Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightസ്ട്രോ​ക്കി​നെ...

സ്ട്രോ​ക്കി​നെ സൂക്ഷിക്കണം

text_fields
bookmark_border
സ്ട്രോ​ക്കി​നെ സൂക്ഷിക്കണം
cancel


ഉ​യ​ര്‍ന്ന കൊ​ള​സ്ട്രോ​ൾ, അ​മി​ത​ ര​ക്ത​സ​മ്മ​ര്‍ദം, പ്ര​മേ​ഹം, അ​മി​ത​വ​ണ്ണം, ലഹരി-പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗം, മ​ദ്യ​പാ​നം, മാ​ന​സി​ക പി​രി​മു​റു​ക്കം,
ഹൃ​ദ്രോ​ഗ​ങ്ങ​ള്‍, വ്യാ​യാ​മ​ക്കു​റ​വ് എന്നിവക്കു പുറമെ ചി​ല പാ​ര​മ്പ​ര്യ ഘ​ട​ക​ങ്ങ​ളും പ​ക്ഷാ​ഘാ​തത്തിന് കാരണങ്ങളാണ്


നിമിഷങ്ങള്‍ക്കുള്ളില്‍ ജീവന്‍തന്നെ അപകടത്തിലാകാവുന്ന രോഗാവസ്ഥയാണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം. രാജ്യത്ത് മരണകാരണമാകുന്ന രോഗങ്ങളില്‍ നാലാമതും സ്ഥിരമായ അംഗവൈകല്യത്തിന് കാരണമാകുന്ന അസുഖങ്ങളില്‍ അഞ്ചാം സ്ഥാനത്തുമാണിത്. തലച്ചോറിലേക്കുള്ള രക്തക്കുഴലില്‍ രക്തം കട്ടപിടിക്കുന്നതുമൂലമോ രക്തക്കുഴല്‍ പൊട്ടുന്നതിനാലോ തലച്ചോറിലേക്കുള്ള രക്തയോട്ടം നിലക്കുകയും ഈ ഭാഗത്തിന്‍റെ പ്രവര്‍ത്തനം തകരാറിലാവുകയും ചെയ്യുന്ന അവസ്ഥ. രക്തയോട്ടം നിലക്കുന്നതോടെ കോശങ്ങള്‍ നശിക്കുകവഴി കുറഞ്ഞ സമയത്തിനകംതന്നെ മസ്തിഷ്കത്തിന്റെ പ്രവര്‍ത്തനം തകരാറിലാകും.

സാധാരണ മൂന്നു തരത്തിലാണ് സ്ട്രോക്ക് കണ്ടുവരുന്നത്. രക്തക്കുഴലിനുള്ളില്‍ രക്തം കട്ടപിടിക്കുന്നതുമൂലം മസ്തിഷ്കത്തിലേക്കുള്ള രക്തയോട്ടം നിലച്ച് സ്ട്രോക്ക് സംഭവിക്കാം. ഇത് ഇസ്കീമിക് സ്ട്രോക്ക് എന്നറിയപ്പെടുന്നു. അതേസമയം, ഉയര്‍ന്ന രക്തസമ്മർദം, രക്തക്കുഴലുകളിലെ വീക്കം എന്നിവ കാരണം മസ്തിഷ്കത്തിലെ രക്തക്കുഴല്‍ പൊട്ടി രക്തസ്രാവം സംഭവിച്ച് ഉണ്ടാകുന്നതാണ് ഹെമറേജിക് സ്ട്രോക്ക്. എന്നാല്‍, ശരീരത്തിലെ മറ്റേതെങ്കിലും ഭാഗത്ത് രക്തം കട്ടപിടിക്കുന്നതുവഴി തലച്ചോറിലേക്കുള്ള രക്തപ്രവാഹം ഭാഗികമായി തടസ്സപ്പെടുന്ന അവസ്ഥയാണ്‌ എംബോളിക് സ്ട്രോക്ക്. ഇസ്കീമിക് സ്ട്രോക്കാണ് കൂടുതല്‍ പേരിലും കണ്ടുവരുന്നത്.

പ്രധാന കാരണങ്ങള്‍

രക്തത്തിലെ കൊളസ്ട്രോളിന്റെ ഉയര്‍ന്ന അളവ്, അമിത രക്തസമ്മര്‍ദം, ഉയര്‍ന്ന പ്രമേഹം, അമിതവണ്ണം, ലഹരി-പുകയില ഉൽപന്നങ്ങളുടെ ഉപയോഗം, മദ്യപാനം, മാനസിക പിരിമുറുക്കം, ഹൃദ്രോഗങ്ങള്‍, വ്യായാമക്കുറവ്. ഇതിന് പുറമെ ചില പാരമ്പര്യ ഘടകങ്ങളും ഇതിലേക്ക് നയിക്കാം.

