രാജ്യത്ത് വാക്സിൻ ബൂസ്റ്റർ ഡോസ് നൽകേണ്ടി വരുമോ?, വിദഗ്ധ സമിതി പഠനത്തിൽ
text_fieldsന്യൂഡൽഹി: കൊറോണ വൈറസിനെതിരെ രാജ്യത്ത് വാക്സിൻ ബൂസ്റ്റർ ഡോസ് നൽകേണ്ടി വരുമോ എന്ന് തീരുമാനിക്കാൻ രണ്ട് വിദഗ്ധ സമിതികൾ ശാസ്ത്രീയ തെളിവുകൾ അപഗ്രഥിച്ചുവരുകയാണെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീൺ പവാർ ലോക്സഭയെ അറിയിച്ചു. വാക്സിൻ വിതരണ ദേശീയ വിദഗ്ധ സമിതി(എൻ.ഇ.ജി.വി.എ.സി), രോഗപ്രതിരോധം സംബന്ധിച്ച ദേശീയ സാങ്കേതിക സംഘം എന്നിവരാണ് ഇക്കാര്യം പഠിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ബൂസ്റ്റർ ഡോസിെൻറ ക്ലിനിക്കൽ പരീക്ഷണത്തിന് രണ്ട് സ്ഥാപനങ്ങൾക്കും അനുമതി നൽകിയിട്ടുണ്ട്.
ഒന്ന്, രണ്ട് ഘട്ടം വാക്സിൻ യജ്ഞത്തിെൻറ ബൂസ്റ്റർ ഡോസിന് ഭാരത് ബയോടെക്കിനും രണ്ട് മൂന്ന് ഘട്ടം വാക്സിൻ യജ്ഞത്തിെൻറ ബൂസ്റ്റർ ഡോസിന് ബയോളജിക്കൽ ഇ എന്ന സ്ഥാപനത്തിനുമാണ് അനുമതി നൽകിയിരിക്കുന്നത്.
നാലാം ഘട്ടത്തിൽ കോവിഷീൽഡ്, കോവാക്സിൻ എന്നീ വാക്സിനുകൾ ഒരാൾക്ക് മാറിമാറി കൊടുക്കാൻ കഴിയുമോ എന്നത് സംബന്ധിച്ച് വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിലും പഠനം നടക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. അതേസമയം, എല്ലാവരും വാക്സിൻ എടുത്തുകഴിഞ്ഞ ശേഷമേ ബൂസ്റ്റർ ഡോസിനെപ്പറ്റി ചിന്തിക്കൂവെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ പറഞ്ഞു.
കുട്ടികൾക്ക് കോവിഡ് വാക്സിൻ: തീരുമാനമായില്ല
ന്യൂഡൽഹി: കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകുന്നത് സംബന്ധിച്ച് 'പ്രതിരോധ കുത്തിവെപ്പിനായുള്ള ദേശീയ സാങ്കേതിക ഉപദേശക സമിതി'യിൽ (എൻ.ടി.എ.ജി.ഐ) നിന്ന് ഇതുവരെ നിർദേശമൊന്നും ലഭിച്ചിട്ടില്ലെന്ന് 'നിതി ആയോഗ്' അംഗം (ആരോഗ്യം) ഡോ. വി.കെ. പോൾ പറഞ്ഞു. ഈ വിഷയത്തിൽ, വിവിധ അഭിപ്രായങ്ങൾ പരിശോധിക്കുകയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ബൂസ്റ്റർ ഡോസിനെക്കുറിച്ചുള്ള ആഗോള തലത്തിലുള്ള പഠനങ്ങൾ വിലയിരുത്തുന്നുണ്ട്. ഇക്കാര്യത്തിൽ ലോകാരോഗ്യ സംഘടന ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. പ്രാഥമിക കുത്തിവെപ്പ് പൂർത്തിയാക്കുന്നതിലാണ് ലോകാരോഗ്യ സംഘടന ശ്രദ്ധയൂന്നുന്നത്. ഇതേ കാഴ്ചപ്പാടാണ് 'നിതി ആയോഗി'നും -പോൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.