Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightമാറുന്ന മലയാളിജീവിതവും...

മാറുന്ന മലയാളിജീവിതവും കരള്‍ ആരോഗ്യവും

text_fields
bookmark_border
മാറുന്ന മലയാളിജീവിതവും കരള്‍ ആരോഗ്യവും
cancel

ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം ലോകത്ത് മരണകാരണമായ രോഗങ്ങളില്‍ പത്താം സ്ഥാനത്താണ് കരള്‍രോഗം. എന്താണ് കേരളത്തില്‍ കരളിന് അനാരോഗ്യം ഇത്രയധികം വരാനുള്ള സാഹചര്യം? ഫാസ്​റ്റ്​ ഫുഡുകളുടെ അമിത ഉപയോഗവും വർധിച്ച മദ്യ ഉപയോഗവും ശാരീരികാധ്വാനം ഇല്ലായ്മയും കേരളത്തെ ഒരു വലിയ ആരോഗ്യ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്.

പൊണ്ണത്തടി, പ്രമേഹം, രക്താതിസമ്മര്‍ദം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ തുടങ്ങിയ ജീവിതശൈലി പ്രശ്‌നങ്ങള്‍ ഫാറ്റിലിവര്‍ എന്ന രോഗം ഉണ്ടാക്കുന്നു. തിരുവനന്തപുരത്ത് നടത്തിയ പഠനത്തില്‍ 49 ശതമാനം ആളുകള്‍ക്കും ഫാറ്റിലിവര്‍ കണ്ടെത്തി. കണ്ണൂരിലാകട്ടെ, അമിതവണ്ണമുള്ള കുട്ടികളില്‍ 60 ശതമാനത്തിനും ഫാറ്റിലിവര്‍ ഉണ്ടത്രെ!

മദ്യപാനം മൂലമായാലും ജീവിതശൈലി കേന്ദ്രീകൃതമായാലും ഫാറ്റിലിവർ ചെന്നെത്തുക കരള്‍സിറോസിസിലും കരള്‍ കാന്‍സറിലും ആണ്. ഇതുമൂലം കഴിഞ്ഞ ഒരു ദശകത്തിലധികമായി കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ, കരള്‍കാൻസറിനു വേണ്ട മറ്റു ചികിത്സകള്‍ എന്നിവ കേരളത്തില്‍ ക്രമാതീതമായി പെരുകിയിട്ടുണ്ട്. എന്നാല്‍, ഈ പറഞ്ഞ ചികിത്സരീതികള്‍ കടുത്ത സാമ്പത്തിക ചെലവുകളും വരുത്തിവെക്കുന്നു.

നോണ്‍ ആല്‍ക്കഹോളിക് ഫാറ്റിലിവര്‍ ഡിസീസ്​

നോൺ ആല്‍ക്കഹോളിക് ഫാറ്റിലിവര്‍ ഡിസീസസ് (എൻ.എ.എഫ്​.എൽ.ഡി) പലപ്പോഴും പ്രമേഹം, രക്തസമ്മർദം, കൊളസ്‌ട്രോള്‍ തുടങ്ങിയ രോഗങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്നു. കഴിക്കുന്ന ഭക്ഷണ ഊർജം വിവിധ തരത്തിലുള്ള ശാരീരികാധ്വാനത്തിലൂടെ കത്തിച്ചുകളഞ്ഞില്ലെങ്കില്‍ ഈ ഊർജം കൊഴുപ്പായി രൂപാന്തരപ്പെട്ട് കരളില്‍ അടിയുന്നു.

ക്രമവിരുദ്ധമായ ജീവിതശൈലി ഏറ്റവുമധികം ബാധിക്കുന്നത് കരളിനെയാണ്. ഫാറ്റിലിവറില്‍ തുടങ്ങി, നിശ്ശബ്​ദമായി വീക്കം, വടുക്കള്‍ എന്നിവ അവസാനം ചെന്നെത്തുക കരള്‍ സിറോസിസിലും കരൾ കാൻസറിലുമാണ്. പത്തോ മുപ്പതോ വര്‍ഷം വരെയെടുക്കും ഘട്ടംഘട്ടമായുള്ള കരള്‍ നശീകരണ പ്രക്രിയ. നിശ്ശബ്​ദമായാണ് ഈ പ്രക്രിയ നടക്കുന്നതും. രോഗിയുടെ തിരിച്ചറിവിലേക്ക് ഈ രോഗം എത്തുന്നത് തിരിച്ചുവരാന്‍ പറ്റുന്ന ഘട്ടത്തിന് അപ്പുറം എത്തിയ ശേഷമോ, ഒരുവേള അന്തിമ ഘട്ടത്തിലോ ആവാം. അതുകൊണ്ടുതന്നെ, സാധാരണനിലയിൽ തന്നെ ഇതു കണ്ടെത്തുന്നതിന് ഏറെ പ്രാധാന്യമുണ്ട്​.

