66 കുട്ടികളുടെ മരണ കാരണമെന്ന് സംശയം; ഇന്ത്യയിലെ നാല് കഫ്സിറപ്പുകളെ കുറിച്ച് മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന
text_fieldsന്യൂഡൽഹി: 66 കുട്ടികളുടെ മരണത്തിനു കാരണമെന്ന് സംശയിക്കുന്നതായി ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് ഹരിയാന ആസ്ഥാനമായുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനി നിർമിച്ച നാല് കഫ്സിറപ്പുകൾ സംബന്ധിച്ച് സർക്കാർ അന്വേഷണം തുടങ്ങി.
ഗാംബിയയിലെ 66 കുട്ടികളുടെ മരണവുമായി നാല് കഫ്സിറപ്പുകൾക്ക് ബന്ധമുണ്ടെന്ന് ലോകാരോഗ്യ സംഘടന ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
ഹരിയാനയിലെ സോനെപത്തിലെ എം/എസ് മെയ്ഡൻ ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡിന്റെ കഫ് സിറപ്പുകളാണ് അന്വേഷണ പരിധിയിലുള്ളത്. ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് അനുസരിച്ച്, പ്രോമെതസൈൻ ഓറൽ സൊല്യൂഷൻ, കോഫെക്‌സ്മാലിൻ ബേബി കഫ് സിറപ്പ്, മാകോഫ് ബേബി കഫ് സിറപ്പ്, മാഗ്രിപ്പ് എൻ കോൾഡ് സിറപ്പ് എന്നിവയാണ് നാല് ഉൽപ്പന്നങ്ങൾ.
ഇതുവരെ, ഈ ഉൽപ്പന്നങ്ങളുടെ സുരക്ഷയും ഗുണനിലവാരവും സംബന്ധിച്ച് കമ്പനി ലോകാരോഗ്യ സംഘടനക്ക് ഉറപ്പ് നൽകിയിട്ടില്ല. എന്നാൽ ഇവയുടെ സാമ്പിളുകൾ പരിശോധിച്ചപ്പോൾ അമിതമായ അളവിൽ ഡൈഎത്തിലീൻ ഗ്ലൈക്കോളും എഥിലീൻ ഗ്ലൈക്കോളും അടങ്ങിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ഈ പദാർഥങ്ങൾ വിഷാംശമുള്ളതും മാരകമായേക്കാവുന്നതുമാണ്. വയറുവേദന, ഛർദ്ദി, വയറിളക്കം, മൂത്രമൊഴിക്കാനുള്ള കഴിവില്ലായ്മ, തലവേദന, അസ്ഥിരമായ മാനസികാവസ്ഥ, മരണത്തിലേക്ക് നയിച്ചേക്കാവുന്ന വൃക്ക തകരാറുകൾ എന്നിവ ഉണ്ടാക്കിയേക്കാം.
നാല് കഫ്സിറപ്പുകൾ കുട്ടികളിൽ ഗുരുതര വൃക്കരോഗങ്ങൾക്കിടയാക്കുകയും അത് മരണത്തിലേക്ക് നയിക്കുകയും ചെയ്തുവെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സംഭവത്തിൽ സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ ഉടൻ ഹരിയാന റെഗുലേറ്ററി അതോറിറ്റിയെ സമീപിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.
കമ്പനി ഈ ഉൽപ്പന്നങ്ങൾ ഗാംബിയയിലേക്ക് മാത്രമാണ് കയറ്റുമതി ചെയ്തതെന്നാണ് പ്രാഥമിക വിവരം. അതേസമയം, ആരോപണങ്ങളോട് പ്രതികരിക്കാൻ കമ്പനി ഇതുവരെ തയ്യാറായിട്ടില്ല.
സിറപ്പുകൾ പശ്ചിമാഫ്രിക്കക്ക് പുറത്തും വിതരണം ചെയ്തിരിക്കാമെന്നും ആഗോളതലത്തിൽ എത്തപ്പെടാനുള്ള സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.
അതേസമയം, മരണത്തിന്റെ കൃത്യമായ ഒരു കാരണമായ ഇതുവരെ ലോകാരോഗ്യ സംഘടന നൽകിയിട്ടില്ലെന്ന് ആരോായ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഉൽപ്പന്നങ്ങളുടെ നിർമ്മാതാവിനെ സ്ഥിരീകരിക്കുന്ന വിശദാംശങ്ങളും ഫോട്ടോകളും ലോകാരോഗ്യ സംഘടന പങ്കുവെച്ചിട്ടില്ല. ഈ മരണങ്ങൾ എപ്പോൾ സംഭവിച്ചുവെന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങളും ലോകാരോഗ്യ സംഘടന നൽകിയിട്ടില്ലെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.