അർബുദരോഗികൾക്ക് സന്തോഷ വാർത്ത; മരുന്ന് പരീക്ഷണത്തിൽ 18 രോഗികൾക്ക് അസുഖം ഭേദമായതായി റിപ്പോർട്ട്
text_fieldsഅർബുദരോഗികൾക്ക് ഏറെ ആശ്വാസം പകരുന്ന വാർത്തയുമായി യു.എസിൽ നിന്നുള്ള മരുന്ന് പരീക്ഷണ ഫലം. മലാശയ അർബുദം ബാധിച്ച 18 പേരിൽ നടത്തിയ മരുന്ന് പരീക്ഷണത്തിന് പിന്നാലെ എല്ലാവരുടെയും രോഗം പൂർണമായും അപ്രത്യക്ഷമായതായി 'ന്യൂയോർക് ടൈംസ്' പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. അതിശയകരമായ ഫലമെന്നാണ് ഗവേഷകർ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.
അർബുദ ചികിത്സക്കുള്ള മരുന്ന് വികസിപ്പിക്കുന്നതിന്‍റെ ഭാഗമായി ഒരു ചെറുസംഘത്തെ ഉപയോഗിച്ചുള്ള പരീക്ഷണമായിരുന്നു നടന്നത്. മലാശയ അർബുദ ബാധിതരായ 18 രോഗികൾക്ക് പരീക്ഷണത്തിന്‍റെ ഭാഗമായി ഡോസ്റ്റാർലിമാബ് എന്ന മരുന്നാണ് നൽകിയത്. മനുഷ്യശരീരത്തിലെ ആന്‍റിബോഡികൾക്ക് പകരമായി പ്രവർത്തിക്കുന്ന തന്മാത്രകൾ ഉൾപ്പെടുന്ന മരുന്നാണ് ഇത്. എല്ലാ രോഗികൾക്കും ഒരേ അളവിൽ മരുന്ന് നൽകി നിരീക്ഷിച്ച ശേഷം പിന്നീട് ഇവരിൽ അർബുദത്തിന്‍റെ അടയാളം പോലും അവശേഷിച്ചില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. നേരിട്ടുള്ള പരിശോധനയിലോ എൻഡോസ്കോപ്പിയിലോ എം.ആർ.ഐ സ്കാനിങ്ങിലോ അർബുദകോശങ്ങളെ കണ്ടെത്താനായില്ല.
അർബുദ ചികിത്സാ ചരിത്രത്തിലെ ആദ്യത്തെ സംഭവമെന്നാണ് ന്യൂയോർകിലെ മെമോറിയൽ സ്ലോൻ കെറ്ററിങ് കാൻസർ സെന്‍ററിലെ ഡോ. ലൂയിസ് എ. ഡയസ് മരുന്ന് പരീക്ഷണത്തെ വിശേഷിപ്പിച്ചത്.
മരുന്ന് പരീക്ഷണത്തിൽ പങ്കെടുത്ത രോഗികൾ മുമ്പ് വിവിധ ചികിത്സകൾ തേടിയവരായിരുന്നു. കീമോതെറാപ്പി, റേഡിയേഷൻ, ശസ്ത്രക്രിയകൾ തുടങ്ങിയ മാർഗങ്ങളാണ് സ്വീകരിച്ചത്. പലർക്കും പല പാർശ്വഫലങ്ങളുണ്ടായിട്ടുമുണ്ട്. പാർശ്വഫലങ്ങൾ പ്രതീക്ഷിച്ചാണ് പരീക്ഷണത്തിൽ പങ്കെടുത്തതെങ്കിലും മറ്റൊരു ചികിത്സയും ആവശ്യമായി വന്നില്ലെന്ന് ഇവർ പറയുന്നു.
അര്‍ബുദ ചികിത്സാ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തിൽ പൂർണമായും അസുഖം ഭേദമാകുന്ന സംഭവം കേള്‍ക്കുന്നതെന്ന് പഠനത്തില്‍ പങ്കാളിയായ കാലിഫോര്‍ണിയ സര്‍വകലാശാല അര്‍ബുദ രോഗ വിദഗ്ദന്‍ ഡോ. അലന്‍ പി. വെനോക്ക് പ്രതികരിച്ചു.
ഡോസ്റ്റർലിമാബ് മരുന്ന് ആറ് മാസമാണ് രോഗികളിൽ പരീക്ഷിച്ചത്. ഓരോ മൂന്നാഴ്ച കൂടുമ്പോഴുമാണ് മരുന്ന് നൽകിയിരുന്നത്. അർബുദത്തിന്‍റെ ഒരേ ഘട്ടത്തിലുള്ള രോഗികളിലായിരുന്നു പരീക്ഷണം. മറ്റ് അവയവങ്ങളിലേക്ക് അർബുദ കോശങ്ങൾ വ്യാപിച്ചിരുന്നില്ല.
ഏറെ പ്രതീക്ഷ നൽകുന്ന പരീക്ഷണ ഫലമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നതെന്നും എന്നാൽ വലിയ തോതിലുള്ള പരീക്ഷണം നടത്തിയ ശേഷം മാത്രമേ മരുന്നിന്‍റെ പൂർണ ഫലപ്രാപ്തി ഉറപ്പിച്ചുപറയാനാകൂവെന്നും ഗവേഷകർ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.