ആല്‍ക്കഹോള്‍ ലിവര്‍ ഡിസീസ് (എ.എൽ.ഡി)

മദ്യപാനം മൂലമുണ്ടാകുന്ന കരള്‍ തകരാറുകളുടെ രോഗാവസ്ഥയാണ് ആല്‍ക്കഹോള്‍ ലിവര്‍ ഡിസീസ് (എ.എൽ.ഡി). കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുകയും കരള്‍ കോശങ്ങള്‍ വീര്‍ക്കുകയും തുടര്‍ന്ന് ആരോഗ്യമില്ലാത്ത കരള്‍കോശങ്ങൾ വടുക്കളായി തീരുകയും ചെയ്യുന്നു.

എ.എൽ.ഡി മൂന്ന് ഘട്ടങ്ങളായി സംഭവിക്കുന്നു

1. ആൽക്കഹോളിക്​ ഫാറ്റി ലിവറി​െൻറ ആദ്യഘട്ടം: പത്തുവര്‍ഷമോ കൂടുതലോ നീണ്ടുനില്‍ക്കുന്ന ഒന്നാണ് ഫാറ്റിലിവര്‍. മദ്യപാനം നിര്‍ത്തിയാല്‍ കരള്‍ പഴയപടി ആരോഗ്യമുള്ളതായി മാറും.

2. ആൽക്കഹോളിക് ഹെപ്പറ്റൈറ്റിസ്: കരള്‍ വീക്കം സംഭവിക്കുന്ന രണ്ടാം ഘട്ടം. ഉയര്‍ന്ന മരണനിരക്ക് രേഖപ്പെടുത്തിയ ഘട്ടമാണിത്. ഗുരുതരപരിചരണം ആവശ്യമായ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന അവസ്ഥയാണ് ആൽക്കഹോളിക് ഹെപ്പറ്റൈറ്റിസ്.

3. ആല്‍ക്കഹോളിക് ലിവര്‍ സിറോസിസ്: കരളില്‍ വീക്കം പുരോഗമിക്കുമ്പോള്‍, കാലക്രമേണ കരളില്‍ വടുക്കള്‍ അടിഞ്ഞുകൂടുകയും കരളി​െൻറ ഘടനയെത്തന്നെ മാറ്റുകയും കരളില്‍ മര്‍ദം വര്‍ധിക്കുകയും ചെയ്യുന്നു (പോര്‍ട്ടല്‍ ഹൈപർ ടെന്‍ഷന്‍). ഇത് ഒടുവിൽ അടിവയറ്റില്‍ നീര്‍കെട്ടുന്നതിനും കാലുകളില്‍ നീരുവന്നു വീര്‍ക്കുന്നതിനും കാരണമാകുന്നു.

അന്നനാളത്തിലെയും ആമാശയത്തിലെയും സിരകളിലുണ്ടാകുന്ന രക്തസ്രാവം, മസ്തിഷ്‌കപ്രശ്‌നം (ഹെപ്പാറ്റിക്​ എന്‍സെഫലോപ്പതി), പേശികളുടെ വലുപ്പം കുറയുന്നത് എന്നിവയും ഇതി​െൻറ ഫലമായുണ്ടാകും. കരൾ സമ്മർദം വര്‍ധിപ്പിക്കുന്നതുകൊണ്ട് ഹൃദയം, ശ്വാസകോശം, വൃക്ക എന്നിവയില്‍ പലതരം മാറ്റങ്ങളുണ്ടാകും. കരള്‍ കാന്‍സര്‍ മറ്റൊരു അപകടമാണ്.

കരള്‍രോഗ ചികിത്സയിലെ വെല്ലുവിളി

കരള്‍ സിറോസിസിലേക്ക് ചെന്നെത്തുന്ന പ്രക്രിയ പത്തോ ഇരുപതോ മുപ്പതോ വര്‍ഷമെടുത്താണ് സംഭവിക്കുക; ഈ കാലമത്രയും രോഗിക്ക് പ്രത്യേകിച്ച് ബുദ്ധിമുട്ടുകളൊന്നും ഉണ്ടാകണമെന്നില്ല. ഇങ്ങനെ വര്‍ഷങ്ങളെടുത്ത് സംഭവിക്കുന്ന നിശ്ശബ്​ദ അപചയമാണ് കരള്‍രോഗത്തി​െൻറ പ്രധാന വെല്ലുവിളി.

