പുതുവർഷത്തിൽ കോവിഡ് മരണങ്ങളിൽ 80 ശതമാനം കുറവുണ്ടായെന്ന് ചൈന
text_fieldsബെയ്ജിങ്: ചൈനയിലെ പ്രതിദിന കോവിഡ് മരണങ്ങളുടെ എണ്ണം പുതുവർഷത്തിൽ 80 ശതമാനത്തോളം കുറഞ്ഞതായി ചൈന. കോവിഡിന്‍റെ തോത് കുറയാൻ തുടങ്ങിയതിന്‍റെ സൂചനയാണിതെന്ന് അധികൃതർ പറയുന്നു.
സീറോ-കോവിഡ് നയം അവസാനിപ്പിച്ചതിന് പിന്നാലെ ചൈനയിൽ കോവിഡ് തരംഗം ആഞ്ഞടിച്ചിരുന്നു. അധിൃതർ നൽകുന്ന കോവിഡ് മരണങ്ങളുടെ കണക്ക് യഥാർഥ കണക്കിന്‍റെ ഒരു ഭാഗം മാത്രമാണെന്നാണ് അനുമാനം.
ജനുവരി 13നും 19നും ഇടയിൽ 13,000 ത്തോളം ആളുകൾ കോവിഡ് മൂലം മരിച്ചതായി സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. ഒരു മാസത്തിനുള്ളിൽ 60,000ത്തോളം ആളുകളാണ് വൈറസ് ബാധിച്ച് മരിച്ചത്.
എന്നാൽ ഡിസംബർ അവസാനത്തിലും ജനുവരി ആദ്യത്തിലും തരംഗം കുറയാൻ തുടങ്ങിയിട്ടുണ്ടെന്നാണ് സമീപകാല പ്രാദേശിക സർക്കാർ പ്രഖ്യാപനങ്ങളും മാധ്യമ റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്.
തിങ്കളാഴ്ച ആശുപത്രികളിൽ വൈറസ് ബാധിച്ച് മരിച്ചത് 896 പേരാണ്. ജനുവരി നാല് മുതൽ മരണം 79 ശതമാനം കുറഞ്ഞതായി ചൈനയുടെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സി.ഡി.സി) ബുധനാഴ്ച പ്രസ്താവനയിൽ പറഞ്ഞു.
ആശുപത്രികളിലെ ഗുരുതരമായ കേസുകൾ തിങ്കളാഴ്ചയോടെ 36,000 ആയി കുറഞ്ഞു. ഇത് ജനുവരി 5ലെ ഉയർന്ന കണക്കായ 1,28,000 ൽ നിന്ന് 72 ശതമാനം കുറവാണ്.
ചൈനയിലെ ഏറ്റവും വലിയ പൊതു അവധി ദിനമായ ചാന്ദ്ര പുതുവർഷത്തിലാണ് ഈ കണക്കുകൾ പുറത്തുവിട്ടത്. യാത്രകളും ഒത്തുചേരലുകളും വൈറസിൽ പുതിയ വർധനവിന് കാരണമാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.