അർബുദ കാമ്പയിൻ: 4412 പേർക്ക് തുടർപരിശോധന
text_fieldsകോട്ടയം: സ്ത്രീകളിലെ അർബുദം മുൻകൂട്ടി കണ്ടെത്താൻ ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ് നടത്തിയ കാമ്പയിനിൽ ജില്ലയിൽ 4412 പേർക്ക് തുടർപരിശോധനക്ക് നിർദേശം. സ്ക്രീനിങ്ങിൽ സംശയം തോന്നിയവർക്കാണ് വിശദപരിശോധന. അർബുദ പ്രതിരോധത്തിനും ചികിത്സക്കുമായി സംസ്ഥാന ആരോഗ്യവകുപ്പ് നടത്തുന്ന ‘ആരോഗ്യം ആനന്ദം’ കാമ്പയിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് അർബുദം സംശയിക്കുന്നവരെ കണ്ടെത്തിയത്. ജില്ലയിൽ ഇതുവരെ 18,065 പേരാണ് സ്ക്രീനിങ്ങിന് വിധേയരായത്. ഇതിൽ 4412 പേർക്കാണ് തുടർപരിശോധനക്ക് നിർദേശം നൽകിയത്.
പരിശോധനയിൽ സ്തനാർബുദം സംശയിക്കുന്ന 696 പേരെയാണ് കണ്ടെത്തിയത്. ഗർഭാശയഗള അർബുദം -3514, ഓറൽ -202 എന്നിവയൊണ് മറ്റുള്ളവർ. പരിശോധന നടത്താൻ നിർദേശിച്ചവർക്കെല്ലാം രോഗം സ്ഥിരീകരിക്കണമെന്നില്ലെന്നും സംശയത്തിന്റെ അടിസ്ഥാനത്തിലാണ് തുടർനടപടി നിർദേശിച്ചതെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.
ആരോഗ്യവകുപ്പ് അർബുദ പ്രതിരോധവും ചികിത്സയും ലക്ഷ്യമിട്ടാണ് ‘ആരോഗ്യം ആനന്ദം-അകറ്റാം അർബുദം’ ജനകീയ കാമ്പയിൻ നടത്തുന്നത്. 30 മുതൽ 65 വയസ്സുവരെയുള്ള സ്ത്രീകളിൽ സ്തനാർബുദം, ഗർഭാശയഗ കാൻസർ എന്നിവ കണ്ടെത്താനാണ് സ്ക്രീനിങ് നടത്തുന്നത്.
വേഗത്തിൽ രോഗം കണ്ടെത്തിയാൽ ഭേദമാക്കാൻ കഴിയുമെന്നതിനൊപ്പം ചികിത്സാചെലവും വലിയതോതിൽ കുറക്കാൻ കഴിയും. രോഗമില്ലെന്ന് ഉറപ്പിക്കാനും ഇതിലൂടെ കഴിയും. ലോക കാൻസർ ദിനമായ ഫെബ്രുവരി നാലിനാണ് സർക്കാർ ആശുപത്രികൾ കേന്ദ്രീകരിച്ച് കാമ്പയിന് തുടക്കമായത്. അന്താരാഷ്ട്ര വനിതദിനമായ മാർച്ച് എട്ടുവരെ പ്രത്യേക പരിശോധന തുടരും.
ഇനിയും പരിശോധന നടത്താനുള്ളവർ അടുത്തുള്ള സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ എത്തണമെന്ന് അധികൃതർ അറിയിച്ചു. രോഗം നേരത്തേ കണ്ടെത്തി ചികിത്സിച്ചാൽ പൂർണമായും സുഖപ്പെടുത്താവുന്നതായതിനാൽ സ്ത്രീകൾ പരിശോധനക്ക് സ്വയംസന്നദ്ധരാകണമെന്നും ഇവർ അറിയിച്ചു. എല്ലായിടങ്ങളിലും ഇതിനായി പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ഒ.പി ടിക്കറ്റ് എടുക്കാതെ എത്താമെന്നും ജില്ല ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.