കളിക്കിടയിൽ പരിക്ക് ശ്രദ്ധിക്കണം
text_fieldsവേഗമേറിയ കായിക ഇനങ്ങളിൽ പങ്കെടുക്കുന്ന സ്പോർട്സ് താരങ്ങൾ ഒരിക്കലെങ്കിലും അനുഭവിച്ചിട്ടുള്ളതാണ് കാൽമുട്ടിലെ ലിഗ്മെന്റുകൾക്ക് പരിക്കേൽക്കുന്ന അവസ്ഥ. ശരീരത്തിന്റെ മറ്റ് സന്ധികളിലും ലിഗ്മെന്റ് സംബന്ധമായ പ്രശ്നങ്ങൾ സംഭവിക്കാറുണ്ടെങ്കിലും കാൽമുട്ടുകളിലെ ലിഗ്മെന്റിലാണ് സാധാരണഗതിയിൽ പരിക്കുകൾ സംഭവിക്കുന്നത്.
സ്പോർട്സ് ഇനങ്ങൾ പരിശീലിക്കുന്നവരിലാണ് കൂടുതലായും ലിഗ്മെന്റ് പരിക്കുകൾ കണ്ടുവരുന്നത്, പലതരത്തിലുള്ള അപകടങ്ങൾ സംഭവിക്കുന്നതുമൂലവും ലിഗ്മെന്റുകൾക്ക് പരിക്കേൽക്കാം. ശരീരചലനത്തിൽ കാൽമുട്ടുകളുടെ ധർമം ഏറ്റവും നിർണായകമായതിനാൽതന്നെ ഈ ഭാഗത്തെ ലിഗ്മെന്റുകൾക്ക് സംഭവിക്കുന്ന പരിക്കുകൾ വളരെ പെട്ടെന്നുതന്നെ ചികിത്സിച്ച് ഭേദമാക്കേണ്ടതുണ്ട്.
കാൽമുട്ടുകളുടെ പ്രവർത്തനം സുഗമമായി നടക്കുന്നതിന് ലിഗ്മെന്റുകൾ അത്യന്താപേക്ഷിതമാണ്. കാൽമുട്ടിനകത്തും പുറത്തുമായുള്ള വിവിധ ലിഗ്മെന്റുകളുടെയും പേശികളുടെയും പ്രവർത്തന ഫലമായാണ് കുഴതെറ്റാതെ കാലുകളുടെ ചലനം കൃത്യമായി നടക്കുന്നത്.
മുട്ടിലെ അസ്ഥികൾ മുന്നിലേക്കും പിന്നിലേക്കും തെന്നുന്നത് തടയുന്ന ക്രൂശിയേറ്റ് ലിഗ്മെന്റുകൾ, ഇരുവശങ്ങളിലേക്ക് മുട്ട് തെന്നുന്നത് തടയുന്ന കൊളാറ്ററൽ ലിഗ്മെന്റുകൾ എന്നിവയെല്ലാം കാൽമുട്ട് സന്ധിയുടെ പ്രവർത്തനത്തിന് അനിവാര്യമാണ്.
ലക്ഷണങ്ങൾ
ലിഗ്മെന്റിന് പരിക്ക് സംഭവിച്ചാൽ കടുത്ത വേദന അനുഭവപ്പെടുന്നതാണ് ആദ്യ ലക്ഷണം. കൂടാതെ, ഇവിടെ നീരുവെക്കുന്നതും സാധാരണമാണ്. നടക്കുന്ന സമയങ്ങളിലും പടികൾ കയറുന്നതിനുമെല്ലാം പ്രയാസമനുഭവപ്പെടും. ചിലരിൽ ലിഗ്മെന്റ് തെന്നിയശേഷം ഉടൻതന്നെ സ്വാഭാവികരീതിയിലേക്ക് തിരിച്ചുവരുകയും വളരെ പെട്ടെന്ന് വേദന കുറയുകയും ചെയ്യും. എന്നാൽ, ചെറിയ പരിക്കുകൾ പലപ്പോഴും അവഗണിക്കുന്നതിനാൽ പിന്നീട് സന്ധിയിൽ തേയ്മാനം, തുടർച്ചയായ വേദന എന്നിവക്ക് കാരണമാകും.
ചികിത്സ
പെട്ടെന്ന് പരിക്ക് സംഭവിക്കുകയും അസഹ്യ വേദന അനുഭവപ്പെടുകയും ചെയ്യുന്ന സാഹചര്യങ്ങളിൽ കാൽമുട്ടിന്റെ ഭാഗത്ത് ഐസ് വെക്കുന്നത് ഗുണം ചെയ്യും. ശേഷം ഉടൻതന്നെ വിദഗ്ധ ഡോക്ടറെ സമീപിക്കേണ്ടതുണ്ട്. ക്ലിനിക്കൽ പരിശോധനയിലൂടെ ലിഗ്മെന്റ് പരിക്ക് എത്രത്തോളം സംഭവിച്ചിട്ടുണ്ടെന്നും ഏതു തരമാണെന്നും കണ്ടെത്തിയശേഷം ഡോക്ടർ നിർദേശിക്കുന്ന ചികിത്സാരീതി പിന്തുടരേണ്ടതുണ്ട്. ചെറിയ പരിക്കുകൾ മാത്രമാണെങ്കിൽ കൃത്യമായ മരുന്നുകൾകൊണ്ടുതന്നെ ഇത് പരിഹരിക്കാവുന്നതാണ്. മരുന്നുകൾക്കൊപ്പം ഫിസിയോതെറപ്പി പോലുള്ളവ പരിശീലിക്കുന്നതും നല്ലതാണ്.