രോഗിക്ക് പ്രത്യേകിച്ച് ബുദ്ധിമുട്ട് ഇല്ലാത്തതുകൊണ്ട്​ ആശുപത്രിയിലോ ഡോക്ടര്‍മാരുടെ അടുത്തോ എത്തുന്നില്ല. സ്‌ക്രീനിങ് ടെസ്​റ്റുകള്‍ മുഖേന നേരത്തേ കണ്ടുപിടിക്കാം. എങ്കിലും, ഈ സാധ്യത അധികമാരും ഉപയോഗപ്പെടുത്തുന്നില്ല. രോഗിക്ക് ബുദ്ധിമുട്ടുണ്ടാകുന്ന അവസ്ഥയാകട്ടെ, തീവ്രതയേറിയ രോഗങ്ങളായ കരള്‍ കാന്‍സറും മറ്റുമാണ്; ഇതുവരെ നിശ്ശബ്​ദമായാണ് കരള്‍ക്ഷതം സംഭവിച്ചു​െകാണ്ടിരിക്കുന്നത്. ഇതുതന്നെയാണ് കരള്‍രോഗ ചികിത്സയിലെ പ്രധാന വെല്ലുവിളി.

പോംവഴി എന്ത്?

നിശ്ശബ്​ദ കൊലയാളികളായ കരള്‍രോഗങ്ങൾ ഗുരുതരമാകുന്നതിനു മുമ്പ് കണ്ടെത്തി പൂർണചികിത്സ ഉറപ്പുവരുത്തണം. ആരംഭഘട്ടത്തില്‍ തന്നെ കണ്ടുപിടിക്കാന്‍ കഴിഞ്ഞാല്‍ കരള്‍മാറ്റിവെക്കല്‍ പോലെയുള്ള ഭാരിച്ച ചെലവുള്ള ചികിത്സാരീതികള്‍ വേണ്ടിവരുന്ന അവസ്ഥയിലേക്ക് എത്താതെ നോക്കാം. അവസാനഘട്ട കരള്‍രോഗങ്ങളുടെ ചികിത്സയെ അപേക്ഷിച്ച് മൂല രോഗകാരണം ചികിത്സിക്കുന്നതിന് സാമ്പത്തികചെലവ് വളരെ കുറവാണ്.

പ്രതിരോധമാണ് ചികിത്സയേക്കാളും പ്രധാനം എന്നത് ഫാറ്റിലിവറിനെ സംബന്ധിച്ച് അന്വർഥമാണ്. ജീവിതശൈലി ക്രമപ്പെടുത്തുകയാണ് പ്രധാന ചികിത്സരീതി. അമിതാഹാരം ഒഴിവാക്കി ചിട്ടയായ കായികാധ്വാനത്തിന് സമയം കണ്ടെത്തി, സ്‌കൂള്‍ തലത്തില്‍ തന്നെ തുടങ്ങുന്ന ജീവിതശൈലി ക്രമീകരണം അതി പ്രാധാന്യമര്‍ഹിക്കുന്നു. കുട്ടികളില്‍ കായികാഭ്യാസം ജീവിതചര്യയുടെ ഭാഗമാക്കുക. എത്ര തിരക്കിട്ട ജോലിയായാലും 40 മിനിറ്റ് എയ്‌റോബിക് എക്‌സര്‍സൈസിന് മാറ്റി​െവച്ചേ മതിയാവൂ. വേഗത്തിലുള്ള നടപ്പ്, സൈക്ലിങ്​, ജോഗിങ്​, നീന്തല്‍ ഇവയില്‍ സൗകര്യപ്രദമായവ തെരഞ്ഞെടുക്കാം.

ആഹാരത്തില്‍ അന്നജത്തി​െൻറ അളവ് കുറച്ച്, കൊഴുപ്പ് അമിതമാകാതെ, മാംസ്യം മതിയായ അനുപാതത്തില്‍ ക്രമീകരിക്കാം. സമീകൃതാഹാരത്തി​െൻറ പ്രാധാന്യം തെല്ലൊന്നുമല്ല. ഭക്ഷ്യ കമ്പോളത്തില്‍ ഇന്ന് ലഭ്യമല്ലാത്തതൊന്നുമില്ല. ഷോപ്പിങ്​മാളിൽ നിന്ന് ഭക്ഷ്യവസ്​തുക്കൾ വാങ്ങുമ്പോള്‍ ന്യൂട്രീഷനല്‍ വാല്യൂവിനെപ്പറ്റി ബോധവാന്മാരാവുക. പാക്കേജ് ഇന്‍സെര്‍ട്ട് വായിക്കുന്നത് ശീലമാക്കണം. കൊഴുപ്പ്, അന്നജം, മാംത്സ്യം എന്നിവയുടെ അനുപാതം രേഖപ്പെടുത്തിയിരിക്കും. ഈ ഫുഡ് ഓഡിറ്റിങ്​ പരിശീലനം സ്‌കൂള്‍ തലത്തില്‍ ആരംഭിക്കാവുന്നതേയുള്ളൂ.

(കൊച്ചി അപ്പോളോ അഡ്​ലക്​സ്​ ആശുപത്രിയിലെ ലിവർ&ഡൈജസ്​റ്റിവ്​ കെയർ സീനിയർ കൺസൾട്ടൻറാണ്​ ലേഖകൻ)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:liverliver cirrhosisLiver CancerFatty Liver
News Summary - Changing Malayalee life and liver health
Next Story