ലക്ഷണങ്ങള്‍

സ്ട്രോക്ക് സാധ്യതയുള്ളവരില്‍ സ്ട്രോക്ക് സംഭവിക്കുന്നതിന് മുമ്പായി ചില ലക്ഷണങ്ങള്‍ പ്രകടമാകാറുണ്ട്. മുഖം ഒരു വശത്തേക്ക് കോടിേപ്പാകുന്നത് പ്രധാന ലക്ഷണമാണ്. കൃത്യമായ രീതിയില്‍ കൈകള്‍ ഉയര്‍ത്താന്‍ സാധിക്കാത്തത് മറ്റൊരു ലക്ഷണമാണ്, കൈകള്‍ ഉയര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ബലക്കുറവുമൂലം കൈകള്‍ താഴേക്ക് പതിക്കുന്ന അവസ്ഥ ഉടന്‍തന്നെ സ്ട്രോക്ക് ചികിത്സ തേടേണ്ടതിന്റെ പ്രധാന സൂചനയാണ്. കൂടാതെ കൃത്യമായി സംസാരിക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നുണ്ടെങ്കിലും പ്രത്യേകം ശ്രദ്ധിക്കണം. വാക്കുകള്‍ കൃത്യമായി ഉച്ചരിക്കാന്‍ സാധിക്കാതെ സംസാരം അവ്യക്തമാകുന്നുവെങ്കില്‍ ഉടന്‍തന്നെ വൈദ്യ സഹായം തേടണം.

സമയത്തിന് ജീവന്‍റെ വില

സ്ട്രോക്ക് ചികിത്സയില്‍ ഏറ്റവും പ്രധാനം സമയമാണ്, സ്ട്രോക്ക് ലക്ഷണങ്ങള്‍ പ്രകടമാവുകയോ സ്ട്രോക്ക് സംഭവിക്കുകയോ ചെയ്‌താല്‍ ആദ്യ നാലര മണിക്കൂറിനുള്ളില്‍തന്നെ ചികിത്സ ഉറപ്പാക്കാന്‍ സാധിച്ചാല്‍ പൂര്‍ണമായോ ഭാഗികമായോ ചികിത്സിച്ച് ഭേദമാക്കാനാകും. കഴിയുന്നത്ര വേഗത്തില്‍ മികച്ച ചികിത്സ ലഭ്യമാക്കിയാല്‍ സ്ട്രോക്കിന്‍റെ ഗുരുതര പ്രശ്നങ്ങളില്‍നിന്ന് രക്ഷ നേടാന്‍ സാധിക്കും. ലക്ഷണങ്ങള്‍ പ്രകടമായി തുടങ്ങുമ്പോള്‍തന്നെ മികച്ച ചികിത്സ ഉറപ്പാക്കിയാല്‍ ഗുരുതരാവസ്ഥ മറികടക്കാം.

ചികിത്സ നിര്‍ണായകം

പ്രധാനമായും മൂന്നു തരത്തിലുള്ള ചികിത്സയാണ് ഇസ്കീമിക് സ്ട്രോക്ക് സംഭവിച്ചവര്‍ക്ക് നല്‍കാറുള്ളത്. സ്ട്രോക്ക് സംഭവിച്ച ഭാഗം, സ്ട്രോക്കിന്റെ തീവ്രത, സ്ട്രോക്ക് സംഭവിച്ച ശേഷം ആശുപത്രിയിലെത്തിക്കാന്‍ എടുത്ത സമയം (വിന്‍ഡോ പിരീഡ്), മറ്റ് അനുബന്ധ പ്രശ്നങ്ങള്‍ എന്നിവ വിലയിരുത്തിയാണ് ചികിത്സരീതി നിശ്ചയിക്കുന്നത്. രക്തക്കുഴല്‍ അടഞ്ഞിരിക്കുന്ന അവസ്ഥ മാറ്റി തലച്ചോറിലേക്കുള്ള രക്തപ്രവാഹം സുഗമമാക്കാന്‍ സഹായിക്കുന്ന ചികിത്സ രീതികളാണ് ഈ ഘട്ടത്തില്‍ സ്വീകരിക്കുന്നത്. ഇസ്കീമിക് സ്ട്രോക്ക് സംഭവിച്ചവര്‍ രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകള്‍ ജീവിതകാലം മുഴുവന്‍ കഴിക്കേണ്ടതുണ്ട്.

