ജലജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത വേണം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന ചൂട് തുടരുന്ന സാഹചര്യത്തിൽ ജലജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് മന്ത്രി വീണാ ജോർജ്. ശുദ്ധജല ലഭ്യത കുറവായതിനാൽ രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. വയറിളക്ക രോഗങ്ങൾ നിർജലീകരണത്തിനും ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകാം. വയറിളക്ക രോഗങ്ങൾ, മഞ്ഞപ്പിത്തത്തിന് കാരണമാകുന്ന ഹെപ്പറ്റൈറ്റിസ്-എ, ഹെപ്പറ്റൈറ്റിസ് ഇ, കോളറ, ടൈഫോയ്ഡ്, ഷിഗല്ല തുടങ്ങിയ അസുഖങ്ങളുണ്ടാകാൻ സാധ്യതയുണ്ട്. ഉയർന്ന ചൂട് കാരണം ദാഹം തോന്നിയില്ലെങ്കിലും വെളളം കുടിക്കണം.
ചൂട് കാലത്ത് ഭക്ഷണം പെട്ടന്ന് കേടാകാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കണം. ഭക്ഷ്യസുരക്ഷ വകുപ്പ് ശക്തമായ നടപടി സ്വീകരിക്കുന്നുണ്ട്. രുചിയിലോ മണത്തിലോ സംശയമുള്ള ഭക്ഷണങ്ങൾ കഴിക്കരുത്. കുടിക്കുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പാക്കണം. തിളപ്പിച്ചാറിയ വെള്ളം കുടിക്കണം. പുറത്ത് പോകുമ്പോൾ തിളപ്പിച്ചാറിയ വെള്ളം കരുതാം. ഭക്ഷണപാനീയങ്ങളിൽ ഈച്ച ഇരിക്കാതെ സൂക്ഷിക്കണം. കിണറുകളും കുടിവെള്ള സ്രോതസ്സുംകളും ക്ലോറിനേറ്റ് ചെയ്യണം. മലിനജലം കലർന്നാൽ സൂപ്പർ ക്ലോറിനേഷൻ നടത്തണം.
കുട്ടികൾക്ക് വയറിളക്ക രോഗങ്ങളുണ്ടായാൽ വളരെ ശ്രദ്ധിക്കണം. നിർജലീകരണം ഉണ്ടാകാതിരിക്കാൻ ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം, ഒ.ആർ.എസ് എന്നിവ ഇടക്കിടെ നൽകണം. വയറിളക്ക രോഗമുള്ളപ്പോൾ ഒ.ആർ.എസിനൊപ്പം ഡോക്ടറുടെ നിർദേശാനുസരണം സിങ്കും നൽകണം. വയറിളക്കം കുറഞ്ഞില്ലെങ്കിൽ എത്രയുംവേഗം വൈദ്യ സഹായം തേടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.