ഓരോ പുകയെടുക്കുമ്പോഴും മുന്നറിയിപ്പ് കാണണം; പുകവലി നിർത്താൻ പുതിയ മാർഗവുമായി കാനഡ
text_fieldsഒട്ടാവ: പുകവലിക്കാരെ പിന്തിരിപ്പിക്കുന്നതിനായി പുതിയ മാർഗം പരീക്ഷിക്കാൻ കാനഡ. ഓരോ സിഗററ്റിലും പുകവലിയുടെ അപകട മുന്നറിയിപ്പ് നൽകാനാണ് തീരുമാനം. 'പുകവലി അർബുദത്തിന് കാരണമാകും, കുഞ്ഞുങ്ങളെ ദോഷകരമായി ബാധിക്കും, വന്ധ്യതക്കും രക്താർബുദത്തിനും കാരണമാകും, ഓരോ പുകയും വിഷമാണ്' തുടങ്ങിയ മുന്നറിയിപ്പുകൾ ഓരോ സിഗററ്റിലും ഇംഗ്ലീഷിലും ഫ്രഞ്ചിലും പ്രിന്‍റ് ചെയ്യും. ഇതുവഴി ബോധവത്കരണം ശക്തമാക്കാനാണ് ഉദ്ദേശിക്കുന്നത്.
പല രാജ്യങ്ങളിലും സിഗററ്റ് പാക്കറ്റിന് മുകളിൽ ആരോഗ്യ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഓരോ സിഗററ്റിലും മുന്നറിയിപ്പ് നൽകുന്ന ആദ്യ രാജ്യമാകുകയാണ് കാനഡ. പാക്കറ്റിന് മുകളിൽ നൽകുന്ന മുന്നറിയിപ്പിനേക്കാൾ ഇത് ഫലപ്രദമാകുമെന്ന് കനേഡിയൻ ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. പാക്കറ്റിലെ മുന്നറിയിപ്പ് വേണമെങ്കിൽ പുകവലിക്കാർക്ക് നോക്കാതെ ഒഴിവാക്കാം, എന്നാൽ സിഗററ്റിലെ മുന്നറിയിപ്പ് ഒഴിവാക്കാനാകില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തെ ഏറ്റവും വലിയ പൊതുജനാരോഗ്യ പ്രശ്നമാണ് പുകവലി. 2035ഓടെ രാജ്യത്തെ പുകയില ഉപഭോഗം അഞ്ച് ശതമാനത്തിനും താഴെയായി കൊണ്ടുവരാനാണ് കാനഡയുടെ തീരുമാനം. ഇതിന്‍റെ ഭാഗമായാണ് പുതിയ മുന്നറിയിപ്പ്. ആഗസ്റ്റ് ഒന്നു മുതലാണ് സിഗററ്റുകളിൽ മുന്നറിയിപ്പ് നൽകിത്തുടങ്ങുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.