'സമ്പൂർണ മാനസികാരോഗ്യം' എല്ലാ പഞ്ചായത്തിലേക്കും
text_fieldsതൊടുപുഴ: സർക്കാറിെൻറ ആർദ്രം പദ്ധതിയുടെ ഭാഗമായി പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ വഴി നടപ്പാക്കുന്ന 'സമ്പൂർണ മാനസികാരോഗ്യം' എല്ലാ പഞ്ചായത്തിലേക്കും വ്യാപിപ്പിക്കുന്നു. നടപ്പാക്കിയ പഞ്ചായത്തുകളിൽ കുട്ടികളുടെയും മുതിർന്നവരുടെയും മാനസികാരോഗ്യ പ്രശ്നങ്ങൾ കണ്ടെത്താനും പരിഹരിക്കാനും പദ്ധതി സഹായകമായെന്ന വിലയിരുത്തലിലാണ് ബാക്കി പഞ്ചായത്തുകളിലേക്ക് കൂടി വ്യാപിപ്പിക്കുന്നത്. കോവിഡ് കാലത്ത് മന്ദഗതിയിലായ പ്രവർത്തനങ്ങൾ നിയന്ത്രണങ്ങൾ നീങ്ങിയതോടെയാണ് ആരോഗ്യവകുപ്പ് ഉൗർജിതമാക്കുന്നത്.
ഒാരോ പഞ്ചായത്തിലും കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് ആശാ വർക്കർമാരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വിവിധ തരം മാനസിക പ്രയാസങ്ങൾ നേരിടുന്നവരുടെ വിവരങ്ങൾ ആശാ വർക്കമാർ വീടുകൾ സന്ദർശിച്ച് ശേഖരിക്കും.
മദ്യപാനം മൂലം കുടുംബത്തിലെ മറ്റ് അംഗങ്ങളും വിവിധ കാരണങ്ങളാൽ കുട്ടികളും നേരിടുന്ന പ്രശ്നങ്ങൾ കണ്ടെത്തും. ഇത്തരക്കാരെ തൊട്ടടുത്ത പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന ക്യാമ്പുകളിൽ എത്തിക്കുകയാണ് അടുത്ത ഘട്ടം. മൂന്ന് ക്യാമ്പുകൾക്ക് ശേഷം ആവശ്യമായവർക്ക് കൗൺസലിങ്ങും ചികിത്സയുമടക്കം ലഭ്യമാക്കുമെന്ന് മാനസികാരോഗ്യ പരിപാടിയുടെ സംസ്ഥാന നോഡൽ ഒാഫിസർ ഡോ. പി.എസ്. കിരൺ പറഞ്ഞു.
കൃത്യമായ തുടർപ്രവർത്തനങ്ങളും ഉറപ്പാക്കും. ഇതിനായി സൈക്യാട്രിക് സോഷ്യൽ വർക്കർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്നിവരെയെല്ലാം ഉൾപ്പെടുത്തി പ്രത്യേക സംഘം രൂപവത്കരിക്കും.
കോവിഡിന് മുമ്പ് 360 പഞ്ചായത്തുകളിൽ പദ്ധതി നടപ്പാക്കിയിരുന്നു. കോവിഡ് കാലത്ത് പ്രവർത്തനം മന്ദഗതിയിലായതോടെ 30 പഞ്ചായത്തുകളിലേ നടപ്പാക്കാനായുള്ളൂ. 390 പഞ്ചായത്തുകളിൽ ആശാ വർക്കർമാർ നടത്തിയ പഠനത്തിൽ പദ്ധതിയുടെ സഹായം ആവശ്യമായ 18000ലധികം പേരെ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. ഇവരിൽ കുട്ടികളും ഉൾപ്പെടുന്നു. പഠനത്തിലെ ബുദ്ധിമുട്ടുകൾ, സ്വഭാവവൈകല്യം എന്നിവയാണ് കുട്ടികളിൽ കണ്ടെത്തിയ പ്രധാന പ്രശ്നങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.