500 പഞ്ചായത്ത് പിന്നിട്ട് പഠനം; മൂന്ന് ലക്ഷം പേരിൽ അർബുദ പരിശോധന
text_fieldsതൊടുപുഴ: ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ അഞ്ച് മാസമായി സംസ്ഥാനത്ത് നടത്തിവരുന്ന ജീവിതശൈലി രോഗനിർണയ സർവേ 500 പഞ്ചായത്ത് പിന്നിട്ടു. 536 പഞ്ചായത്തിൽ സർവേ പൂർത്തിയായപ്പോൾ മൂന്ന് ലക്ഷത്തിലധികം പേർക്കാണ് അർബുദ പരിശോധന നിർദേശിച്ചത്. ഇവരിൽ കൂടുതലും സ്ത്രീകളാണ്.
ആരോഗ്യ പ്രവർത്തകർ വീടുകൾ കയറിയിറങ്ങി 30 വയസ്സിന് മുകളിലുള്ളവർക്കിടയിലാണ് ജീവിതശൈലി രോഗങ്ങൾ സംബന്ധിച്ച സർവേ നടത്തുന്നത്. സംസ്ഥാനത്ത് 30 കഴിഞ്ഞവരുടെ ജനസംഖ്യ 1,69,91,816 ആണ്. നവംബർ 26 വരെയുള്ള കണക്ക് പ്രകാരം 536 പഞ്ചായത്തിലായി 46,82,467 പേർ സർവേയിൽ പങ്കെടുത്തു. ഇവരിൽ അർബുദ സാധ്യത സംശയിക്കുന്ന 3,01,927 പേർക്ക് പ്രാഥമിക പരിശോധന നിർദേശിച്ചു. 2,53,973 പേർക്ക് സ്തനാർബുദത്തിനും 39,632 പേർക്ക് ഗർഭാശയ അർബുദത്തിനും 15,153 പേർക്ക് വായിലെ അർബുദത്തിനുമാണ് പരിശോധന. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ആദ്യഘട്ട പരിശോധനക്ക് ശേഷം ആവശ്യമെന്ന് കാണുന്നവർക്ക് താലൂക്ക് ആശുപത്രികളിലോ ജനറൽ ആശുപത്രികളിലോ രോഗനിർണയം നടത്തുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ അർബുദം സ്ഥിരീകരിച്ചവർ എല്ലാ ജില്ലയിലുമുണ്ട്. ഇവർക്ക് സർക്കാർ ആശുപത്രികൾ വഴി ചികിത്സയും ആരംഭിച്ചു.
രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം രജിസ്റ്റർ ചെയ്യാൻ ഇ-ഹെൽത്ത് പദ്ധതിക്ക് കീഴിൽ പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ തയാറാക്കാനും നടപടി തുടങ്ങി. 10,41,499 പേരെ സർവേക്ക് വിധേയരാക്കിയ മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർക്ക് അർബുദ പരിശോധന നിർദേശിച്ചത്: 68,431. കോഴിക്കോട് 45,815, കോട്ടയം 32,569, കാസർകോട് 31,289, വയനാട് 23,331, തിരുവനന്തപുരം 16,802, കണ്ണൂർ 16,158, തൃശൂർ 12,347, പാലക്കാട് 12,060, കൊല്ലം 10,338, എറണാകുളം 10,292, പത്തനംതിട്ട 9967, ആലപ്പുഴ 8657, ഇടുക്കി 3801 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്ക്. ശേഷിക്കുന്ന നാനൂറോളം പഞ്ചായത്തിൽ ഫെബ്രുവരി 15നകം സർവേ പൂർത്തിയാക്കി പഠന റിപ്പോർട്ടിന്റെ സമഗ്ര വിശകലനത്തിലേക്ക് കടക്കാനാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്. അർബുദം പോലുള്ള മാരക രോഗങ്ങൾ മുൻകൂട്ടി കണ്ടെത്തി തടയാൻ 'അൽപം ശ്രദ്ധ ആരോഗ്യം ഉറപ്പ്' പേരിലുള്ള കാമ്പയിൻ സഹായിക്കുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.