മൂന്ന് വയസ്സിന് മുകളിലുള്ളവരിൽ കോവിഡ് വാക്സിന് അംഗീകാരം നൽകി ചൈന
text_fieldsബീജിങ്: മൂന്നിനും 17നും ഇടയിൽ പ്രായമുള്ളവരിൽ കോവിഡ് പ്രതിരോധ വാക്സിനായ കൊറോണവാകിൻെറ അടിയന്തര ഉപയോഗത്തിന് ചൈന അംഗീകാരം നൽകിയതായി സിനോവാക് ചെയർമാൻ യിൻ വീഡോംഗ് പറഞ്ഞു. ചൈനീസ് കമ്പനിയായ സിനോവാകാണ് കൊറോണവാക് നിർമിക്കുന്നത്. അതേസമയം, വാക്സിൻ എന്നുമുതൽ നൽകും, ഏത് പ്രായം മുതൽ നൽകണം എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും വീഡോംഗ് പറഞ്ഞു.
മൂന്നിനും 17നും ഇടയിൽ പ്രായമുള്ള നിരവധി പേരിൽ ഒന്നും രണ്ടും ഘട്ട പരീക്ഷണങ്ങൾ നടത്തുകയുണ്ടായി. മുതിർന്നവരെ പോലെ ഇവരിലും വാക്സിൻ സുരക്ഷിതവും കാര്യക്ഷമവുമാണെന്ന് ഇത് തെളിയിച്ചിട്ടുണ്ടെന്നും വീഡോംഗ് അറിയിച്ചു.
ചൈനയുടെ രണ്ടാമത്തെ കോവിഡ് പ്രതിരോധ വാക്സിനായ കൊറോണവാകിന് ജൂൺ ഒന്നിനാണ് ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയത്. നേരത്തെ, ചൈനയുടെ സിനോഫാർമിന് സമാനമായ അനുമതി ഡബ്ല്യു.എച്ച്.ഒ നൽകിയിരുന്നു.
ചൈനയിൽ വാക്സിനുകൾ നൽകുന്നതിന് പുറമെ വിവിധ രാജ്യങ്ങളിലേക്കും ഈ വാക്സിനുകൾ കയറ്റി അയക്കുന്നുണ്ട്. ഇതുവരെ ചൈനയിലുടനീളം 763 ദശലക്ഷം ഡോസ് കോവിഡ് പ്രതിരോധ വാക്സിൻ നൽകിയിട്ടുണ്ടെന്ന് ചൈനയിലെ ദേശീയ ആരോഗ്യ കമീഷൻ അറിയിച്ചു.
അടിയന്തര ഉപയോഗത്തിനായി ചൈന അഞ്ച് വാക്സിനുകളും അംഗീകരിച്ചിട്ടുണ്ട്. വികസ്വര രാജ്യങ്ങൾക്ക് വാക്സിനുകൾ നൽകാനുള്ള ലോകാരോഗ്യ സംഘടനയുടെ പിന്തുണയുള്ള കോവാക്സ് സംവിധാനത്തിൻെറ ഭാഗമായി ചൈന 10 ദശലക്ഷം വാക്സിൻ ഡോസുകളാണ് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.