധരിച്ചുകൊണ്ട് ദീർഘനേരം നിൽക്കുന്നതും നടക്കുന്നതും നട്ടെല്ല് വളയാൻ കാരണമാവും. അതുകൊണ്ടുതന്നെ ഇവയുടെ ഉപയോഗം പരമാവധി പരിമിതപ്പെടുത്താൻ ശ്രദ്ധിക്കണം.
- പൊതുവിൽ സമൂഹം വേണ്ടത്ര ഉൾക്കൊള്ളാത്ത ഒന്നാണ്, മാനസിക സമ്മർദങ്ങൾ നടുവേദനക്ക് കാരണമാവും എന്ന കാര്യം. മനസ്സിന്റെ വിട്ടുമാറാത്തതും അമിതവുമായ സമ്മർദങ്ങൾ വ്യക്തികളിൽ ഉത്കണ്ഠ, വിഷാദം പോലുള്ള മാനസിക പ്രശ്നങ്ങളിലേക്കും അവ പേശികളുടെ പിരിമുറുക്കത്തിലേക്കും നയിച്ചേക്കാം. ഇതും നടുവേദനക്ക് കാരണമാവുകയോ നടുവേദനയുള്ളവരിൽ അത് അധികരിക്കാൻ കാരണമാവുകയോ ചെയ്യും. ഒരു മാനോരോഗ വിദഗ്ധനെയോ മനഃശാസ്ത്രജ്ഞനെയോ സന്ദർശിച്ച് ചികിത്സതേടാൻ മടിക്കരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.