വഴിക്കടവിൽ കോളറ വ്യാപനം: സംസ്ഥാന തലത്തിൽ മോണിറ്ററിങ്
text_fieldsനിലമ്പൂർ: മലപ്പുറം ജില്ലയുടെ അതിർത്തി പഞ്ചായത്തായ വഴിക്കടവിൽ കോളറ വ്യാപനം വർധിച്ചതോടെ പ്രതിരോധപ്രവർത്തനം ഊർജിതമാക്കി ആരോഗ്യവകുപ്പ്. മോണിറ്ററിങ് സംസ്ഥാന തലത്തിലേക്ക് ഉയർത്തി. തിരുവനന്തപുരത്തുനിന്ന് ആരോഗ്യവകുപ്പിലെ അഡീഷനൽ ഡയറക്ടർ ഡോ. കെ. സക്കീനയുടെ നേതൃത്വത്തിലെത്തിയ വിദഗ്ധസംഘം ചൊവാഴ്ച വഴിക്കടവിലെത്തി പ്രതിരോധപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സ്റ്റേറ്റ് അഷ്വറൻസ് ക്വാളിറ്റി വിഭാഗത്തിലെ ഡോ. ലക്ഷ്മി, സ്റ്റേറ്റ് നോഡൽ ഓഫിസർ നിഖിലേഷ് മേനോൻ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പി.എം. ഫസൽ, മലപ്പുറം ജില്ല പ്രോഗ്രാം ഓഫിസർ ഡോ. അനൂപ്, ജില്ല സർവെയ്ലൻസ് ഓഫിസർ ഡോ. സുബിൻ, ടെക്നീഷ്യൻ സുരേഷ് കുമാർ, വഴിക്കടവ് മെഡിക്കൽ ഓഫിസർ ഡോ. അമീൻ ഫൈസൽ എന്നിവരും പഞ്ചായത്ത് അധികൃതരും സംഘത്തിലുണ്ടായിരുന്നു.
രോഗം സ്ഥിരീകരിക്കപ്പെട്ട ഇടങ്ങളിലും വഴിക്കടവ് ടൗൺ ജലനിധി കിണറും പരിസരങ്ങളും കാരക്കോടൻ പുഴയും സംഘം പരിശോധിച്ചു.
പുഴ മലീമസമാണെന്നാണ് പ്രാഥമിക പരിശോധനഫലം. പഞ്ചായത്തിൽ വിവിധ വകുപ്പുമേധാവികളുടെ യോഗം ചേർന്നശേഷം രോഗം വ്യാപിക്കാതിരിക്കാൻ എന്തൊക്കെ നടപടികളാണ് സ്വീകരിക്കേണ്ടതെന്ന് പ്രാദേശികമായി രൂപവത്കരിച്ച മോണിറ്ററിങ് കമ്മിറ്റിക്ക് നിർദേശം നൽകി. കാരക്കോടൻ പുഴ ഒരാഴ്ചത്തേക്ക് തുടർച്ചയായി ശാസ്ത്രീയമായ രീതിയിൽ ക്ലോറിനേഷൻ ചെയ്യുക, പ്രദേശത്തെ ജലനിധി ഉൾെപ്പടെ കുടിവെള്ള പദ്ധതി കിണറുകളും ജലസ്രോതസ്സുകളും വൃത്തിയാക്കുക, മലിനമായ കിണറുകളിലെ വെള്ളം പമ്പ് ചെയ്ത് ഒഴിവാക്കുക, ഹോട്ടലുകൾ, സമീപവീടുകൾ, ഓടകൾ എന്നിവയിൽനിന്ന് പുഴയിലേക്ക് മലിനജലം ഒഴുക്കുന്നത് കണ്ടെത്തി തടയുക എന്നിവ അടിയന്തരമായി ചെയ്യേണ്ട നിർദേശങ്ങളാണ്. രോഗലക്ഷണം കാണുന്നവരെ ഉടൻ ആശുപത്രിയിലെത്തിക്കാൻ പഞ്ചായത്തിൽ ഒരു ആംബുലൻസ് സജ്ജീകരിച്ചു. ഒരാഴ്ച അതിജാഗ്രത വേണമെന്നും നിർദേശമുണ്ട്.
കഴിഞ്ഞ മൂന്ന് ദിവസത്തിലായി വഴിക്കടവിൽ 12 പേർക്കാണ് കോളറ സ്ഥിരീകരിച്ചത്. ഞായറാഴ്ച രണ്ട്, തിങ്കളാഴ്ച എട്ട്, ചൊവ്വാഴ്ച രണ്ട് എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം. 28 പേർ സമാന രോഗലക്ഷണങ്ങളുമായി വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.