കോവിഡിനുമേൽ പൂർണ വിജയം നേടിയെന്ന് ചൈന
text_fieldsബീജിങ്: കോവിഡ് 19 നുമേൽ പൂർണമായി വിജയം നേടിയെന്ന് ചൈന. ചൈനയിലാണ് ലോകത്തെ ഏറ്റവും കുറവ് മരണ നിരക്ക് രേഖപ്പെടുത്തിയതെന്നും പൊളിറ്റ്ബ്യൂറോ അവകാശപ്പെട്ടു. എന്നാൽ ചൈന പുറത്തുവിട്ട കണക്കുകളെ വിദഗ്ധർ ചോദ്യം ചെയ്തു.
ഡിസംബർ അവസാനമാണ് ചൈന സീറോ കോവിഡ് നയം പിൻവലിച്ചത്. തുടർന്ന് 1.4 ബില്യൺ ജനങ്ങൾക്ക് രോഗം ബാധിച്ചിരുന്നു. ഇത് രാജ്യത്തെ ജനസംഖ്യയുടെ 80 ശതമാനത്തോളം വരുമെന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടിരുന്നു.
സീറോ കോവിഡ് നയം പിൻവലിച്ചതിനു പിന്നാലെ ആശുപത്രി വാർഡുകൾ നിറഞ്ഞു കവിഞ്ഞുവെന്നും അതിരൂക്ഷമായ മരണങ്ങൾ നടക്കുന്നുവെന്നുമുള്ള വാർത്തകൾക്കിടയിലും രണ്ടുമാസത്തിനിടെ ചൈനയിൽ 80,000 മരണങ്ങൾ മാത്രമാണ് കോവിഡ് മൂലമെന്ന് രേഖപ്പെടുത്തിയത്.
‘കോവിഡ് 19 നെ പ്രതിരോധിക്കാൻ 2022 നവംബറിൽ തുടങ്ങിയ പ്രയ്തനങ്ങൾക്കൊടുവിൽ ചെറിയ കാലയളവിനുള്ളിൽ ചൈനയിൽ രോഗം വലിയൊരു മാറ്റത്തിന് വഴിവെച്ചു’വെന്ന് പൊളിറ്റ്ബ്യൂറോ അറിയിച്ചു.
മഹാമാരിയെ പൂർണമായി പ്രതിരോധിക്കുന്നതിലും നിയന്ത്രിക്കുന്നതിലും വലിയ നേട്ടമുണ്ടാക്കാനും സാധിച്ചു. എട്ട് ലക്ഷത്തോളം ഗുരുതര രോഗികൾക്കുൾപ്പെടെ 200 മില്യൺ ജനങ്ങൾക്ക് വേണ്ട ചികിത്സ ലഭ്യമാക്കാനും സാധിച്ചിട്ടുണ്ട്. മുതിർന്ന പൗരൻമാർക്കുള്ള വാക്സിനേഷൻ കൂടുതൽ വ്യാപിപ്പിക്കുമെന്നും മരുന്നുൾപ്പെടെയുള്ള സഹായങ്ങൾ എത്തിക്കുന്നത് കൂടുതൽ ശക്തമായി നടപ്പിലാക്കുമെന്നും ചൈന അറിയിച്ചു. എന്നാൽ എത്ര മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.