കോളറ; മാർഗനിർദേശവുമായി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്
text_fieldsബംഗളൂരു: ബംഗളൂരു മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (ബി.എം.ആർ.സി.ഐ) വനിത ഹോസ്റ്റലിലെ വിദ്യാർഥികൾക്ക് കോളറ സ്ഥിരീകരിച്ചതിനാൽ കൂടുതൽ ജാഗ്രതയുമായി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്. ഇതാദ്യമായാണ് സംസ്ഥാനത്തെ മുഴുവൻ മെഡിക്കൽ കോളജുകൾക്കും ഹോസ്റ്റലുകൾക്കുമായി വകുപ്പ് മാർഗനിർദേശങ്ങൾ പുറത്തിറക്കുന്നത്.
മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ ശക്തമായ നടപടികളുണ്ടാവുമെന്നും മുന്നറിയിപ്പ് നൽകി. ഇക്കഴിഞ്ഞ ദിവസം ബി.എം.ആർ.സി.ഐ വനിത ഹോസ്റ്റലിലെ 47 മെഡിക്കൽ വിദ്യാർഥിനികളെ വയറിളക്കവും നിർജലീകരണവുംമൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിൽ രണ്ടുപേർക്ക് കോളറ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് വകുപ്പിന്റെ നടപടി.
മാർഗനിർദേശങ്ങൾ
- മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലെ കോളജ് ഹോസ്റ്റൽ കാന്റീനുകളിൽ ഭക്ഷണം പാചകം ചെയ്യുന്നതിന് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ സർട്ടിഫിക്കറ്റ് നിർബന്ധമാക്കും
- ഹോസ്റ്റൽ കാന്റീനുകളിൽ പാചകം ചെയ്യുന്ന ഭക്ഷണ ചേരുവകൾ ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധിക്കും
- പുതുതായി പാചകവസ്തുക്കൾ ഓരോ തവണ വാങ്ങുമ്പോഴും പരിശോധനക്ക് വിധേയമാക്കിയ ശേഷം മാത്രം ഉപയോഗിക്കുക
- പുറത്തുനിന്നാണ് ഹോസ്റ്റലുകളിലേക്കുള്ള ജലമെത്തിക്കുന്നതെങ്കിൽ നിർബന്ധമായും പരിശോധനക്കു വിധേയമാക്കും
- ഹോസ്റ്റലുകളിലെ ശുചിത്വം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പരിശോധിച്ചുറപ്പിക്കും
- ഹോസ്റ്റലിലെ ഒരു വിദ്യാർഥിക്കെങ്കിലും ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടാൽ മുഴുവൻ വിദ്യാർഥികളുടെയും ആരോഗ്യനില പരിശോധിക്കും
- വിദ്യാർഥികൾ പുറത്തുപോകുന്നതും വരുന്നതും നിരീക്ഷിക്കാൻ ബയോമെട്രിക് സിസ്റ്റം സ്ഥാപിക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.