സ്ട്രോക്ക് സംഭവിച്ചവര്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങളാണ് കൈകാലുകളുടെ തളര്‍ച്ചയും ആശയവിനിമയത്തില്‍ ഉണ്ടാകുന്ന തകരാറുകളും. തലച്ചോറിന്‍റെ ഇടതുവശത്ത് സ്ട്രോക്ക് സംഭവിക്കുന്നവരിലാണ് കൂടുതലായും സംസാര-ആശയവിനിമയ ശേഷി തകരാറിലാകുന്നത്. ഭാഷയില്‍ ഉണ്ടാകുന്ന പ്രയാസങ്ങളെ 'അഫേസിയ' എന്നും സംസാരത്തിന് സഹായിക്കുന്ന വായിലെയും തൊണ്ടയിലെയും മസിലുകളുടെ ബലക്കുറവ് മൂലമുണ്ടാകുന്ന സംസാരവൈകല്യത്തെ ഡിസാര്‍ത്രിയ എന്നും പറയുന്നു. ഭക്ഷണം, വെള്ളം തുടങ്ങിയവ ഇറക്കാന്‍ പ്രയാസപ്പെടുന്ന അവസ്ഥയാണ് ഡിസ്ഫേജിയ. ഈ അവസ്ഥക്ക് കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കില്‍ ആസ്പിരേഷന്‍ ന്യൂമോണിയ എന്ന അവസ്ഥയിലേക്ക് നയിക്കും. ശ്വാസനാളത്തിലേക്ക് വായുവിനുപകരം മറ്റെന്തെങ്കിലും പദാർഥങ്ങള്‍ (ഭക്ഷണ പദാർഥങ്ങള്‍, ഉമിനീര്‍, ദ്രാവകം, വിഷവസ്തുക്കള്‍) എത്തുന്നതുവഴി ശ്വാസകോശത്തിന് അണുബാധയുണ്ടാകുന്ന ഗുരുതരാവസ്ഥയാണിത്‌.

ഫിസിയോതെറപ്പി ഗുണം ചെയ്യും

സ്ട്രോക്ക് സംഭവിച്ചവരെ സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തിക്കുന്നതിന് ന്യൂറോളജിസ്റ്റ്, ന്യൂറോ സര്‍ജൻ, ഫിസിയോതെറപ്പിസ്റ്റ്, സ്പീച്ച് തെറപ്പിസ്റ്റ്, ഒക്കുപ്പേഷനല്‍ തെറപ്പിസ്റ്റ്, സോഷ്യല്‍ വര്‍ക്കര്‍, സൈക്കോളജിസ്റ്റ് എന്നിവരുടെ നേതൃത്വത്തില്‍ കൃത്യമായ പരിചരണം അനിവാര്യമാണ്. തുടര്‍ച്ചയായ കിടപ്പുമൂലം രോഗിയുടെ പുറം ഭാഗം പൊട്ടുന്നതിനുള്ള സാധ്യത വളരെക്കൂടുതലാണ്. അതിനാല്‍ ദിവസം മൂന്നോ നാലോ തവണയെങ്കിലും രോഗിയെ പല രീതിയില്‍ കിടത്താന്‍ ശ്രദ്ധിക്കണം. നെഞ്ചിലെ കഫം പുറംതള്ളുന്നതിനുള്ള ചെസ്റ്റ് ഫിസിയോതെറപ്പി ഗുണം ചെയ്യും.

ഭക്ഷണവും നിയന്ത്രിക്കാം

സ്ട്രോക്ക് സംഭവിച്ചവരില്‍ ഭക്ഷണത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരണം. ധാന്യങ്ങള്‍, പരിപ്പ് വർഗങ്ങള്‍, ചിക്കന്‍, പാടനീക്കിയ പാല്‍, മുട്ട, മുട്ടവെള്ള, കൊഴുപ്പ് കുറഞ്ഞ തൈര്, മീന്‍, ഗോതമ്പ് ബ്രെഡ്‌, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ കഴിക്കാം. എന്നാല്‍, എണ്ണയില്‍ വറുത്തെടുത്ത ഭക്ഷണങ്ങള്‍, മൈദ ഉൽപന്നങ്ങള്‍ (ബേക്കറി ഉള്‍പ്പെടെ), മയോനൈസ്, മധുരം കൂടിയ ഭക്ഷണം, ശീതളപാനീയം, ബീഫ്, പോര്‍ക്ക്, മട്ടന്‍, ഫാസ്റ്റ് ഫുഡ് ഇനത്തിലുള്ള ഭക്ഷണങ്ങള്‍ എന്നിവ പൂര്‍ണമായും ഒഴിവാക്കണം.



ഡോ. ബിനീഷ്

MBBS, MD,DM (NIMHANS), കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ്


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:healthstrokeCare
News Summary - Care should be taken with the stroke
Next Story