കരുതൽ വേണം, ചിക്കൻപോക്സിനെതിരെ
text_fieldsതൊടുപുഴ: വേനൽ ചൂടിനെ തുടർന്നുള്ള അസ്വസ്ഥതകൾക്കിടെ ജില്ലയിൽ ചിക്കൻ പോക്സ് റിപോർട്ട് ചെയ്യുന്നു. രോഗം കൂടുതലായി കണ്ടെത്തുന്ന സാഹചര്യത്തിൽ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. യഥാസമയം ചികിത്സ തേടുകയാണ് ആദ്യം ചെയ്യേണ്ടത്. രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് 10 മുതല്‍ 21 ദിവസം വരെ സമയമെടുത്തേക്കാം. പനി, ക്ഷീണം, ശരീരവേദന, തലവേദന, വിശപ്പില്ലായ്മ, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴു ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ പൊറ്റയാവുകയോ ചെയ്യാം.
ഒരു വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍, ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരൻമാർ, ദീര്‍ഘകാലമായി ശ്വാസംമുട്ട്, ത്വഗ്രോഗങ്ങള്‍ ഉള്ളവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവര്‍ക്ക് ചിക്കന്‍പോക്സ് പിടിപെട്ടാല്‍ ഗുരുതരമാകാനുള്ള സാധ്യതയുണ്ട്. രോഗബാധിതര്‍ വായുസഞ്ചാരമുള്ള മുറിയില്‍ പരിപൂര്‍ണ വിശ്രമം എടുക്കണം, ധാരാളം വെള്ളം കുടിക്കണം. പഴവര്‍ഗങ്ങള്‍ കഴിക്കാം. മറ്റുള്ളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കണം. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റു വസ്തുക്കളും മറ്റുള്ളവരുമായി പങ്കിടതെ ബ്ലീച്ചിങ് ലായനി ഒഴിച്ച് വൃത്തിയാക്കുക. ചൊറിച്ചിലിന് കലാമിന് ലോഷന്‍ ഉപയോഗിക്കുക.
കുഞ്ഞുങ്ങളുടെ ശരീരം മൃദുവായ തുണികൊണ്ട് ഒപ്പിയെടുക്കുക. മുതിര്‍ന്നവര്‍ക്ക് ചൊറിച്ചില്‍ കുറക്കാന്‍ സാധാരണ വെള്ളത്തില്‍ കുളിക്കാം. കൈകളിലെ നഖംവെട്ടി വൃത്തിയായി സൂക്ഷിക്കണം. കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണം. സ്ഥിരമായി ഉപയോഗിച്ച് കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും നിര്‍ത്തരുതെന്നും ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.