അർബുദബാധ; 23 ശതമാനവും ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ടെന്ന് പഠന റിപ്പോർട്ട്
text_fieldsമുളങ്കുന്നത്തുകാവ്: അർബുദബാധയുടെ 23 ശതമാനവും ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ടാണെന്നും തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ 2020ൽ ചികിത്സ തേടിയത് പുതിയ 4062 രോഗികളെന്നും റിപ്പോർട്ട്. മെഡിക്കൽ കോളജ് നെഞ്ചുരോഗാശുപത്രിയിലെ കാൻസർ ടെറിട്ടറി കെയർ സെന്റർ 2020ലെ എച്ച്.ബി.സി.ആർ വാർഷിക റിപ്പോർട്ടിലാണ് കണ്ടെത്തൽ.
പുരുഷന്മാരിൽ 42 ശതമാനവും പുകയില ജന്യ അർബുദവും പുരുഷന്മാരിലും സ്ത്രീകളിലും ഒരുമിച്ചുള്ള കണക്കെടുത്താൽ 23 ശതമാനവും ദഹനവുമായി ബന്ധപ്പെട്ട അർബുദവുമാണെന്നാണ് കണ്ടെത്തൽ. പുരുഷന്മാരിൽ ശ്വാസകോശാർബുദവും (13.5 ശതമാനം) സ്ത്രീകളിൽ സ്തനാർബുദവുമാണ് (15 .5 ശതമാനം) കൂടുതലായി കണ്ടുവരുന്നത്.
ചികിത്സ തേടിയ രോഗികളുടെ കണക്കനുസരിച്ച് ദഹന വ്യവസ്ഥയിലെ അർബുദമാണ് ഇരു വിഭാഗത്തിലും ഏറ്റവും കൂടുതലായി കാണുന്നത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടുന്ന 46 ശതമാനം രോഗികൾക്ക് സർക്കാർ മേഖലയിൽ അർബുദ ചികിത്സ ചെലവു കുറച്ച് ലഭ്യമാകുമെന്ന് അറിവില്ലാതെ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി സ്വയം സാമ്പത്തിക ഭാരം ഏൽക്കുന്നവരാണ്.
ഇക്കാരണത്താൽ ചികിത്സ മുടങ്ങുന്ന രോഗികൾ 40 ശതമാനത്തോളം വരുന്നു. ഇത് സാമൂഹികമായ അറിവില്ലായ്മയുടെ ഫലമാണെന്ന് പഠന റിപ്പോർട്ട് സൂചിപ്പിക്കുന്നു. റിപ്പോർട്ട് പ്രിൻസിപ്പൽ ഡോ. ബി. ഷീല പ്രകാശനം ചെയ്തു.
സമഗ്രമായ റേഡിയേഷൻ ചികിത്സ രോഗികൾക്ക് ഉറപ്പുവരുത്തുന്നതിന് അടിയന്തരമായി ഉപകരണങ്ങൾ വാങ്ങണമെന്നും 20 ശതമാനം രോഗികൾക്ക് ആധുനികമായ റേഡിയോ ന്യൂക്ലിയയിഡ് ചികിത്സക്കായി ന്യൂക്ലിയർ മെഡിസിൻ വിഭാഗം അടിയന്തരമായി ആരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
വർധിക്കുന്ന ഉദര രോഗങ്ങൾ ചികിത്സിക്കാൻ സർജിക്കൽ ഗ്യാസ്ട്രോഎന്ററോളജി വിഭാഗവും കരൾ മാറ്റിവെക്കൽ വിഭാഗവും അനിവാര്യമാണ്. സൗജന്യമായി നൽകുന്ന അർബുദ മരുന്നുകളിൽ കൂടുതൽ ഇനം മരുന്നുകൾ ഉൾപ്പെടുത്തി വിപുലീകരിച്ച് കാരുണ്യ പദ്ധതികൾ വഴി രോഗികൾക്ക് ലഭ്യമാക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു.
റേഡിയേഷൻ ഓങ്കോളജി വിഭാഗത്തിൽ മുൻ മേധാവിയായ അന്തരിച്ച ഡോ. ആർ. മഹാദേവന്റെ ഫോട്ടോ പ്രിൻസിപ്പൽ അനാച്ഛാദനം ചെയ്തു. മെഡിക്കൽ കോളജ് അർബുദ വിഭാഗം മേധാവി ഡോ. സുരേഷ് കുമാർ കെ. ഡോ. മഹാദേവൻ അനുസ്മരണ പ്രഭാഷണം നടത്തി.
ആശുപത്രി സൂപ്രണ്ടായ ഡോ. ഷെഹ്ന എ. ഖാദർ, ആർ.എം.ഒ ഡോ. നാനം ചെല്ലപ്പൻ, കാൻസർ രജിസ്ട്രി കോ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർമാരായ ഡോ. സുനിത ബാലകൃഷ്ണൻ, ഡോ. ടി.ആർ. സോന റാം, കാൻസർ രജിസ്ട്രി സോഷ്യൽ വർക്കർ ഷിജീന മാത്യു എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.