സങ്കീർണ ശസ്ത്രക്രിയയിലൂടെ ഇടുപ്പെല്ല് പൂർണമായി മാറ്റിവെച്ചു; ഗിരിജയുടെ 50 വർഷത്തെ ദുരിതജീവിതത്തിന് അന്ത്യം
text_fieldsപയ്യന്നൂർ: പതിമൂന്നാമത്തെ വയസ്സിൽ വീഴ്ചയിലുണ്ടായ ഗുരുതര പരിക്കു മൂലം വലതുകാലിൽ ഇടുപ്പെല്ലിന് ക്ഷതം സംഭവിച്ച തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിലെ വീട്ടമ്മക്ക് അറുപത്തിമൂന്നാം വയസ്സിൽ വർഷങ്ങൾ നീണ്ട ദുരിതജീവിതത്തിൽനിന്ന് മോചനം. കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽനിന്നാണ് ശസ്ത്രക്രിയയിലൂടെ 50 വർഷം മുമ്പത്തെ പഴയ നില വീണ്ടെടുത്തത്.
വീട്ടുജോലികൾ ചെയ്തു കുടുംബം പോറ്റുന്ന ആറ്റിങ്ങൽകാരിയായ ഗിരിജയാണ് കണ്ണൂർ മെഡിക്കൽ കോളജിലെ അസ്ഥിരോഗവിഭാഗം ഡോക്ടർമാരുടെ വിദഗ്ധചികിത്സ കൊണ്ട് പുതിയ ജീവിതത്തിലേക്ക് നടന്നുകയറിയത്. അസ്ഥിരോഗ വിഭാഗം മേധാവി ഡോ. സുനിൽ, ഡോ. റിയാസ്, ഡോ. അൻസാരി, അനസ്തേഷ്യ വിഭാഗം മേധാവി ഡോ. അജിത് എന്നിവരുടെ നേതൃത്വത്തിലുള്ള ഡോക്ടമാർ, മറ്റ് ഓപറേഷൻ തിയറ്റർ ജീവനക്കാർ എന്നിവരടങ്ങുന്ന ഒരു മെഡിക്കൽ ടീം ഈ മാസം അഞ്ചിനാണ് ഗിരിജയുടെ ഇടുപ്പെല്ല് പൂർണമായും മാറ്റിവെച്ചുകൊണ്ടുള്ള (ടോട്ടൽ ഹിപ് റീപ്ലേസ്മെന്റ്) ശസ്ത്രക്രിയ നടത്തിയത്.
ഫെബ്രുവരി മാസം 28നാണ് സ്വദേശമായ ആറ്റിങ്ങലിൽ നിന്നുവന്ന രോഗിയെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചെറുപ്പത്തിൽ സംഭവിച്ച വീഴ്ചയുടെ ആഘാതത്താൽ വലതുകാലിലെ ഇടുപ്പെല്ലിന് ക്ഷതം വന്ന് ദ്രവിച്ച് തിരിഞ്ഞുപോയ നിലയിലായിരുന്നു രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അവശ്യമായ മറ്റു പരിശോധനകൾക്കുശേഷം കഴിഞ്ഞ അഞ്ചിന് സങ്കീർണമായ ശസ്ത്രക്രിയക്ക് രോഗിയെ വിധേയയാക്കി. ശസ്ത്രക്രിയക്ക് ആവശ്യമുള്ള ഇംപ്ലാന്റ്, മരുന്നുകൾ, ഭക്ഷണം, താമസം എല്ലാം പൂർണമായും സൗജന്യമായാണ് രോഗിക്ക് ലഭ്യമാക്കിയതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. സുദീപ് അറിയിച്ചു.
സ്വകാര്യ ആശുപത്രികളിൽ ശസ്ത്രക്രിയക്കും മറ്റുമായി ഭീമമായ തുക ചെലവ് വരുമ്പോഴാണ് കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒരു രൂപ പോലും ചെലവില്ലാതെ ചികിത്സ ലഭ്യമാക്കിയത്. മൂന്നാഴ്ചത്തെ ആശുപത്രി വാസത്തിനുശേഷം വ്യാഴാഴ്ച വൈകീട്ടോടെ രോഗിയെ മെഡിക്കൽ കോളജ് അധികൃതരുടെ അഭ്യർഥന പ്രകാരം പരിയാരം സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റി സൗജന്യമായി ഏർപ്പെടുത്തിയ ആംബുലൻസിൽ സ്വദേശത്തേക്ക് യാത്രയാക്കി.
കണ്ണൂർ ഗവ. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. സൈറു ഫിലിപ്പ്, സൂപ്രണ്ട് ഡോ. സുദീപ്, ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ഡോക്ടർമാർ എന്നിവരോടുള്ള സ്നേഹവും കടപ്പാടും അറിയിച്ചാണ് രോഗിയും കുടുംബാംഗങ്ങളും നാട്ടിലേക്ക് തിരിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.