എന്നാൽ, പരിക്കുകൾ സാരമാണെങ്കിൽ വിശദമായ പരിശോധന ആവശ്യമാണ്. എക്സ്റേ, എം.ആർ.ഐ, സി.ടി സ്കാൻ, അൾട്രാസൗണ്ട് തുടങ്ങിയ പരിശോധനകളിലൂടെ പരിക്കുകൾ കൃത്യമായി മനസ്സിലാക്കാൻ സാധിക്കും. ഗുരുതര രീതിയിൽ ലിഗ്മെന്റിന് പരിക്ക് സംഭവിച്ചിട്ടുണ്ടെങ്കിൽ ശസ്ത്രക്രിയ ആവശ്യമായി വരും. ഇല്ലെങ്കിൽ ഭാവിയിൽ കാൽമുട്ട് വലിയ തോതിൽ ഇളകുന്നതിനും നിരന്തരമായ വേദനക്കും വഴിവെക്കും.
കാൽമുട്ട് സന്ധിക്കുള്ളിലെ ലിഗ്മെന്റിന് പരിക്ക് സംഭവിക്കുകയാണെങ്കിൽ ഫിസിയോതെറപ്പി പോലുള്ളവയിലൂടെ പരിഹരിക്കാൻ സാധിക്കും. എന്നാൽ, മരുന്ന്, ഫിസിയോതെറപ്പി തുടങ്ങിയവയിലൂടെ ലിഗ്മെന്റ് പരിക്കുകൾ പരിഹരിച്ചവരിൽ വീണ്ടും പരിക്കേൽക്കുന്ന സാഹചര്യമുണ്ടാകുമ്പോൾ വേദന അനുഭവപ്പെടും.
കാൽമുട്ടിലെ പേശികളുടെ ആരോഗ്യം മികച്ചതാണെങ്കിൽ ലിഗ്മെന്റ് പരിക്കുകൾ ഒരു പരിധിവരെ കുറക്കാൻ സാധിക്കും. ചില പ്രത്യേക രോഗാവസ്ഥയിലൂടെ കടന്നുപോകുന്നവരിൽ ലിഗ്മെന്റ് ബലക്ഷയം സംഭവിക്കുകയും പരിക്കേൽക്കുന്നതിനുള്ള സാധ്യത കൂടുകയും ചെയ്യും.
വാതസംബന്ധമായ അസുഖങ്ങൾ, പ്രമേഹം എന്നിവക്ക് മരുന്ന് കഴിക്കുന്നവർ, ജന്മനാ ലിഗ്മെന്റ് ബലക്ഷയമുള്ളവർ, സ്റ്റിറോയ്ഡ് മരുന്നുകൾ പതിവായി കഴിക്കുന്നവർ തുടങ്ങിയവരിൽ ലിഗ്മെന്റ് പരിക്കുകൾ സംഭവിക്കാൻ സാധ്യത വളരെ കൂടുതലാണ്. ഇത്തരം ആളുകൾ കായിക ഇനങ്ങളിൽ പങ്കെടുക്കുമ്പോൾ പ്രത്യേക ശ്രദ്ധ നൽകുന്നത് ഗുണംചെയ്യും.
ലിഗ്മെന്റുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ പ്രോട്ടീൻ, വിറ്റമിൻ ഡി, സി തുടങ്ങിയവ ധാരാളമായി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ലതാണ്. ആവശ്യത്തിന് പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് കൊളാജൻ ഉൽപാദനം വർധിപ്പിക്കുന്നതിനും ഇതുവഴി ലിഗ്മെന്റ് ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സാധിക്കും.
ടർഫിലെത്തുമ്പോൾ
ടർഫ് പോലുള്ള ഇടങ്ങളിൽ കായിക ഇനങ്ങളിൽ മുൻപരിചയമില്ലാത്തവർ അശാസ്ത്രീയമായ രീതിയിൽ കളികളിൽ ഏർപ്പെടുന്ന പ്രവണത വർധിച്ചുവരുന്നുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം ഇടങ്ങളിൽനിന്ന് ലിഗ്മെന്റുകൾക്ക് പരിക്ക് സംഭവിച്ച് ചികിത്സക്കെത്തുന്നവർ ധാരാളമാണ്.
കൃത്യമായ മുൻകരുതലും പരിശീലനവുമില്ലാതെ കായിക ഇനങ്ങളിൽ ഏർപ്പെടുന്ന മധ്യവയസ്സിന് മുകളിലുള്ളവരാണ് ഇക്കൂട്ടത്തിൽ ഏറെയും. ശരിയായി വാംഅപ് ചെയ്തശേഷം മാത്രം കായിക ഇനങ്ങളിൽ ഏർപ്പെടുന്നത് ഒരുപരിധി വരെ പരിക്കേൽക്കാതിരിക്കാൻ സഹായിക്കും. അനുയോജ്യമായ പാദരക്ഷകൾ ഉപയോഗിക്കാനും ശ്രദ്ധിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.