ഗർഭാശയമുഖ അർബുദത്തിന് പ്രതിരോധ വാക്സിൻ വരുന്നു
text_fieldsന്യൂഡൽഹി: ഗർഭാശയമുഖ അർബുദത്തിനെതിരായ വാക്സിൻ ദേശീയ പ്രതിരോധ കുത്തിവെപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് നാഷനൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ് ഓൺ ഇമ്യൂണൈസേഷൻ (എൻ.ടി.എ.ജി.ഐ). 2023 പകുതിയോടെ 9-14 പ്രായപരിധിയിലുള്ള പെൺകുട്ടികൾക്കാണ് തദ്ദേശീയമായി വികസിപ്പിച്ച ഹ്യൂമൺ പാപ്പിലോമ വൈറസ് (എച്ച്.പി.വി) വാക്സിൻ നൽകുകയെന്ന് എൻ.ടി.എ.ജി.ഐ ചെയർപേഴ്സൻ ഡോ. എൻ.കെ. അറോറ അറിയിച്ചു.
2023 മാർച്ചോടെ സെറം ഇൻസ്റ്റിറ്റ്യൂട്ട് സെർവവാക് വാക്സിൻ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിപണിയിൽ ലഭ്യമായ അന്താരാഷ്ട്ര വാക്സിനുകളേക്കാൾ കുറഞ്ഞ വിലയിൽ ഇന്ത്യൻ വാക്സിൻ ലഭ്യമാകും. ഡി.ജി.ജി.ഐ അനുമതി വാക്സിന് ലഭ്യമായിട്ടുണ്ട്. സർക്കാർ ഉപദേശക സമിതിയായ എൻ.ടി.എ.ജി.ഐയും പൊതുജനാരോഗ്യ പദ്ധതിയിൽ ഉൾപ്പെടുത്താൻ അനുമതി നൽകിയിട്ടുണ്ട്.
നിലവിൽ മൂന്ന് കമ്പനികളാണ് എച്ച്.പി.വി വാക്സിൻ വിൽക്കുന്നത്. 4000 രൂപക്ക് മുകളിലാണ് വില. ഒരു ഡോസിന് 200-400 രൂപക്ക് എച്ച്.പി.വി വാക്സിൻ ലഭ്യമാക്കുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അഡാർ പൂനാവാല പറഞ്ഞു. ഇന്ത്യയിൽ പ്രതിവർഷം 80,000 സ്ത്രീകളിൽ ഗർഭാശയമുഖ അർബുദം സ്ഥിരീകരിക്കുകയും 35,000 പേർ മരിക്കുകയും ചെയ്യുന്നതായാണ് കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.