തിമിര ശസ്ത്രക്രിയ: 110ാം വയസ്സിൽ കാഴ്ച വീണ്ടെടുത്തു
text_fieldsമഞ്ചേരി: തിമിര ശസ്ത്രക്രിയയിലൂടെ 110ാം വയസ്സിൽ കാഴ്ച വീണ്ടെടുക്കാൻ സഹായിച്ച് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ്. വണ്ടൂര്‍ സ്വദേശി രവിക്കാണ് മെഡിക്കല്‍ കോളജിലെ നേത്രരോഗ വിഭാഗം നടത്തിയ ശസ്ത്രക്രിയയിലൂടെ കാഴ്ച തിരികെ ലഭിച്ചത്. മികച്ച ചികിത്സ നല്കി കാഴ്ചയുടെ ലോകത്തെത്തിച്ച മെഡിക്കല്‍ കോളജിലെ ടീമംഗങ്ങളെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. രോഗിയെ ഈ പ്രായത്തിലും ശസ്ത്രക്രിയ നടത്തി വിജയിപ്പിച്ച ഡോക്ടര്‍മാര്‍ മാതൃകയാണ്. ഇത്രയും ആത്മവിശ്വാസമുള്ള രവി എല്ലാവര്ക്കും പ്രചോദനമാണെന്നും മന്ത്രി പറഞ്ഞു.
ഇരുകണ്ണിലും യുവിയൈറ്റിസും തിമിരവും ബാധിച്ച് പൂര്‍ണമായി കാഴ്ച നഷ്ടമായ അവസ്ഥയിലാണ് ഇദ്ദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് നേത്രരോഗ വിഭാഗത്തില്‍ ചികിത്സ തേടിയെത്തിയത്. പ്രായവും മറ്റ് അസുഖങ്ങളും ശസ്ത്രക്രിയക്ക് വെല്ലുവിളിയായിരുന്നു. നേത്രരോഗ വിഭാഗം മേധാവി ഡോ. രജനിയുടെ നേതൃത്വത്തില്‍ ഇരുകണ്ണിെൻറയും തിമിര ശസ്ത്രക്രിയ ഒരേ ദിവസം നടത്തി. നേത്രരോഗ വിഭാഗം അസിസ്റ്റൻറ് പ്രഫസര്‍ ഡോ. പി.എസ്. രേഖ, അനസ്തേഷ്യ വിഭാഗം മേധാവി ഡോ. വീണ ദത്ത്, അനസ്തേഷ്യ വിഭാഗം അസിസ്റ്റൻറ് പ്രഫ. ഷുഹൈബ് അബൂബക്കര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
പ്രമേഹരോഗികളില്‍ കാണുന്ന റെനോപതിക്കായുള്ള ഒ.സി.ടി സ്കാന്‍, ലേസര്‍ ചികിത്സ എന്നിവ കൂടാതെ കോങ്കണ്ണ്, പോളകളുടെ ബലക്കുറവ് മൂലം ഉണ്ടാകുന്ന ടോസിസ്, തിമിരത്തിന് കുത്തിവെപ്പില്ലാതെയുള്ള താക്കോല്‍ദ്വാര ശസ്ത്രക്രിയ എന്നിവ മെഡിക്കല്‍ കോളജ് നേത്രരോഗ വിഭാഗത്തില്‍ വിജയകരമായി നടത്തിവരുന്നുണ്ട്. ഈ വിഭാഗത്തില്‍ ബിരുദാനന്തര ബിരുദ കോഴ്സിലെ സീറ്റുകള്‍ക്ക് മെഡിക്കല്‍ കൗണ്‍സിൽ അംഗീകാരം ലഭിച്ചത് മറ്റൊരു നേട്ടമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.