ആശങ്കയായി ഡെങ്കിപ്പനി; 'വ്യക്തിഗത സുരക്ഷയും ഉറവിട നശീകരണവും ഉറപ്പാക്കണം'
text_fieldsകൊച്ചി: ജില്ലയിൽ ഡെങ്കിപ്പനി കേസുകൾ കൂടി വരുന്ന സാഹചര്യത്തിൽ കൊതുകുകടിയിൽനിന്ന് സംരക്ഷണം നേടാൻ വ്യക്തിഗത സുരക്ഷ മാർഗങ്ങൾ സ്വീകരിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു. ഡെങ്കിപ്പനി ബാധിത മേഖലകളിലുള്ളവരും ഈ മേഖലയിൽ ജോലിക്കായും മറ്റും പോകുന്നവരും പ്രത്യേകം ശ്രദ്ധിക്കണം. ഈ വർഷം ഇതുവരെ 1089 സംശയിക്കുന്ന ഡെങ്കിപ്പനി കേസുകളും 382 സ്ഥിരീകരിച്ച കേസുകളും ആറ് സംശയിക്കുന്ന മരണങ്ങളും ഒരു സ്ഥിരീകരിച്ച മരണവുമാണ് റിപ്പോർട്ട് ചെയ്തത്.
മേയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. 514 സംശയിക്കുന്ന കേസുകളും 131 സ്ഥിരീകരിച്ച കേസുകളും കഴിഞ്ഞ മാസമുണ്ട്. ജൂണിൽ 142 സംശയിക്കുന്ന കേസുകളും 62 സ്ഥിരീകരിച്ച കേസുകളും ജില്ലയിൽ കണ്ടെത്തി. തൃക്കാക്കര നഗരസഭ, കൊച്ചി നഗരസഭ പരിധിയിൽ ഉൾപ്പെടുന്ന തമ്മനം, കൂത്തപ്പാടി, കലൂർ, ഇടപ്പള്ളി, പൊന്നുരുന്നി, വെണ്ണല, ചളിക്കവട്ടം എന്നിവിടങ്ങളിലാണ് കൂടുതൽ കേസുകൾ. ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകൾ പകൽ സമയങ്ങളിലാണ് കടിക്കുന്നത് എന്നതിനാൽ മുൻകരുതൽ സ്വീകരിക്കണം.
ഇവ ശ്രദ്ധിക്കാം
ശരീരം മുഴുവൻ മൂടുന്ന വസ്ത്രങ്ങൾ ധരിക്കണം. കൊതുകുനിവാരണ ലേപനങ്ങൾ പുരട്ടുക, കൊതുകുതിരി/ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന റിപ്പലെന്റ്സ് തുടങ്ങിയവ ഉപയോഗിക്കുക. വാതിലുകളും ജനാലകളും കൊതുക് കടക്കാത്തവിധം നെറ്റ് ഉപയോഗിച്ച് സുരക്ഷിതമാക്കുക. പകൽ സമയത്തും കൊതുകുവല ഉപയോഗിക്കുക. വ്യക്തിഗത സുരക്ഷാ മാർഗങ്ങൾ ഉപയോഗിക്കുന്നതോടൊപ്പം ആഴ്ചതോറുമുള്ള ഉറവിട നശീകരണത്തിനും പ്രാധാന്യം നൽകണം. വെള്ളം കെട്ടിക്കിടന്ന് കൊതുക് വളരാനിടയുള്ള എല്ലാ സാഹചര്യങ്ങളും ഇല്ലാതാക്കുക.
ഡെങ്കിപ്പനി പടർത്തുന്ന ഈഡിസ് കൊതുകുകൾ വീടിനകത്തും വീടിനു സമീപവുമാണ് പ്രജനനം നടത്തുന്നത്. മണി പ്ലാന്റ് പോലെയുള്ള അലങ്കാര ചെടികൾ വളർത്തുന്ന വെള്ളം നിറച്ച പാത്രങ്ങൾ, പൂച്ചട്ടികൾ, പൂച്ചട്ടിയുടെ അടിയിലെ ട്രേ, മറ്റു പാഴ്വസ്തുക്കൾ എന്നിവയിൽ വെള്ളം കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കണം. വെള്ളിയാഴ്ചകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ശനിയാഴ്ചകളിൽ ഓഫിസുകളിലും പൊതുസ്ഥലങ്ങളിലും ഞായറാഴ്ചകളിൽ വീടുകളിലും ഉറവിട നശീകരണത്തിനായി ഡ്രൈ ഡേ ആചരിക്കണം.
രോഗലക്ഷണങ്ങൾ
രോഗലക്ഷണങ്ങൾ കാര്യമായി പ്രകടമാക്കാതെയും ഒരു വൈറൽ പനി പോലെയും ഡെങ്കിപ്പനി വന്ന് പോകാം. ചിലപ്പോൾ രോഗം സങ്കീർണമായി രോഗിയുടെ ജീവന് ഭീഷണിയാകുന്ന ഡെങ്കു ഹെമറേജിക് ഫീവർ, ഡെങ്കു ഷോക്ക് സിൻഡ്രോം എന്നീ ഗുരുതരമായ അവസ്ഥ ഉണ്ടാകാം. ഡെങ്കിപ്പനി രണ്ടാമതും പിടിപെട്ടാൽ കൂടുതൽ ഗുരുതരമാകാം. ആദ്യം രോഗം വന്നുപോയത് ചിലപ്പോൾ അറിയണമെന്നില്ല.
അതിനാൽ ഡെങ്കിപ്പനി ഉണ്ടായാൽ രണ്ടാമത് രോഗം വരുന്നതെന്ന രീതിയിൽ തന്നെ അതീവ ശ്രദ്ധ പുലർത്തണം. പനി, ശരീര വേദന, തലവേദന തുടങ്ങിയ രോഗലക്ഷണങ്ങൾ പ്രകടമായാൽ സ്വയം ചികിത്സക്ക് മുതിരാതെ എത്രയും പെട്ടെന്ന് തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടുന്നതിലൂടെ രോഗം ഗുരുതരമാകുന്നത് തടയാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.