ഗർഭാശയഗള അർബുദം പ്രതിരോധം: പണമില്ല, പ്രഖ്യാപനത്തിലൊതുങ്ങി എച്ച്.പി.വി വാക്സിനേഷൻ പദ്ധതി
text_fieldsതിരുവനന്തപുരം: സ്ത്രീകളിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്ന സെർവിക്കൽ കാൻസർ അഥവാ ഗർഭാശയഗള അർബുദം പ്രതിരോധിക്കാൻ പെൺകുട്ടികൾക്ക് ഹ്യൂമൺ പാപ്പിലോമ വൈറസ് (എച്ച്.പി.വി) വാക്സിനേഷൻ സൗജന്യമായി നൽകാനുള്ള പദ്ധതി സാമ്പത്തിക പ്രതിസന്ധിയിൽ കുരുങ്ങി തുടങ്ങാനായില്ല. വിദ്യാഭ്യാസ, തദ്ദേശ വകുപ്പുകളുടെ സഹകരണത്തോടെ ഹയർസെക്കൻഡറി ക്ലാസുകളിലെ പെൺകുട്ടികൾക്ക് സൗജന്യമായി കുത്തിവെപ്പ് നൽകാൻ കഴിഞ്ഞ ഫെബ്രുവരിയിലാണ് ആരോഗ്യ വകുപ്പ് ഉത്തവിറക്കിയത്.
ആരോഗ്യവകുപ്പിന്റെയും നാഷനൽ ഹെൽത്ത് മിഷന്റെയും (എൻ.എച്ച്.എം) ഫണ്ട് ഉപയോഗിച്ച് പദ്ധതി ആരംഭിക്കാനായിരുന്നു തീരുമാനം. ആദ്യഘട്ടത്തിൽ ആലപ്പുഴ, വയനാട് ജില്ലകളിൽ വാക്സിൻ നൽകാനാണ് ലക്ഷ്യമിട്ടത്. ഇതിനു മാത്രം നാലു കോടി രൂപ വേണം. എന്നാൽ, എൻ.എച്ച്.എം ഫണ്ട് കേന്ദ്രത്തിൽനിന്ന് മുടങ്ങിയതോടെ ജീവനക്കാർക്ക് ശമ്പളം പോലും കിട്ടാത്ത സ്ഥിതിയാണ്. വാക്സിനും മറ്റു സൗകര്യങ്ങൾക്കുമായി ശരാശരി 300 രൂപ ഒരാൾക്ക് ചെലവാകുമെന്നാണ് കണക്കുകൂട്ടൽ.
പരീക്ഷണാടിസ്ഥാനത്തിൽ രണ്ടു ജില്ല പൂർത്തിയായാൽ ഉടൻ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കണം. ഇല്ലെങ്കിൽ വ്യാപക പരാതികൾക്ക് വഴിവെക്കും. അതിനാൽ ഫണ്ട് ഉറപ്പായശേഷം പദ്ധതി ആരംഭിച്ചാൽ മതിയെന്നാണ് തീരുമാനം. കേന്ദ്രസർക്കാർ സൗജന്യ വാക്സിനേഷൻ പട്ടികയിൽ എച്ച്.പി.വി വാക്സിൻ ഉൾപ്പെടുത്തുമെന്ന പ്രതീക്ഷയും ആരോഗ്യ വകുപ്പിനുണ്ട്.
അങ്ങനെയെങ്കിൽ സൗജന്യമായി വാക്സിൻ ലഭിക്കും. അതിനാൽ പദ്ധതിയുമായി സാവധാനം മുന്നോട്ടുപോയാൽ മതിയെന്ന അഭിപ്രായവും ശക്തമാണ്. പദ്ധതി സംസ്ഥാനത്ത് പൂർണമായി നടപ്പാക്കാൻ 13 കോടി വേണ്ടിവരും. പ്ലസ് വൺ, പ്ലസ്ടു ക്ലാസുകളിലായി ഏതാണ്ട് 4,34,768 പെൺകുട്ടികളാണുള്ളത്. ശരാശരി 300 രൂപ വീതം ചെലവായാൽ 13 കോടി രൂപ സർക്കാർ കണ്ടെത്തണം.
മൂന്ന് ഡോസ് ആണ് ഈ കുത്തിവെപ്പ്. ആദ്യഡോസ് എടുത്ത് രണ്ടാം മാസം രണ്ടാം ഡോസും അതിനു ശേഷം നാലാം മാസം മൂന്നാം ഡോസും എടുക്കണം. വിദേശരാജ്യങ്ങളിൽ ഒമ്പതു വയസ്സുമുതൽ ഈ വാക്സിൻ നൽകുന്നുണ്ട്. സ്ത്രീകളിൽ മാത്രമല്ല അർബുദം പ്രതിരോധിക്കാൻ പുരുഷന്മാരിലും എച്ച്.പി.വി വാക്സിൻ ഫലപ്രദമെന്ന പഠനങ്ങളും വന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.